IndiaNEWS

സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിയതിന്റെ കാരണം അറിയാമോ ? ഉച്ചക്കഞ്ഞിയുടെ…?!

ൻ്റർ യൂണിഫോം വിവാദം സംസ്ഥാനത്ത് കൊഴുക്കുമ്പോൾ മുൻ തമിഴ്നാട് മുഖ്യമന്ത്രിയായ  കെ.കാമരാജിനെ ഓർക്കാതെ തരമില്ല.
ആറാം ക്ലാസ് വിദ്യാഭ്യാസമാണ് കാമരാജിൻ്റെ യോഗ്യതയെങ്കിലും 1954 മുതൽ 63 വരെ അദ്ദേഹം മദ്രാസ് സംസ്ഥാനത്ത് മൂന്ന് വട്ടം മുഖ്യമന്ത്രിയായിരുന്നു.ഇക്കാലയളവിൽ സംസ്ഥാനത്തെ മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കാനായി അദ്ദേഹം പരമാവധി ശ്രമിച്ചു.
ഒരിക്കൽ മുഖ്യമന്ത്രി കെ. കാമരാജ് തിരുനൽവേലി ജില്ലയിലെ ചേരൻ മഹാദേവി പട്ടണത്തിനടുത്തുള്ള ഒരു റയിൽവേ സ്റ്റേഷനിൽ തീവണ്ടി കാത്തുനിൽക്കുകയായിരുന്നു.അപ്പോഴായിരുന്നു സ്റ്റേഷന് പുറത്ത്  ആടുമേയ്ക്കുന്ന നിരവധി കുട്ടികളെ അദ്ദേഹം കാണുന്നത്.ട്രെയിനിന്റ കാര്യം മറന്ന് അദ്ദേഹം കുശലവുമായി അവർക്കരികിലെത്തി,
” സ്കൂളിൽ പോകാത്തതെന്ത് ” എന്ന് ആരാഞ്ഞു.
“സ്കൂളിൽ പോയാൽ ഞങ്ങൾ ഉച്ചയ്ക്ക് എന്ത് കഴിക്കും”
കുട്ടികൾ പ്രതികരിച്ചു.
ഈ സംഭവമാണ് ഇന്ത്യയിൽ ആദ്യമായി മദ്രാസ് സംസ്ഥാനത്ത് ഉച്ചക്കഞ്ഞി പദ്ധതി രൂപം കൊള്ളാൻ കാരണം. ഉച്ചഭക്ഷണത്തിൻ്റെ സ്വാധീനത്താൽ സ്കൂൾ ദിവസങ്ങളിൽ നേരത്തെ ഉണ്ടായിരുന്നതിൻ്റെ രണ്ട് മടങ്ങ് ഹാജർ നിലയുണ്ടായി.സംസ്ഥാനത്തുടനീളം ഈ പദ്ധതി വിജയമായതോടെ കേന്ദ്രം  പദ്ധതി ഏറ്റെടുത്തു.ഇന്ന് ഇന്ത്യ മുഴുവൻ ഈ പദ്ധതിയുണ്ട്.
സ്കൂളിൽ വരുന്ന കുട്ടികളുമായി പിന്നീട് അദ്ദേഹം പലവട്ടം സംവദിച്ചു.അപ്പോഴാണ് അദ്ദേഹത്തിന് മറ്റൊരു കാര്യം മനസ്സിലായത്.പാവപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകുന്ന കാര്യത്തിൽ ആത്മവിശ്വാസം പോര എന്നത്.
അതിനു കാരണം അവരുടെ വസ്ത്രധാരണമായിരുന്നു.
അങ്ങനെയാണ് സ്കൂൾ യൂണിഫോം എന്ന ആശയം രാജ്യത്ത് ആദ്യമായി മദ്രാസ് സംസ്ഥാനത്ത് പ്രാവർത്തികമായത്.
വിദ്യാർത്ഥികൾക്കിടയിലെ അസമത്വം കുറയ്ക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.കുട്ടികൾക്കിടയിൽ വലിയവർ, ചെറിയവർ എന്ന ഭിന്നത ഉണ്ടാകാതിരിക്കാൻ ഇന്ത്യയിൽ ആദ്യം സ്കൂൾ യൂണിഫോം നടപ്പാക്കിയതിൻ്റെ ക്രഡിറ്റും ഭാരതരത്നം കെ.കാമരാജിനാണ്.
എന്നാൽ ഈ സംഭവം  മദ്രാസിൽ വലിയ കോളിളക്കം സൃഷ്ടിച്ചു.
ജന്മി,അധികാരിമാരുടെ മക്കൾക്കും പാവപ്പെട്ടവൻ്റേയും ജാതിയിൽ താഴ്ന്നവൻ്റേയും മക്കൾക്കും ഒരേ വേഷം എന്നത് ചിലരുടെ ഇടയിൽ കനത്ത എതിർപ്പുകൾക്ക് കാരണമായി.പക്ഷെ കാമരാജിൻ്റെ നിശ്ചയദാർഢ്യത്തിന് മുൻപിൽ ക്രമേണ എതിർപ്പുകൾ അലിഞ്ഞ് ഇല്ലാതായി. മറ്റ് മാർഗ്ഗമില്ലാതെ യാഥാസ്ഥിതികരെല്ലാം ശാന്തരായി.
വിദ്യാർത്ഥികൾക്കിടയിലെ അപകർഷതാബോധം പരമാവധി ഇല്ലാതാക്കാൻ അങ്ങനെ സ്കൂൾ യൂണിഫോമിന് കഴിഞ്ഞുവെന്ന് അർത്ഥം.
അവിടെ നിന്നാണ് നമ്മൾ ഇവിടെ വരെ എത്തിയതെന്ന് ചിലരെങ്കിലും ഓർക്കുന്നത് നന്ന്.

Back to top button
error: