LIFEMovie

കൃഷ്ണന്‍കുട്ടി പണി തുടങ്ങി…പ്രേക്ഷകന്റെ കുറിപ്പ് വൈറലാകുന്നു

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രം ഏപ്രില്‍ 11 ഞായറാഴ്ച രാത്രി 7 മണിക്ക് സീ5 എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയുംസീ കേരളം ചാനലിലൂടെയും വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി റിലീസ് ചെയ്തു.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബില്‍ ട്രെന്റിംഗില്‍ ഒന്നാം സ്ഥാനം കൃഷ്ണന്‍കുട്ടിയും സംഘവും നേടിയിരുന്നു. ചിത്രം ഹൊറര്‍ ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും ലഭിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്റെയും സാനിയ ഇയ്യപ്പന്റെയും ഗംഭീര പ്രകടനമെന്നാണ് ആദ്യ ട്രെയിലറിനെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിവ്യൂ പുറത്തുവന്നിരിക്കുകയാണ്.

” പടം തുടങ്ങി പാതിയെത്തുമ്പോഴും സ്‌ക്രീനില്‍ ആകെ പ്രത്യക്ഷപ്പെടുന്നത് മൂന്ന് കഥാപാത്രങ്ങള്‍ മാത്രം. എന്നിട്ടും തെല്ലും മടുപ്പിക്കാതെ അവര്‍ അരങ്ങില്‍ തങ്ങളുടെ വേഷം മികച്ചതാക്കുന്നു. ചിലപ്പോള്‍ ഭയപ്പെടുത്തുന്നു, തൊട്ടടുത്ത നിമിഷം ചെറു ചിരി നിറയ്ക്കുന്നു. ആ സന്തോഷത്തില്‍ വീണ്ടും സ്‌ക്രീനിലേക്ക് കണ്ണ് വെക്കുമ്പോള്‍ ഇരുട്ടില്‍ തെളിയുന്ന ചെറു നിഴലുകളായി വീണ്ടും ഭയപ്പെടുത്തുന്നു. സംവിധായകനും ഛായാഗ്രഹകനും എഴുത്തുകാരനും അഭിനേതാക്കളും തങ്ങളുടെ ജോലി വൃത്തിയായി ചെയ്തപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് ഇക്കാലഘട്ടത്തിലിറങ്ങിയ ഏറ്റവും മികച്ച സീറ്റ് എഡ്ജ് ത്രില്ലറുകളിലൊന്നാണ്. അതാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’

സൂരജ് ടോം എന്ന സംവിധായകനെ അടുത്തറിയുന്ന കൊണ്ടുതന്നെ ഒരു ഹൊറര്‍-ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് കേട്ടപ്പോള്‍ തെല്ല് അത്ഭുതം തോന്നിയിരുന്നു. അത്രയ്ക്കും ശാന്തനായ ആരോടും മുഖം കറുപ്പിച്ചൊരു വാക്ക് പോലും പറയാത്ത ആരെയും വേദനിപ്പിക്കാത്ത സൂരജേട്ടന്‍ ഒരു ചോരക്കളിക്കിറങ്ങുകയെന്ന് പറഞ്ഞാല്‍ അത് അദ്ദേഹത്തെ അത്രയ്ക്കും ഹുക്ക് ചെയ്ത വിഷയമായിരിക്കുമെന്ന് തീര്‍ച്ചയായിരുന്നു. ഇന്ന് പടം കണ്ട് അവസാനിപ്പിക്കുമ്പോള്‍ ആദ്യം മനസിലേക്ക് വന്ന കാര്യം വാര്‍ധക്യത്തിന്റെ കളിചിരികളൊളിപ്പിച്ച പാപ്പനേയും വര്‍ക്കിയേയും, പ്രണയത്തിന്റെ പുതുഭാഷ്യം രചിച്ച സഞ്ജയ് പോളിനേയും അഞ്ജലിയേയും സൃഷ്ടിച്ച സൂരജ് ടോം എന്ന സംവിധായകന്‍ കൃഷ്ണന്‍കുട്ടിയിലൂടെ ഇതാ തന്റെ കരിയര്‍ ഗ്രാഫ് ഒരുപടി മുകളിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്. സാധാരണ ഹൊറര്‍-ത്രില്ലര്‍ സിനിമകളില്‍ കാണുന്ന പോലെ കെട്ടഴിഞ്ഞ പോക്കല്ല കൃഷ്ണന്‍കുട്ടിയുടേത്. എല്ലായിടത്തും വ്യക്തമായ ഒതുക്കം തുടക്കം മുതല്‍ കാണാം. പേടിപ്പിക്കാന്‍ വേണ്ടി പ്രത്യേക ചേരുവകളൊന്നും ചേര്‍ക്കാതെ കഥയോടൊപ്പം സഞ്ചരിക്കാന്‍ പ്രേക്ഷകനെ പ്രാപ്തനാക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. ആ ഒതുക്കവും അതിര്‍വരമ്പും കൃത്യമായി കണ്ടറിഞ്ഞിടത്താണ് സൂരജ് ടോം എന്ന സംവിധായകന്‍ എന്റെ മനസിലുണ്ടായ ‘ആ’ സംശയത്തെ തുടച്ച് നീക്കിയത്.

പ്രീയപ്പെട്ട സംഗീതസംവിധായകന്‍ തിരക്കഥാകൃത്താവുന്നു എന്ന പ്രത്യേകതയും കൃഷ്ണന്‍കുട്ടിക്കുണ്ട്. സംഗീത സംവിധായകനായി വിസ്മയിപ്പിച്ച ആനന്ദ് മദുസൂദന്റെ ആദ്യ തിരക്കഥാസംരംഭം തെല്ലും മടുപ്പിക്കില്ല. പരിമിതമായ ലൊക്കേഷനില്‍ എണ്ണപ്പെട്ട കഥാപാത്രങ്ങളെ ഉപയോഗിച്ച് മികച്ച രീതിയിലൊരുക്കിയ തിരക്കഥ തന്നെയാണ് കൃഷ്ണന്‍കുട്ടിയുടെ അടിത്തറ. കൃഷ്ണന്‍കുട്ടിയുടെ മൂലകഥയില്‍ ഒരുപാട് പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ആ കഥയെ മികച്ച തിരക്കഥയുടെയും സംഭാഷണങ്ങളുടേയും അകമ്പടിയോടെ അണിയിച്ചൊരുക്കിയതാണ് ആനന്ദ് മധുസൂദനന്‍ എന്ന തിരക്കഥാകൃത്തിന്റെ വിജയം. ഇനിയും മികച്ച തിരക്കഥകളെഴുതാന്‍ താങ്കളുടെ തൂലികയ്ക്ക് സാധിക്കുമെന്നുള്ള കാര്യം തീര്‍ച്ച.

ക്യാമറക്കണ്ണുകളില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു മാന്ത്രികനുണ്ട്. ചെയ്യുന്ന ജോലിയാണ് അദ്ദേഹത്തിന് ദൈവം. ആ ജോലിയില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ പണിയെടുക്കുന്ന ജിത്തു ദാമോദര്‍ എന്ന ഛായാഗ്രഹകനാണ് അടുത്ത കൈയ്യടി. കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകരോടും സഹായികളോടും ഒരു വാക്ക് കൊണ്ടുപോലും വേദനിപ്പിക്കാതെ സംവിധായകന് ആവശ്യമുള്ളത് കൃത്യമായി ഷൂട്ട് ചെയ്യുന്ന ജിത്തുവേട്ടന് കൃഷ്ണന്‍കുട്ടിയിലും നൂറ് ശതമാനം വിജയിക്കാന്‍ സാധിച്ചുവെന്നുവേണം പറയാന്‍. ഇരുട്ടിനെ ഇത്ര ഭംഗിയായി ചിത്രീകരിക്കുകയും അതേ സമയം അതേ ഇരുട്ടിലേക്ക് ഉണ്ണിക്കണ്ണനെ ഇറക്കി വിട്ട് ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഉണ്ണിക്കണ്ണന് പിന്നാലെ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോവുകയും അവന്റെ ഭയം നമ്മളിലേക്ക് എത്തിക്കുകയും ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത് ജിത്തു ദാമോദര്‍ എന്ന ഛായാഗ്രഹകനും അദ്ദേഹത്തിന്റെ സംഘവുമാണ്. മലയാള സിനിമയില്‍ ഇനിയും ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ജിത്തുവേട്ടന് സാധിക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

വിഷ്ണു ഉണ്ണികൃഷ്ണന്‍, സാനിയ ഇയ്യപ്പന്‍ നിങ്ങളാണ് കൃഷ്ണന്‍കുട്ടിയുടെ താരങ്ങള്‍. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ഒരു പടം അനൗണ്‍സ് ചെയ്താല്‍ അതൊരു കോമഡി എന്റര്‍ടൈനറായിരിക്കുമെന്ന പൊതുധാരണയെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ തകര്‍ത്തത്. ദാ ഇപ്പോള്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോള്‍ നിങ്ങളെക്കുറിച്ച് മനസിലുറപ്പിച്ചിരുന്ന ധാരണകള്‍ കൂടിയാണ് പൊളിഞ്ഞു വീഴുന്നത്. നടനെന്ന നിലയില്‍ നിങ്ങള്‍ മുന്നോട്ട് പോവുകയാണ്. ഇനിയും തുടരുക. ഇരുട്ടില്‍, മുന്നോട്ടെന്ത് എന്നറിയാതെ നില്‍ക്കുമ്പോഴും ഒന്ന് ചിരിപ്പിക്കാന്‍ ഉണ്ണിക്കണ്ണന് സാധിക്കുന്നുണ്ട്. ബിയാട്രസിനെക്കുറിച്ച് ഒരുപാട് പറയുന്നില്ല. കാരണം നിങ്ങള്‍ ബിയാട്രസിനൊപ്പം സഞ്ചരിക്കേണ്ടവരാണ്. ആദ്യമൊക്കെ കുറച്ച് ദേഷ്യം തോന്നുമെങ്കിലും പിന്നീടറിയാതെ ബിയാട്രസ് നമ്മളെ അവളുടെ പക്ഷത്തേക്ക് അടുപ്പിക്കുമെന്ന് തീര്‍ച്ച. പറയാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ട്. പറച്ചിലിലും വലുതാണ് കാഴ്ച. കൃഷ്ണന്‍കുട്ടി കണ്ടറിയേണ്ടതാണ്, അനുഭവിച്ചറിയേണ്ടതാണ്. കൃഷ്ണന്‍കുട്ടിയെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ മുഖ്യകാരണക്കാരനായ നോബിളേട്ടനും കൈയ്യടി അര്‍ഹിക്കുന്നു. പുതിയ പരീക്ഷണങ്ങള്‍ ഇനിയും പെപ്പര്‍കോണ്‍ തുടരുമെന്ന് വിശ്വസിക്കുന്നു. ചിത്രം തീയേറ്ററില്‍ കാണാന്‍ കഴിയാതെ പോയി എന്ന സങ്കടം മറച്ച് വെക്കുന്നില്ല. മലയാള സിനിമ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്ന കാലം വിദൂരമല്ല. കൃഷ്ണന്‍കുട്ടിക്കും പട്ടാളത്തിനും അഭിനന്ദനങ്ങള്‍. ”

പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് തിരക്കഥാകൃത്ത് കൂടിയായ ആനന്ദ് മദൂസൂദനനാണ്. കിരണ്‍ ദാസ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. സൗണ്ട് ഡിസൈനിംഗിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരിക്കുന്നത് ബാഹുബലിയടക്കമുള്ള ബ്രഹ്മാണ്ട ചിത്രങ്ങളുടെ ശബ്ദലേഖകനായ ജസ്റ്റിന്‍ ജോസാണ്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തീകരിച്ച സിനിമ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ള അറിയിപ്പ് വരും മുന്‍പ് സീ5 മായി പ്രദര്‍ശന കരാറില്‍ ഏര്‍പ്പെട്ടതിനാലാണ് ചിത്രത്തിന്റെ തീയേറ്റര്‍ റിലീസെന്ന സാധ്യത നഷ്ടപ്പെട്ടത്. ട്രെയിലറിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഭൂരിഭാഗവും ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിനെപ്പറ്റിയുള്ളതാണ്. മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും ആ കൂട്ടത്തിലെ നാഴികകല്ലായി കൃഷ്്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രവും മാറുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലര്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവന്‍ അടക്കമുള്ളവര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതും ഏറെ ശ്രദ്ധേയമായിരുന്നു.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker