
കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ കൊലക്കേസിലെ രണ്ടാംപ്രതി രതീഷിന്റെ മരണം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുമ്പ് രതീഷിന്റെ ആന്തരാവയവങ്ങള്‍ക്ക് പരിക്കേറ്റന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. മാത്രമല്ല ശ്വാസകോശത്തിന് അമിത സമ്മര്‍ദമുണ്ടായതായി കണ്ടെത്തി. ഇതു സാധാരണ ആത്മഹത്യയില്‍ സംഭവിക്കുന്നതിനേക്കാള്‍ ഗുരുതരമായ പരുക്കാണ് എന്നതാണ് കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലേക്ക് എത്താന്‍ കാരണമായത്.ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു.
മരണത്തിനു തൊട്ടുമുന്‍പു വരെ മന്‍സൂര്‍ വധക്കേസിലെ കൂട്ടുപ്രതികള്‍ രതീഷിനൊപ്പം ഉണ്ടായിരുന്നതായും പൊലീസിനു സൂചന ലഭിച്ചു. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തിരുന്നു.സിപിഎം പുല്ലൂക്കര ബ്രാഞ്ച് കമ്മിറ്റി അംഗമായ രതീഷിനെ (35) വെള്ളിയാഴ്ച വൈകിട്ടാണ് വളയം പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കാലിക്കുഴമ്പ് എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മന്‍സൂറിന്റെ കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരുന്നു. രതീഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.