KeralaNEWS

സിനിമാ ഷൂട്ടിംഗ് തടഞ്ഞ ആര്‍.എസ്.എസ്. നടപടിയില്‍ പ്രതിഷേധിക്കുക: പുരോഗമന കലാസാഹിത്യ സംഘം

പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആര്‍.എസ്.എസ്. ക്രിമിനലുകളുടെ നടപടിയില്‍ പുരോഗമന കലാസാഹിത്യ സംഘം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ‘നിയാംനദി’ എന്ന സിനിമയുടെ ഷൂട്ടിംഗ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തു വെച്ചാണ് നടത്തിയിരുന്നത്. ആര്‍.എസ്.എസുകാര്‍ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്യുകയായിരുന്നു. നിരവധി ഉപകരണങ്ങള്‍ അവര്‍ നശിപ്പിച്ചു. സിനിമയില്‍ ഹിന്ദു -മുസ്ലിം പ്രണയം ഉണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം.

കേന്ദ്രത്തില്‍ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ അഫ്ഘാനിസ്ഥാനിലെ താലിബാന്‍ മോഡലിലുള്ള ഭീകരനീക്കമാണ് ആര്‍.എസ്.എസ്. രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുന്‍കൂര്‍ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നമ്മുടെ നാട് നീങ്ങുകയാണോ എന്ന് സംശയിക്കണമെന്നും സംഘം പറഞ്ഞു.

എന്തായാലും ജനാധിപത്യകേരളത്തില്‍ ആര്‍.എസ്.എസിന്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ല. സിനിമ തടയുന്ന ആര്‍.എസ്.എസ്. ഭീകരത ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.കടമ്പഴിപ്പുറത്തെ സംഭവത്തില്‍ ജനാധിപത്യബോധമുള്ള മുഴുവന്‍ ജനങ്ങളും പ്രതിഷേധിക്കണമെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker