KeralaLead NewsNEWS

സ്ത്രീപക്ഷ നവകേരളം; രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന സന്ദേശം: ഡോ. എം ലീലാവതി

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുകയും യുവതികളുടെ ആത്മഹത്യകൾ ദിനംപ്രതി സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് സുരക്ഷിതബോധമുളവാക്കാൻ വേണ്ടി സംസ്ഥാന സർക്കാർ തികഞ്ഞ ജാഗ്രതയോടെ സ്ത്രീപക്ഷ നവകേരളം പോലുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നത് ആശ്വാസം പകരുന്നുവെന്ന് ഡോ. എം ലീലാവതി പറഞ്ഞു.

ഗാർഹിക പീഡനത്താൽ നൈരാശ്യത്തിലേക്ക് വീണ് ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങളുണ്ടാകാതിരിക്കാൻ, കുടുംബശ്രീ പ്രവർത്തകർ ജാഗരൂകരായിരുന്നാൽ ഒട്ടൊക്കെ സഹായകമാവുമെന്ന് ടീച്ചർ പറഞ്ഞു. സമ്മർദ്ദങ്ങൾക്കടിപ്പെട്ട് സമനില തെറ്റുന്നവർക്ക് മനശാസ്ത്രപരമായ ചികിത്സകളും സേവനങ്ങളും നൽകാനും പ്രശ്നം സാമ്പത്തികമാണെങ്കിൽ ഉടനടി പരിഹാരം കാണാൻ തദ്ദേശ ഭരണസ്ഥാപനത്തിലെ അധികൃതർക്ക് കഴിയത്തക്കവണ്ണം സംവിധാനങ്ങളുണ്ടാക്കാനും സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ശ്രദ്ധിക്കേണ്ടതുണ്ട്. ഭാഷയിലും പെരുമാറ്റത്തിലും പരാതിക്കാരോട് സൗഹാർദ്ദം പുലർത്തണമെന്ന കർശനമായ നിർദേശം നീതി നിർവഹണ ചുമതലയുള്ളവർക്ക് നൽകാനും വീഴ്ചവരുത്തുന്നവർക്ക് പിരിച്ചുവിടലുൾപ്പെടെയുള്ള ശിക്ഷ ഉറപ്പാണെന്ന് ബോധ്യപ്പെടുത്താനും വേണ്ടതെല്ലാം സ്ത്രീപക്ഷ നവകേരളത്തിന്റെ ഭാഗമായി ഉയർന്നുവരണമെന്നും ടീച്ചർ പറഞ്ഞു.

രക്ഷിക്കാൻ ചുമതലപ്പെട്ടവർ കൈയൊഴിഞ്ഞാലും രക്ഷകനായി സംസ്ഥാന സർക്കാരുണ്ടെന്ന് സന്ദേശം പീഡിതരിലെത്തിക്കാനും പീഡനങ്ങൾക്ക് അറുതിവരുത്താനും സ്ത്രീപക്ഷ നവകേരളത്തിലൂടെ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായും കാമ്പയിൻ വൻവിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നതായും ലീലാവതി ടീച്ചർ പറഞ്ഞു.

Back to top button
error: