നവീനിനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ച് നൃത്തച്ചുവടുകളുമായി മെഡിക്കൽ വിദ്യാർഥികൾ, വെറുപ്പിനെ ചെറുക്കുമെന്ന് പ്രഖ്യാപനം
'റെസിസ്റ്റ് ഹേറ്റ് 'എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർത്ഥികൾ പാട്ടിനൊപ്പം ചുവടുവെച്ചു

റാ റാ റാസ്പുട്ടിൻ എന്ന ഗാനത്തോടൊപ്പം ചുവടുവച്ച് സോഷ്യൽ മീഡിയയിൽ വൈറലായ നവീനിനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ച് മെഡിക്കൽ വിദ്യാർഥികൾ. ഇതുമായി ബന്ധപ്പെട്ട് തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ഒരു ക്യാമ്പയിൻ തന്നെ ആരംഭിച്ചു. ‘റെസിസ്റ്റ് ഹേറ്റ് ‘എന്ന ക്യാമ്പയിന്റെ ഭാഗമായി കൂടുതൽ വിദ്യാർത്ഥികൾ പാട്ടിനൊപ്പം ചുവടുവെച്ചു.
വെറുക്കാൻ ആണ് ഉദ്ദേശമെങ്കിൽ ചെറുക്കാനാണ് തീരുമാനം,ഇവരുടെ പേരുകളിലെ തലയും വാലും തപ്പി പോയാൽ കുറച്ചുകൂടി വക കിട്ടും , ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇടാൻ എന്ന കുറിപ്പിനൊപ്പം വിദ്യാർഥികൾ തങ്ങളുടെ പേരുകളും പങ്കുവെച്ചിട്ടുണ്ട്. വിദ്യാർഥികൾക്കൊപ്പം നവീനും ജാനകിയും ചുവട് വച്ചു. സോഷ്യൽ മീഡിയയിൽ നിരവധിപേരാണ് ഈ നൃത്തം ഷെയർ ചെയ്തിരിക്കുന്നത്.
നവീനും ജാനകിയും ഒരുമിച്ച് നൃത്തം ചെയ്യുന്നത് കണ്ട കൃഷ്ണരാജ് എന്ന വക്കീലാണ് ആദ്യം ആരോപണവുമായി രംഗത്ത് വന്നത്. ഈ വിഷയം പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. നിരവധി പേർ നവീനിനും ജാനകിക്കും പിന്തുണപ്രഖ്യാപിച്ച് രംഗത്ത് എത്തി.