
ചതുർമുഖം പാതി വഴിയിലെത്തുമ്പോൾ ജമ്പ് സ്കെയറുകളേക്കാൾ എന്നെ പേടിപ്പിച്ചുകൊണ്ടിരുന്നത് അത്തരം ഭീകരനിമിഷങ്ങളെ എങ്ങനെ ചിത്രം രണ്ടാം പകുതിയിൽ നിർദ്ധാരണം ചെയ്യും എന്നുള്ളതായിരുന്നു.വിചിത്രമായ അനുഭവങ്ങൾ തുടർച്ചയായി സ്ക്രീനിൽ അവതരിപ്പിക്കാൻ ഒരു പക്ഷേ എളുപ്പം കഴിഞ്ഞേക്കാം.എന്നാൽ അവയ്ക്കൊക്കെയും ശാസ്ത്രീയമായ വിശദീകരണം നൽകേണ്ടി വരുന്നിടത്താണ് ഇത്തരമൊരു ചിത്രം മികച്ചതോ,മോശമോ ആകുന്നത്.
മഞ്ജുവാര്യർ അവതരിപ്പിക്കുന്ന തേജസ്വിനി എന്ന സോഷ്യൽ മീഡിയ അഡിക്ടഡായ യുവതി,ഒരു പ്രത്യേകസാഹചര്യത്തിൽ ഒരു ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്നും വലിയ ഡിസ്കൗണ്ടിൽ,അധികം കേൾക്കാത്ത ഒരു ബ്രാൻഡഡ് മൊബൈൽ വാങ്ങുന്നതും,വിചിത്രമായ രീതിയിൽ അതവരുടെ ജീവിതവുമായി കെട്ടുപിണയുന്നതും,പിന്നെപ്പിന്നെ അതവരെ ഭീതിയുടെ ചരടിൽ വരിഞ്ഞു മുറുക്കുന്നതുമാണ് ചതുർമുഖത്തിന്റെ കഥാതന്തു. സാങ്കേതികവിദ്യയും, ഭീതിദമായ ചുറ്റുപാടുകളും തമ്മിലുള്ള ബ്ലെൻഡിംഗാണ് സിനിമയുടെ യു.എസ്.പി. അതുകൊണ്ടായിരിക്കാം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെക്നോ ഹൊറർ ചിത്രം എന്ന ടാഗ് ലൈനുമായാണ് സിനിമ പുറത്തിറങ്ങിയിരിക്കുന്നത്.
ഊർജം സൃഷ്ടിക്കപ്പെടുകയോ,ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നില്ല;ഒരു രൂപത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റപ്പെടുകയേ ചെയ്യുന്നുള്ളൂ എന്ന ലളിതമായ ഭൗതികശാസ്ത്രതത്ത്വത്തിൽ നിന്നാണ് ചതുർമുഖം അതിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് പുറത്തേക്ക് വികസിക്കുന്നത്.ഇദംപ്രഥമമായി ഉണ്ടാകുന്ന ഒരനുഭവത്തെ ഭീതിയിലേക്ക് ചേർത്തുവെക്കുമ്പോൾ ലഭിക്കുന്ന പുതുമയാണ് ഈ സിനിമയുടെ സവിശേഷത.
ആദ്യ പകുതിയിൽ ഈയൊരു ഘടകം വളരെ വ്യക്തമായിത്തന്നെ ചിത്രത്തെ രക്ഷിക്കുന്നുണ്ട്.സോഷ്യൽ മീഡിയ എന്ന ബൈറ്റിൽ കൊത്താതെ മൊബൈൽഫോൺ ഹാർഡ് വെയറിൽത്തന്നെ കേന്ദ്രീകരിക്കപ്പെടുന്ന ആഖ്യാനശൈലി വേറിട്ടൊരനുഭവമാകുന്നുമുണ്ട്. അവിടെ നിന്നും എന്തിലേക്കും,പിന്നീട് എന്തിനിലേക്കും,എങ്ങിനെയിലേക്കും എത്തുമ്പോൾ സംഭവിക്കുന്ന സ്ഥിരം ലോജിക്കില്ലായ്മകളാണ് ചതുർമുഖത്തിന്റെ പ്രധാനന്യൂനത. ഇവിടങ്ങളിലെത്തുമ്പോൾ കെട്ടുറപ്പ് നഷ്ടപ്പെട്ട പോലെ തോന്നുന്ന സ്ക്രിപ്റ്റ് പിന്നീട് പൂർണ്ണമായുമാശ്രയിക്കുന്നത് അഭിനന്ദ് രാമാനുജന്റെ ക്യാമറയെയും,ഡോൺ വിൻസന്റിന്റെ ശബ്ദലേഖനത്തെയും,മഞ്ജുവാര്യരുടെ അസാമാന്യമായ സ്ക്രീൻ പ്രസൻസിനെയുമാണ്.ലോ ലൈറ്റ് സീനുകളുടെ സുന്ദരമായ ഒരെക്സിബിഷനാണ് ചതുർമുഖമെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.പ്രേതത്തെക്കാണിച്ചുകൊണ്ടുള്ള ജമ്പ് സ്കെയറുകൾ ഇല്ലാതിരുന്നിട്ടും, ഓഡിയോഗ്രഫി ഭീതിയുടെ തണുത്തുറഞ്ഞുപോകുന്ന ലോകളെയും,ഹൈകളെയും സ്പർശിക്കുന്നുണ്ട്;നമ്മെ സീറ്റിൻ തുമ്പത്തിരുത്തുന്നുമുണ്ട്.ആത്മവിശ്വാസത്തിൽ നിന്നും ഭീതിയിലേക്കും,തിരിച്ചുമുള്ള ഗിയർ ഷിഫ്റ്റുകൾ മഞ്ജു സുന്ദരമായി എക്സിക്യൂട്ട് ചെയ്തപ്പോൾ,സണ്ണി വെയ്നും,അലൻസിയറുമുൾപ്പെടുന്ന സഹതാരനിരയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
രഞ്ജിത് കമലാശങ്കർ-സലിൽ കൂട്ടുകെട്ടിന്റെ ഈ കന്നിച്ചിത്രം പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നതിൽ വിജയം കണ്ടെത്തിയിട്ടുണ്ടെന്നു തന്നെ പറയേണ്ടിയിരിക്കുന്നു.മോളിവുഡിലെ ഹൊറർ സിനിമകളുടെ സ്ഥിരം ടെംപ്ലേറ്റിൽ നിന്നുള്ള തിരിഞ്ഞുനടത്തത്തിനുള്ള അവരുടെ ശ്രമം അഭിനന്ദനമർഹിക്കുന്നു.മികച്ച ശബ്ദസംവിധാനമുള്ള ഒരു തിയേറ്ററിൽ നിന്നും കാണുകയാണെങ്കിൽ ചതുർമുഖം ഗംഭീരമായ ഒരു കാഴ്ച്ചാനുഭവമായിരിക്കും.
വെർഡിക്ട്:ടെക്നിക്കലി ബ്രില്യന്റ്