
മാട്രിമോണിയല്‍ സൈറ്റിലൂടെ ആലോചനയുമായെത്തി പരിചയപ്പെട്ട യുവാവ് ലൈംഗീകമായി പീഡിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതായി പരാതി. പത്തനംതിട്ട കോഴഞ്ചേരി മേലൂക്കര സ്വദേശിയും വിവാഹിതനുമായ ചെറുതോട്ടത്തില്‍ ടിജു ജോര്‍ജ് തോമസ്(33) എന്നയാള്‍ക്കെതിരെയാണ് തൃശൂര്‍ സ്വദേശിനി എറണാകുളം സൗത്ത് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പിറന്നാള്‍ പാര്‍ട്ടിക്കെന്ന പേരില്‍ റിസോര്‍ട്ടില്‍ വിളിച്ചു വരുത്തി ബലം പ്രയോഗിച്ച് ശാരീരികമായി ദുരുപയോഗം ചെയ്യുകയും പിന്നീട് കാറില്‍വച്ചു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം, ഇയാള്‍ക്കെതിരെ 2013ല്‍ മലേഷ്യയിലും സമാനമായ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. എന്നാല്‍ യുവതി പീഡനത്തിന് ഇരയായത് കുമ്പളത്തുളള സ്വകാര്യ റിസോര്‍ട്ടിലായതിനാല്‍ കേസ് പനങ്ങാട് സ്റ്റേഷനിലേക്ക് കൈമാറി. പരാതിക്കാരിയായ യുവതി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്.പരാതി നല്‍കിയതോടെ ഇയാള്‍ സ്ഥലത്തു നിന്നു മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
പ്രതി രാജ്യം വിടാതിരിക്കാനായി ലുക്ക്ഔട്ട് നോട്ടീസുകള്‍ പരിഗണനയിലുണ്ടെന്ന് പനങ്ങാട് പോലീസ് അറിയിച്ചു. ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് യുവാവ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. മെസേജ് അയച്ച് വിവാഹത്തിന് താല്‍പ്പര്യം അറിയിച്ചെങ്കിലും ആദ്യമൊന്നും താല്‍പ്പര്യമില്ലെന്ന് അറിയിച്ചു. പിന്നീട് നിരന്തരം മെസ്സേജ് തുടര്‍ന്നതോടെ വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏതാനും സുഹൃത്തുക്കളുമൊത്ത് യുവാവ് കൊച്ചിയിലെ ഫ്ളാറ്റിലെത്തി പെണ്ണുകാണുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
വിദേശത്ത് പൈലറ്റാണെന്നും ആദ്യ ഭാര്യ മരിച്ചുപോയെന്നുമായിരുന്നു യുവതിയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. തെളിവായി പൈലറ്റ് വേഷത്തില്‍ നില്ക്കുന്ന ഫോട്ടോയും കാണിച്ചു. ഇതോടെ യുവതിവിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ ആദ്യം വിവാഹ ആലോചന നടന്നു. എന്നാല്‍ ഒരു മാസത്തിനകം വിവാഹം നടത്തണമെന്ന് യുവാവ് പറഞ്ഞിരുന്നു. മാത്രമല്ല തനിക്ക് ബന്ധുക്കളുമായി വലിയ അടുപ്പമില്ലാത്തതിനാല്‍ വിവാഹസമയത്ത് വീട്ടുകാരെ അറിയിക്കാമെന്നാണ് യുവാവ് പറഞ്ഞത്. ഇതെല്ലാം യുവതിയും വീട്ടുകാരും വിശ്വസിച്ചു. പിന്നീട് വിദേശത്തേക്ക് പോയ യുവാവ് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ യുവതിയെ വിളിക്കുകയും എന്റെ പിറന്നാളാണ് റിസോര്‍ട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. യുവതി റിസോര്‍ട്ടില്‍ ചെന്ന നേരം സുഹൃത്തുക്കളെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി പരാതിപെടുമെന്ന് പറഞ്ഞപ്പോള്‍ നമ്മള് കല്യാണം കഴിക്കാന്‍ പോകുന്നവരല്ലെ എന്ന് പറഞ്ഞ് കരഞ്ഞതായും യുവതി പറഞ്ഞു. ഒരു തവണ കാറില്‍ വെച്ചും കയ്യേറ്റശ്രമം ഉണ്ടായതായെന്നും പരാതിപ്പെട്ടാല്‍ കൈ ഞരമ്പ് മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.
അതേസമയം, പിന്നീടാണ് ഇയാള്‍ക്ക് ചേര്‍ത്തലയില്‍ ഭാര്യയുണ്ടെന്നും ഗര്‍ഭിണിയാണെന്നും അറിഞ്ഞത്. ഇതോടെ യുവതി മാതാവുമൊത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അതേസമയം, യുവാവ് പിന്നീട് വിളിച്ച് ഒത്തുതീര്‍പ്പിന് വിളിച്ചിരുന്നുവെന്നും നഷ്ടപരിഹാരമായി പണം നല്‍കാമെന്ന് യുവാവിന്റെ പിതാവ് വാഗ്ദാനം ചെയ്തതായും യുവതി പറഞ്ഞു.
2013ല്‍ മലേഷ്യയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലനിന്നിരുന്നതായി അന്വേഷണത്തിലൂടെ വ്യക്തമായി. മാട്രിമോണിയല്‍ വെബ്സൈറ്റിലൂടെ 30 കാരിയായ യുവതിയെ ടിയാന് എന്ന് സ്വയം പരിചയപ്പെടുത്തി പണം തട്ടി മുങ്ങിയെന്നാണ് കേസ്. ക്വാലലംപൂരില്‍ തന്നെ 29കാരിയായുമായി അടുപ്പമായി തന്റെ സ്ഥാപനത്തിലെ ജീവനക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് രണ്ട് ലക്ഷത്തിലധികം രൂപ വാങ്ങിയാണ് മുങ്ങിയതെന്നും യുവതി പരാതിയില്‍ പറയുന്നു.