NEWS

കുപ്പിവെള്ളത്തിന് 13 രൂപയാക്കിയ ഉത്തരവിന് സ്‌റ്റേ, വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരെന്ന് ഹൈക്കോടതി

ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ്, കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സര്‍ക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. കുപ്പിവെള്ള ഉല്‍പാദകരുടെ സംഘടനയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് വിലനിര്‍ണയം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചു. കുപ്പിവെള്ളത്തിന്റെ വിലനിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ അറിയിപ്പ്. കുപ്പി വെള്ളത്തിന്റെ വിലനിര്‍ണയത്തിന് അവലംബിക്കേണ്ട നടപടികള്‍ അറിയിക്കാനും കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

2020 മാര്‍ച്ച് മൂന്നിനാണ് കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി വില 13 രൂപ രൂപയായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.

ഉത്തരവു പ്രകാരം കുപ്പിവെള്ളം വില്‍ക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജില്‍ രേഖപ്പെടുത്തണം എന്നും വ്യക്തമാക്കിയിരുന്നു. 13 രൂപയില്‍ കൂടുതല്‍ വില ഈടാക്കുന്ന കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കുന്നതായിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കിയിരുന്നു.

1986ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 2019 ജൂലൈ 19നാണ് കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍ നിക്ഷിപ്തമായതിനാല്‍, കുപ്പിവെള്ള നിര്‍മ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Back to top button
error: