Social MediaTRENDING

ക്ഷമിക്കുക, പ്രിയ ജാനകിയമ്മേ…

സംഗതത്തിൻ്റെ തേന്മഴയിൽ മലയാളിയെ ആനന്ദനൃത്തമാടിച്ച, എണ്ണമറ്റ ആരാധക ശൃംഘങ്ങളുള്ള, പല ഭാഷകളില്‍ അസംഖ്യം ഗാനങ്ങള്‍ ആലപിച്ച ജാനകിയമ്മ… ദേശീയ അവാര്‍ഡുകളുൾപ്പടെ എണ്ണമറ്റ അവാര്‍ഡുകളും മറ്റു ബഹുമതികളും നേടിയ അനുഗൃഹീത ഗായിക… ജാനകിയമ്മയെ കുറിച്ച് രവി മേനോന്‍ എഴുതിയ വാക്കുകൾ ആരുടെയും ഹൃദയത്തിൽ തൊടുന്നതാണ്…

മരണത്തിന്റെ വക്കില്‍ നിന്ന്, തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു തിരികെ കൊണ്ടുവന്ന വ്യക്തി മലയാളികളിലൊരാളായിരുന്നു എന്ന് ഇന്നും കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു എസ്. ജാനകി. അതേ മലയാളികളില്‍ ചിലര്‍ വര്‍ഷം തോറും വഴിപാട് പോലെ സ്വന്തം ‘മരണ’വാര്‍ത്ത ആദരാഞ്ജലി സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമ്പോള്‍ ജാനകിയമ്മയുടെ ഹൃദയം എത്ര വേദനിക്കുന്നുണ്ടാകും.? ജീവിച്ചിരിക്കുന്ന വ്യക്തിയുടെ കഥകഴിക്കാന്‍ ഇത്രയേറെ വെമ്പല്‍ കൊള്ളുന്ന വികലമനസ്സുകള്‍ അധികമുണ്ടാവുമോ ലോകത്ത്…? മാപ്പില്ല ഈ ക്രൂരതയ്ക്ക്. പാട്ടിലൂടെ എത്രയോ മനുഷ്യാത്മാക്കളെ, ജീവിതത്തോടുള്ള സ്‌നേഹം വീണ്ടെടുക്കാന്‍ സഹായിച്ച മഹാഗായികയോട് എന്തിനീ നന്ദികേട്…?

 

ഒരു പഴയ ഓർമയാണ്… പിന്നിലേക്ക് ഓടിമറയുന്ന നഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ്. ജാനകിയുടെ ഓര്‍മ്മയില്‍. പാതിബോധത്തിലായിരുന്നല്ലോ അപ്പോള്‍. ശ്വാസം കിട്ടാതെ, സംസാരിക്കാന്‍ പോലുമാകാതെ വിയര്‍പ്പില്‍ മുങ്ങി പിന്‍സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാവും ജീവിതത്തിലേക്ക് എന്ന്.
ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിനിടയിലൂടെ എങ്ങനെയും കാര്‍ ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുകയാണ് ഡ്രൈവര്‍. ഇടയ്‌ക്കെപ്പോഴോ തിരിഞ്ഞു നോക്കി പറഞ്ഞ വാക്കുകള്‍ മാത്രമുണ്ട് ഓര്‍മ്മയില്‍: “അമ്മാ, ഭയപ്പെടാതെ. ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്..” അബോധാവസ്ഥയിലേക്ക് വഴുതി വീഴും മുന്‍പ് കാതില്‍ പതിഞ്ഞ അവസാന ശബ്ദം.മാസങ്ങള്‍ക്കു ശേഷം ഒരുച്ചയ്ക്ക് നീലാങ്കരയിലെ ജാനകിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു. പ്രിയഗായികയെ തൊഴുതു കൊണ്ട് ഭവ്യതയോടെ അയാള്‍ പറഞ്ഞു: “എന്നെ ഓര്‍ക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രൈവര്‍ ആണ് ഞാന്‍. അസുഖം മാറി വീട്ടില്‍ തിരിച്ചെത്തി എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാന്‍ മോഹം. അതുകൊണ്ടു വന്നതാണ്…”ഈശ്വരന്‍ തന്നെയാണ് ആ നിമിഷം മുന്നില്‍ വന്നു നിന്നതെന്ന് തോന്നിയെന്ന് ജാനകി പറയുന്നു.

ഏതോ ഡോക്ടര്‍ മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെ മരണവുമായി മുഖാമുഖം നില്‍ക്കേണ്ടി വന്ന ആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നില്‍ അവതരിച്ച മനുഷ്യനെ ജാനകി എങ്ങനെ മറക്കാന്‍…? എല്ലാം പെനിസിലിന്‍ വരുത്തിവെച്ച വിനയായിരുന്നു. 1990 കളുടെ ഒടുവില്‍ ഒരു നാള്‍ കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിലെത്തിയ ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടര്‍ പെനിസിലിന്‍ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു. പണ്ടേ പെനിസിലിന്‍ അലര്‍ജിയാണ് ജാനകിക്ക്.
ഇത്തിരി അകത്തുചെന്നാല്‍ തളര്‍ച്ച വരെ സംഭവിക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടര്‍ നടത്തിയ ‘പെനിസിലിന്‍ ചികിത്സ’ യുടെ തിക്തഫലങ്ങള്‍ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷമാണ്.
“ശ്വാസം അല്‍പ്പാല്‍പ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയര്‍പ്പില്‍ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയില്‍ എത്തണമെന്നാണ് കിട്ടിയ നിര്‍ദേശം. എനിക്കാണെങ്കില്‍ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാര്‍ വര്‍ക്ക്‌ഷോപ്പിലായ സ്ഥിതിക്ക് ടാക്‌സി പിടിക്കുകയേ വഴിയുള്ളൂ.”

ജാനകി ആ നാളുകളിലൂടെ മനസുകൊണ്ടൊരു മടക്കയാത്ര നടത്തി.
കിലോമീറ്ററുകള്‍ അകലെയാണ് ആശുപത്രി. നിരത്തിലാണെങ്കില്‍ ശ്വാസം മുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ ടാക്‌സി ഓടിക്കുന്നു ഡ്രൈവര്‍. അത്രയും സാഹസികമായി അതിനുമുന്‍പ് കാറോടിച്ചിട്ടുണ്ടാവില്ല അയാള്‍.“പത്തു മിനിറ്റിനുള്ളില്‍ ആ മനുഷ്യന്‍ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകന്‍ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാള്‍ തന്നെ താങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ അബോധാവസ്ഥയില്‍ നിന്ന് ഞാന്‍ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ…”കുറച്ചു ദിവസങ്ങള്‍ക്കകം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുമ്പോള്‍ ജീവന്‍ രക്ഷിച്ച ഡ്രൈവറെ വീണ്ടും കാണാന്‍ തോന്നി ജാനകിക്ക്…നന്ദി പറയാന്‍ വേണ്ടി. പക്ഷേ ആര്‍ക്കും അറിയില്ലായിരുന്നു അയാളെ കുറിച്ച്. മാസങ്ങള്‍ കഴിഞ്ഞാണ് തെല്ലും നിനച്ചിരിക്കാതെ ഒരു നാള്‍ അയാളുടെ വരവ്. മലയാളിയായ ആ ഡ്രൈവര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ജാനകിയുടെ ഓര്‍മ്മയില്‍:

 

“എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും. കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന ശബ്ദം. ജീവിതത്തില്‍ തളര്‍ന്നു പോയ ഘട്ടങ്ങളിലെല്ലാം എനിക്ക് തണലായത് അമ്മയുടെ പാട്ടുകളാണ്. അവ എനിക്ക് തരുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ല. അകലെയകലേ നീലാകാശം, തളിരിട്ട കിനാക്കള്‍.. ഒക്കെ എന്റെ ഹൃദയത്തിന്റെ ഭാഗമായ പാട്ടുകള്‍. അമ്മയെ പിന്നിലെ സീറ്റില്‍ കിടത്തി കാറോടിക്കുമ്പോള്‍ ആ പാട്ടുകള്‍ ഒന്നൊന്നായി എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ജീവന്‍ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയില്‍ എത്തിക്കും എന്ന് ഉള്ളില്‍ ഉറച്ചു കൊണ്ടാണ് ഞാന്‍ സ്റ്റിയറിംഗ് പിടിച്ചത്. എല്ലാ തടസ്സങ്ങളും മറികടന്ന് കാര്‍ ആശുപത്രിക്ക് മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്തിയപ്പോള്‍ അറിയാതെ കരഞ്ഞുപോയി ഞാന്‍. എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു…” പതിനായിരക്കണക്കിന് പാട്ടുകള്‍ പാടി; ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുകളും അടക്കം എണ്ണമറ്റ ബഹുമതികള്‍ നേടി… ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരാധകരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റു വാങ്ങി. ഈ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറത്ത് നമ്മുടെ ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. അന്ന് ആ പാവം ഡ്രൈവറുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ അനുഭവിച്ചത് അത്തരമൊരു അനുഭൂതിയാണെന്നു പറയും ജാനകിയമ്മ.

“പിന്നീട് ആ മനുഷ്യനെ കണ്ടിട്ടില്ല. പക്ഷേ എന്നും ഞാന്‍ അയാളെ ഓര്‍ക്കും. എന്റെ ജീവന്‍ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യന്‍. അതിനു വേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്താന്‍ തയ്യാറായ ഒരാള്‍. അത്തരക്കാര്‍ക്കു മുന്‍പില്‍ നമ്മള്‍ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്. സ്‌നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാള്‍. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker