
പാനൂരിലെ മുസ്ലീംലീഗ് പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. കേസില്‍ പത്തിലധികം പേര്‍ക്ക് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.എം. പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനോസാണ് പിടിയിലായത്.മറ്റുളളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആക്രമണം നടന്ന സ്ഥലം കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം സന്ദര്‍ശിച്ചു.
വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്ത്തകന് കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂറിന് (22) നേരെ ആക്രമണമുണ്ടായത്. കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേല്‍ക്കുകയായിരുന്നു.ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണം. തടയാന്‍ ചെന്ന സഹോദരന് മുഹ്സിനും വെട്ടേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിരുന്നു.