
വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരില്‍ വെട്ടേറ്റുമരിച്ച ലീഗ് പ്രവര്‍ത്തകന്റെ കേസില്‍ തെളിവുകള്‍ പുറത്ത്. ലീഗ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്കുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ സ്റ്റാറ്റസാണ് പുറത്ത് വന്നിരിക്കുന്നത്.
‘ഈ ദിവസം ലീഗുകാര്‍ വര്‍ഷങ്ങളോളം ഓര്‍ത്തുവയ്ക്കും, ഉറപ്പ്’ എന്നായിരുന്നു സ്റ്റാറ്റസ്. കൂത്തുപറമ്പില്‍ ഇന്നലെ നടന്ന ലീഗ് സിപിഎം സംഘര്‍ഷത്തിനു പിന്നാലെയാണ് സ്റ്റാറ്റസ് ഇട്ടത്. മാത്രമല്ല കൂത്തുപറമ്പിലെ 149ാം ബൂത്തില്‍ വെച്ച് ലീഗ് പ്രവര്‍ത്തനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കണ്ണൂര്‍ കടവത്തൂരിനടുത്ത് മുക്കില്‍ പീടികയില്‍ നടന്ന സംഘര്‍ഷത്തില്‍ വെട്ടേറ്റ് കൂത്തുപറമ്പ് പുല്ലൂക്കര സ്വദേശി മന്‍സൂര്‍ ആണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. ഇയാളുടെ സഹോദരന് മുഹ്സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു. കൊലയ്ക്ക് പിന്നില്‍ സി.പി.എം ആണെന്നാണ് മുസ്ലീം ലീഗ് ആരോപിക്കുന്നത്.
വോട്ടെടുപ്പിനുശേഷം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ വീട്ടില്‍ക്കയറി വെട്ടുകയായിരുന്നുവത്രേ. തടയാന്‍ ചെന്ന മുഹ്സിനും വെട്ടേറ്റു. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമി സംഘം മന്‍സൂറിനെ വെട്ടിയതെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്‍സൂറിന്റെ നില വഷളായപ്പോള്‍ കോഴിക്കോടേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മന്‍സൂറിന്റെ മാതാവിനും അയല്‍ക്കാരിയായ സ്ത്രീയ്ക്കും പരുക്കേറ്റിട്ടുണ്ട്.