KeralaNEWS

എല്ലാ ജില്ലകളിലും കഴിഞ്ഞതവണത്തേതിനേക്കാൾ പോളിംഗ് കുറഞ്ഞു, പോസ്റ്റൽ വോട്ടും കൂട്ടി ഇന്ന് അന്തിമ ചിത്രമാകും

ഇത്തവണ എല്ലാ ജില്ലകളിലും പോളിംഗ് കുറയുകയാണ് ചെയ്തത്

മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഒരു കണക്കുകൂട്ടലാണ് പോളിംഗ് കൂടിയാൽ നേട്ടം യുഡിഎഫിനും കുറഞ്ഞാൽ എൽഡിഎഫിനും എന്നത്. എന്നാൽ ചില മണ്ഡലങ്ങളിലെങ്കിലും ത്രികോണമത്സര സാധ്യത ഉണ്ടായതോടെ ഈ പഴയ ചൊല്ല് അപ്രസക്തമാകുകയാണ്.

ഇത്തവണ എല്ലാ ജില്ലകളിലും പോളിംഗ് കുറയുകയാണ് ചെയ്തത്. സംസ്ഥാനത്ത് രേഖപ്പെടുത്തിയ പോളിങ് 74.04 ശതമാനമാണ്. മൂന്നര ലക്ഷത്തിലേറെ തപാൽ വോട്ടുകളും പോളിംഗ് ഉദ്യോഗസ്ഥരുടെ വോട്ടുകളും കൂടി ഉണ്ട്. ഇവകൂടി ചേർത്താലേ യഥാർത്ഥ പോളിങ് ശതമാനം അറിയാനാകൂ.

2016ൽ 77.10 ആയിരുന്നു പോളിങ് ശതമാനം. ഉച്ചയ്ക്ക് മുമ്പ് കണ്ട തിരക്ക് ഉച്ചയ്ക്കുശേഷം പോളിംഗ് ബൂത്തുകളിൽ ഉണ്ടായില്ല എന്നർത്ഥം.

കേഡർ വോട്ടുകളെല്ലാം പോൾ ചെയ്തു എന്ന വിശ്വാസത്തിലാണ് സിപിഐഎം. വിട്ടുനിന്നത് കോൺഗ്രസ് അനുഭാവികളാണ് എന്നാണ് സിപിഐഎം നിഗമനം. എന്നാൽ ഭരണത്തോട് എതിർപ്പ് ഉള്ളവരാണ് വോട്ടുചെയ്യാതെ മാറിനിന്നത് എന്നാണ് കോൺഗ്രസ് കരുതുന്നത്. ഇരുമുന്നണികളെയും ജനങ്ങൾക്ക് മടുത്തു എന്ന് ബിജെപിയും കരുതുന്നു.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് കോഴിക്കോടാണ്,77.9%. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്,68.09%. കണ്ണൂർ, പാലക്കാട്,തൃശൂർ, എറണാകുളം ജില്ലകളിലാണ് കോഴിക്കോട് കഴിഞ്ഞാലുള്ള മികച്ച പോളിങ്.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് ആണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്,81.55%. ഏറ്റവും കുറവ് പോളിങ് നടന്നത് തിരുവനന്തപുരം മണ്ഡലത്തിൽ ആണ്,61.82%. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ ആറിടത്ത് മാത്രമാണ് 2016 നേക്കാൾ പോളിംഗ് കൂടുതൽ രേഖപ്പെടുത്തിയത്. മഞ്ചേശ്വരം,മഞ്ചേരി, മലപ്പുറം,തിരൂരങ്ങാടി, ആറ്റിങ്ങൽ,ചിറയിൻകീഴ് മണ്ഡലങ്ങളിലാണ് പോളിംഗ് അൽപമെങ്കിലും വർദ്ധിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker