HealthLIFE

നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകത്തിന് ലോകാരോഗ്യ ദിനം

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി കാലത്തുള്ള ലോകാരോഗ്യ ദിനത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് ആരോഗ്യ വകുപ്പ്. എല്ലാ വര്‍ഷവും ഏപ്രില്‍ 7 ന് ലോകാരോഗ്യ ദിനാചരണം ആഘോഷിച്ചു വരുന്നു.ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ 50 വര്‍ഷമായി മാനസികാരോഗ്യം, മാതൃ ശിശു സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ സുപ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. കോവിഡ് രോഗ വ്യാപനം ആഗോള ആരോഗ്യ വ്യവസ്ഥയില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. ‘നീതിയുക്തവും ആരോഗ്യ പൂര്‍ണമായ ഒരു ലോകം പടുത്തുയര്‍ത്താം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം.

മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനുമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള പ്രചാരണമാണ് ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സംഘടന സംഘടിപ്പിക്കുന്നത്. ‘വംശം, മതം, രാഷ്ട്രീയ വിശ്വാസം, സാമ്പത്തിക, സാമൂഹിക അവസ്ഥ എന്നിവയില്‍ വ്യത്യാസമില്ലാതെ ഓരോ മനുഷ്യന്റെയും മൗലികാവകാശങ്ങളില്‍ ഒന്നാണ് ഏറ്റവും ഉയര്‍ന്ന ആരോഗ്യ നിലവാരം ആസ്വദിക്കുക’ എന്ന ലോകാരോഗ്യ സംഘടനയുടെ ഭരണഘടനാ തത്വം പ്രാവര്‍ത്തികമാക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.

കോവിഡ് വ്യാപനം ആഗോളതലത്തില്‍ സമസ്ത മേഖലകളേയും ബാധിച്ചിട്ടുണ്ട്. ലോകത്ത് പലയിടത്തും കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തിലേക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ ശക്തമായ ആരോഗ്യ അടിത്തറ കാരണം കോവിഡിനെ പ്രതിരോധിക്കുന്നതിനോടൊപ്പം നിലവിലുള്ള ഇതര പകര്‍ച്ചവ്യാധികളേയും നിയന്ത്രിക്കാന്‍ സാധിച്ചു. ഇപ്പോഴും നമ്മള്‍ കോവിഡിന്റെ പിടിയില്‍ നിന്നും മുക്തമല്ലാത്തതിനാല്‍ ഇനിയും ജാഗ്രത തുടരണം. ഇതോടൊപ്പം ജലജന്യ, പ്രാണിജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ എപ്പോഴും മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്. പരിസര ശുചീകരണത്തിനും കൊതുക് നിയന്ത്രണത്തിനും എന്ന പോലെ ഭക്ഷണ ശുചിത്വത്തിനും വ്യക്തി ശുചിത്വത്തിനും ഏറെ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ജീവിതശൈലി രോഗങ്ങള്‍ ഒരു വെല്ലുവിളിയായി സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. ചിട്ടയായ ജീവിതശൈലിയും പോഷകാഹാരപ്രദമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലമാക്കുന്നതിലൂടെ പ്രമേഹം, രക്താതിമര്‍ദ്ദം, ക്യാന്‍സര്‍, അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗം, കരള്‍ രോഗം തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ ഒരു പരിധിവരെ തടയുവാന്‍ കഴിയുന്നതാണ്. ഇതോടൊപ്പം തന്നെ ഏറെ പ്രധാനമാണ് മാനസികാരോഗ്യവും. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളും, മാനസിക രോഗങ്ങളും നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. എന്‍സിഡി ക്ലിനിക്കുകള്‍, ശ്വാസ്, ആശ്വാസ് ക്ലിനിക്കുകള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ താഴെത്തട്ടില്‍ നിന്നുതന്നെ ആരംഭിച്ചിട്ടുണ്ട്.

ലോകത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങി ആരോഗ്യ വകുപ്പിന് കീഴിലുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പകര്‍ച്ചവ്യാധികളുടെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സാധാരണക്കാരനു ലഭ്യമാകുന്ന രീതിയില്‍ മികച്ച ചികിത്സാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker