Big Breaking

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: പട്ടിക വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പശ്ചിമ ബംഗാള്‍ മാള്‍ഡാ സ്വദേശിയായ പ്രതിയെ കോടതി 35 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കുകയും 50,000 രൂപ പിഴ വിധിക്കുകയും ചെയ്തു. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ 2019 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതി നരേന്‍ ദേബ് നാഥി(30)നെയാണ് പത്തനംതിട്ട അഡിഷണല്‍ സെഷന്‍സ് ഫസ്റ്റ് കോടതി (പോക്സോ സ്‌പെഷ്യല്‍ കോടതി)ശിക്ഷിച്ചത്.

പത്തനംതിട്ട ജില്ലയില്‍ ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമമായ പോക്സോ ഉള്‍പ്പെട്ട ഒരു കേസില്‍ ഇത്തരമൊരു ശിക്ഷ വിധിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പ് 376(3) (16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ) പ്രകാരം 20 വര്‍ഷവും, 20,000 രൂപ പിഴയും, 376(2)(എന്‍) (ആവര്‍ത്തിച്ചുള്ള ബലാത്സംഗം ) പ്രകാരം 10 വര്‍ഷവും, 20,000 രൂപ പിഴയും, 450 (കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ വീട്ടില്‍ അതിക്രമിച്ചുകടക്കല്‍ ) പ്രകാരം 5 വര്‍ഷവും 10,000 രൂപ പിഴയും ഉള്‍പ്പെടെയാണ് 35 വര്‍ഷം ശിക്ഷ വിധിച്ചത്. പിഴ അടക്കാതിരുന്നാല്‍ മൂന്ന് വകുപ്പുകളിലായി 15 മാസം കഠിനതടവ് അനുഭവിക്കണം. പിഴത്തുകയില്‍ 35,000 രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.

കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പോക്സോ 5, 6 വകുപ്പുകള്‍ പ്രകാരം നിലവിലുണ്ടായിരുന്ന ശിക്ഷ 10 വര്‍ഷമായിരുന്നു. എന്നാല്‍ 2019 ആഗസ്റ്റില്‍ നിയമം ഭേദഗതി ചെയ്തപ്പോള്‍ വധശിക്ഷയോ, ശിഷ്ടകാലം മുഴുവന്‍ ജയില്‍ വാസമോ കുറഞ്ഞത് 20 വര്‍ഷമോ ആയി ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. കുറ്റകൃത്യം നടന്ന കാലം പരിഗണിച്ച കോടതി, പോക്സോ നിയമത്തിലെ നിര്‍ദിഷ്ട വകുപ്പുകള്‍ക്കുള്ള ചെറിയ കാലാവധിയേക്കാള്‍ ബലാത്സംഗത്തിലെ വകുപ്പുകളിലെ കൂടിയ ശിക്ഷ പരിഗണിക്കുകയാണുണ്ടായത്. പട്ടിക വിഭാഗങ്ങള്‍ക്കെതിരായ വകുപ്പുകള്‍ കോടതി പരിഗണിച്ചില്ല. പെണ്‍കുട്ടി ഈ വിഭാഗത്തില്‍ പെട്ടതാണെന്ന അറിവ് പ്രതിക്കില്ലായിരുന്നു എന്നത് കോടതി മുഖവിലക്കെടുത്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി കിരണ്‍രാജ് ഹാജരായി.

2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നതെങ്കിലും കേസ് റിപ്പോര്‍ട്ടായത് ജൂണിലാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായത് അറിഞ്ഞശേഷമാണ് വീട്ടുകാര്‍ പോലീസിനെ സമീപിച്ചതും, പരാതി നല്‍കി കേസ് എടുപ്പിച്ചതും. കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പ്രതി, ജോലി ചെയ്തുവന്ന വീടിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെയാണ് പലതവണ ബലാത്സംഗത്തിനിരയാക്കിയത്. കൃത്യത്തിന് ശേഷം മുങ്ങിയ പ്രതിയെ, അന്നത്തെ പുളിക്കീഴ് എസ്.ഐ വിപിന്‍ എ, എസ്.ഐ രാജേഷ്, സുദര്‍ശനന്‍ എന്നിവരടങ്ങിയ സംഘം മള്‍ഡയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നത്തെ പുളിക്കീഴ് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന കെ.ജെ പീറ്റര്‍ തുടക്കത്തില്‍ അന്വേഷിച്ച കേസ്, പട്ടിക വിഭാഗത്തിനെതിരായ പീഡനം സംബന്ധിച്ച വകുപ്പ് കൂടി ചേര്‍ക്കപ്പെട്ടത്തോടെ, അന്നത്തെ തിരുവല്ല ഡിവൈഎസ്പി ജെ ഉമേഷ് കുമാര്‍ തുടര്‍ന്നന്വേഷിക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്. അറസ്റ്റിലായതുമുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരികയാണ് പ്രതി. അന്വേഷണസംഘത്തില്‍ തിരുവല്ല ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഫസിലും ഉണ്ടായിരുന്നു.

അന്വേഷണത്തിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പോലീസ് ആസൂത്രിതവും, തന്ത്രപരവുമായ നീക്കങ്ങളാണ് നടത്തിയത്. കുറ്റകൃത്യത്തിന് ശേഷം നാട്ടിലേക്ക് മുങ്ങിയ പ്രതിയുടെ ഫോണിന്റെ ടവര്‍ കേന്ദ്രീകരിച്ച് തുടക്കത്തില്‍ തന്നെ എസ് ഐ വിപിന്റെ നേതൃത്വത്തിലുള്ള സംഘം നീങ്ങിയതിനെ തുടര്‍ന്നാണ് ബംഗാളിലെ മാള്‍ഡയില്‍ നിന്നും ഇയാളെ കുടുക്കാനായത്. കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ച ശേഷം റിമാന്‍ഡ് ചെയ്യുകയായിരുന്നു. മികച്ച അന്വേഷണത്തിലൂടെ ശാസ്ത്രീയമായതുള്‍പ്പടെ തെളിവുകളെല്ലാം ശേഖരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ ലഭ്യമാക്കുകയും ചെയ്ത ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

2012 നവംബറില്‍ നിലവില്‍ വന്ന പോക്സോ നിയമം ഉള്‍പ്പെടുത്തി അന്നു മുതല്‍ 2021 ഫെബ്രുവരി വരെ ജില്ലയില്‍ എടുത്ത കേസുകളുടെ എണ്ണം 738 ആണ്. ഇതില്‍ ബഹുഭൂരിപക്ഷം കേസുകളും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട് കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുവരുന്നതുമാണ്. ഇക്കാലത്തിനിടയില്‍ കോടതി ശിക്ഷിച്ച കേസുകളില്‍ ഏറ്റവും കൂടുതല്‍ ശിക്ഷ വിധിച്ച കേസാണ് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേത്. കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടുകയും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയും ചെയ്ത പോലീസുദ്യോഗസ്ഥര്‍ എല്ലാവിധ പ്രശംസയും അര്‍ഹിക്കുന്നതായി ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനി പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker