NEWS

മീനച്ചിലാറ്റിൽ മാങ്ങാനം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

വിഷ്ണു സുഹൃത്തുക്കളായ അജോയ്, ദിലീപ്, വിശ്വം എന്നിവരോടൊപ്പമാണ് മീനച്ചിലാറ്റിൽ കുളിക്കാൻ എത്തിയത്. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്

കോട്ടയം: മീനച്ചിലാറ്റിൽ വട്ടമ്മൂട് പാലത്തിനു സമീപം വെള്ളത്തിൽ വീണ് യുവാവ് മരിച്ചു. പുതുപ്പള്ളി മാങ്ങാനം സ്വദേശിയായ ബിജുവിന്റെ മകൻ വിഷ്ണു (22) ആണ് മരിച്ചത്.

കോട്ടയം നഗരത്തിനു സമീപം മീനച്ചിലാറ്റിൽ കൊശമറ്റം കടവിൽ ഇന്ന് (ഞായർ) വൈകിട്ട് നാല് മണിയോടെയാണ് അപകടം.

വിഷ്ണുവും സുഹൃത്തുക്കളായ അജോയ്, ദിലീപ്, വിശ്വം എന്നിവരും ചേർന്നാണ് കുളിക്കാനായി മീനച്ചിലാറ്റിലെത്തിയത്. തുടർന്ന് കുളിക്കാൻ പുഴയിൽ ഇറങ്ങിയതോടെ വിഷ്ണുവിനെ കാണാതാകുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയതോടെയാണ് വിഷ്ണുവിന് നീന്തൽ അറിയില്ലെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞത്.

സുഹൃത്തുക്കൾ ഉടൻ തന്നെ അഗ്നിരക്ഷാ സേനയിൽ വിവരം അറിയിച്ചു. ഇതേ തുടർന്നു കോട്ടയം അഗ്നിരക്ഷാ സേനാ അധികൃതർ സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അഗ്നിരക്ഷാ സേന വെള്ളത്തിൽ നിന്നും പുറത്തെടുത്ത വിഷ്ണുവിന്റെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്കു മാറ്റി.

Back to top button
error: