സംസ്ഥാനത്ത് പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പിനുളള പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. രാവിലെ എട്ട് മണിമുതലാണ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്ത് തുടങ്ങിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വിതരണം. എന്നാല്‍ പലയിടങ്ങളിലും ഇത് പാലിക്കുന്നില്ലെന്നാണ് വിവരം.
ഒന്നരമാസത്തെ നീണ്ട പ്രചാരണത്തിന് ശേഷംകേരളം പോളിങ് ബൂത്തുകളിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 140 നിയമസഭ മണ്ഡലങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളില്‍ വൈകിട്ട് എഴുവരെയും 9 മണ്ഡലങ്ങളില്‍ വൈകിട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്.
സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണമാണ്.സംസ്ഥാനത്ത് 59,000ത്തോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തില്‍ ഇതാദ്യമായാണ് എത്തുന്നത്.
അതേസമയം, ഇരട്ടവോട്ട് തടയുന്നതിനായി ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. കുമളി, ബോട്മേട്ട്, കമ്പംമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ആണ് സേനയെ വിന്യസിച്ചിട്ടുളളത്.
തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുളള ഇരട്ട വോട്ട് തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും രേഖകള്‍ ഉള്‍പ്പെടെയുളളവയും പരിശോധിക്കും. അതിര്‍ത്തി കടന്നെത്തുന്നവര്‍ യാത്രാ ലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിലേക്ക് വിടുകയുളളൂവെന്ന് കേന്ദ്രസേന അറിയിച്ചു.
കേന്ദ്രസേനയോടൊപ്പം പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ ഇരട്ട വോട്ട് ചെയ്യുന്നത് തടയാനാണ് നടപടി.