BooksTRENDING

മനസ്സിനെ വല്ലാതെ ഉലയ്‌ക്കുന്ന യാത്രാനുഭവങ്ങൾ,കെ ആർ അജയന്റെ ‘ആരോഹണം ഹിമാലയം’

എം രാജീവ്‌

കെ ആർ അജയന്റെ ഏറ്റവും പുതിയ യാത്രാ പുസ്‌തകം, ‘ആരോഹണം ഹിമാലയം’ വായിച്ചു. മനസ്സിനെ വല്ലാതെ ഉലയ്‌ക്കുന്ന യാത്രാനുഭവങ്ങൾ. അജയന്റെ എല്ലാ യാത്രായെഴുത്തുകൾക്കുമുള്ള പ്രത്യേകത വായനക്കാരനെ യാത്രികനാക്കുമെന്നതാണ്‌.

നമ്മൾ കാണാത്ത, അനുഭവിച്ചിട്ടില്ലാത്ത ഭൂമികകളിലൂടെയാണ്‌ അജയന്റെ മിക്ക യാത്രകളും. അതിൽ ചിലത്‌ ആഴ്‌ചകൾ നീളുന്നതാവാം. മറ്റുചിലത്‌ ഒരുദിവസമോ, മണിക്കൂറുകളിലോ അവസാനിക്കുന്നതുമാകാം. പക്ഷെ ഒപ്പംകൂട്ടുന്ന യാത്രയെഴുത്ത്‌ കൗശലം അത്‌ എടുത്തുപറയേണ്ടതാണ്‌.
നന്ദാദേവിയിലേക്കുള്ള യാത്ര അതിസാഹസമാണ്‌. സാധാരണ യാത്രികന്‌ ചെന്നെത്തിപ്പെടാൻ കഴിയാത്ത ഹിമാലയ ഭൂമിയാണ്‌ നന്ദാദേവി. കോടമഞ്ഞും മലയും കാറ്റും പുഴകളും ഗ്രാമീണജീവിതവുമെല്ലാം ഇഴപിരിയാതെ കിടക്കുന്ന യാത്രാവഴി.

അതിൽ അനുഭവിക്കുന്ന പച്ചയായ യാഥാർഥ്യങ്ങളെ ഒരു മറയുമില്ലാതെ എഴുതുകയാണ്‌ അജയൻ ഈ പുസ്‌തകത്തിൽ. പലപ്പോഴും മായികമായ ലോകമാണ്‌ ഹിമാലയം തുറന്നിടുന്നത്‌. നമ്മൾ വായിക്കുന്ന ഹിമാലയൻ യാത്രാ സാഹിത്യത്തിൽ പലതിലും ഈ മായികത നിറഞ്ഞുനിൽപ്പുണ്ട്‌. അത്‌ ഭക്‌തിയും അതുമൂലമുണ്ടാകുന്ന ആരാധനയിലേക്കുമൊക്കെ നയിക്കാറുണ്ട്‌. എന്നാൽ ആരോഹണം ഹിമാലയം അതിൽനിന്നെല്ലാം വ്യതിരിട്ട രീതിയാണ്‌. വില്ലി അൺസോൾഡിനെക്കുറിച്ചൊക്കെ എഴുത്തിനിടിയിൽ പരാമർശിക്കുന്നത്‌ നൊമ്പരമുണർത്തുന്ന ഓർമയാണ്‌. ഉൾനാടൻ ഹിമാലയ ഗ്രാമങ്ങളിലെ ജീവിതത്തുടിപ്പുകൾ ഒപ്പിയെടുക്കുമ്പോൾ അതിനും മാനവിക തലം നൽകാൻ എഴുത്തുകാരന്‌ കഴിയുന്നു.
സ്വർഗാരോഹിണിയിലേക്കുള്ള യാത്ര, സ്വർഗംപൂകിയ പാണ്ഡവരുടെബദ്ധവൈരികളായ കൗരവന്മാർക്കൊപ്പമാണ്‌. ദുര്യോധനന്റെ പ്രജകളായി ഇപ്പോഴും ജീവിക്കുന്ന ഓസ്‌ല പോലുള്ള ഗ്രാമത്തിലെ മനുഷ്യർ വായനതീർത്താലും വിങ്ങലായി മനസ്സിൽ കൂടുകൂട്ടുന്നു.

ചാർധാമുകളെന്ന്‌ അറിയപ്പെടുന്ന ഗംഗോത്രി, യമുനോത്രി, ബദ്‌രിനാഥ്‌, കേദാർനാഥ്‌ എന്നിവിടങ്ങളിലേക്കുള്ള യാത്ര സാധാരണ യാത്രയെഴുത്ത്‌ രീതികളിൽനിന്ന്‌ വേറിട്ടുനിൽക്കുന്നു. അവിടെയെല്ലാം ഭക്തിക്കപ്പുറമുള്ള മനുഷ്യാവസ്ഥക്കാണ്‌ പ്രാധാന്യം നലകുന്നത്‌. കഥകളും ഉപകഥകളും മേമ്പൊടിക്ക്‌ ഉണ്ടെങ്കിലും ഒന്നും പരിധിവിടുന്നില്ല. പൂക്കളുടെ താഴ്‌വരയും അതിന്റെ മനോഹാരിതയൂം വാങ്‌മയചിത്രമായി വിരിയുന്നു. പിന്നെ ഭൂട്ടാനിലെ ദോച്ചുല ചുരവും ഹയഗ്രീവ സാന്നിധ്യമുള്ള ബുദ്ധാശ്രമവുമെല്ലാം വല്ലാത്ത അനുഭൂതിയാണ്‌ സൃഷ്‌ടിക്കുന്നത്‌.
രണ്ടുതരത്തിലാണ്‌ അജയൻ എഴുത്തിലൂടെ വായനക്കാരനെ സ്വാധീനിക്കുന്നത്‌. ഒന്ന്‌, യാത്രചെയ്യാൻ ഇഷ്‌ടമുണ്ടെങ്കിലും അതിന്‌ കഴിയാതെ പോകുന്ന ഭൂരിപക്ഷം. രണ്ട്‌, യാത്രയ്‌ക്ക്‌ തയ്യാറെങ്കിലും എങ്ങനെ യാത്രചെയ്യണമെന്ന്‌ അറിയാത്ത ന്യൂനപക്ഷം. ഈ രണ്ടുവിഭാഗത്തെയും യാത്ര എന്തെന്ന്‌ അനുഭവിപ്പിക്കുകയാണ്‌ അജയൻ. അടുത്ത കാലത്ത്‌ പുറത്തിറങ്ങിയ ഹിമാലയ പുസ്‌തകങ്ങളിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊരു പുസ്‌തകമില്ലെന്ന്‌ എനിക്കുതോന്നുന്നു. ചിന്ത പബ്ലിഷേഴ്‌സാണ്‌ പ്രസാധകർ. വില 290 രൂപ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker