
തിരുവനന്തപുരം: കരമന കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സുജിത് എന്ന ചിക്കു പോലീസ് പിടിയിൽ.
കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രണ്ട് സ്ത്രീകളടക്കം നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഞായറാഴ്ച രാവിലെയാണ് നഗരത്തിലെ കിള്ളിപ്പാലത്തെ അപ്പാർട്ട്മെന്റിൽ വലിയശാല സ്വദേശിയായ കൈമനം ആഴാംകല്ല് കൃഷ്ണനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വൈശാഖി(34)ന്റെ മൃതദേഹം കണ്ടെത്തിയത്. കിള്ളിപ്പാലം സൂപ്പർ പ്രേം റസിഡൻസി എന്ന അപ്പാർട്ട്മെന്റിലാണ് സംഭവം. ബാൽക്കെണിയിലാണ് മൃതദേഹം കണ്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വൈശാഖിന് വയറ്റിലാണ് കുത്തേറ്റിട്ടുള്ളത്. സ്ക്രൂഡ്രൈവർ പോലുള്ള ആയുധമാണ് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി 12ന് ശേഷമാണ് കൊലപാതകമെന്നാണ് കരുതുന്നത്. വൈശാഖും സുഹൃത്തുക്കളും ചേർന്ന് ഈ അപ്പാർട്ട്മെന്റിൽ മുറിയെടുത്തിരുന്നു. തുടർന്ന് മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്. വൈശാഖിന്റെ അപ്പാർട്ട്മെന്റിലേക്ക് രണ്ട് സ്ത്രീകൾ കയറി പോകുന്നതു കണ്ടു എന്ന് സമീപവാസികൾ മൊഴി നൽകിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശിയായ ഒരാളുടെ പേരിലാണത്രേ മുറിയെടുത്തത്.
തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭസംഘമാണ് സംഭവത്തിനു പിന്നിലെന്നും സൂചനയുണ്ട്. കരമനയിലെ ചില കേന്ദ്രങ്ങളിൽ പെൺവാണിഭസംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന് നിരവധി പരാതികൾ നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് റഡിഡന്റ്സ് അസോസിയേഷനുകളും സംഘടനകളും ആരോപിച്ചു.