KeralaNEWS

ചക്കയ്ക്കുപ്പുണ്ടോ പാടി അവരെത്തി;ചക്ക മാത്രം ഇല്ല

ഡിസംബർ ആയപ്പോഴേക്കും “ചക്കയ്ക്കുപ്പുണ്ടോ”*  പാടി അവരെത്തി.അറിയാതെ കണ്ണുകൾ മുറ്റത്തെ പ്ലാവിലേക്ക് നീണ്ടു.ഉപ്പുനോക്കാൻ പോലും ഒരെണ്ണമില്ല.പതിവില്ലാതെ സംസ്ഥാനത്ത് ഇക്കൊല്ലം നീണ്ടുനിന്ന മഴ ചക്കക്കൊതിയൻമാർക്കിട്ട് നൽകിയത് എട്ടിന്റെ പണിയാണ്.
ചക്കയുടെ മാത്രം സ്ഥിതിയല്ലിത്.മാവിലും കശുമാവിലും ഒരു കുല പൂവ് പോലുമില്ല.ഇടവിടാതെ പെയ്ത മഴ,ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് നൽകിയത്.മാങ്ങയും പേരയും ചാമ്പയും  കൈതചക്കയും വാളൻപുളിയും ജാതിയും കപ്പയും ശീമച്ചക്കയും കമ്പളി നാരകവുമെല്ലാം തിരിച്ചടി നേരിട്ട കാർഷിക ഫലങ്ങളാണ്.
വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകും എന്നാണ് കാർഷിക രംഗത്തുള്ളവർ പറയുന്നത്.കൊവിഡ് കാലത്ത് അന്നം ഊട്ടിയ മാവും പ്ലാവും ഈ സീസണിൽ പൂക്കാൻ മറന്നു.മഴ മാറി മാനം തെളിഞ്ഞെങ്കിലെ ഇനി പ്ലാവും മാവും ഒക്കെ പൂവിട്ട് കായ്കൾ വിരിയൂ.പക്ഷെ എന്ന്..? ഇത്തവണ പൂത്ത പ്ലാവുകളിൽ ഒന്നോരണ്ടോ എണ്ണമാണ് ചക്കയായി വീണത്.മാവുകൾ ഒന്നും തന്നെ പൂത്തിട്ടും ഇല്ല.പൂത്തതാകട്ടെ മഴയിൽ പൊഴിഞ്ഞും പോയി.ഇടവിട്ട് പെയ്യുന്ന മഴയാണ് കേരളത്തിലെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്.കാലാവസ്ഥ തെളിഞ്ഞാൽ പൂവിട്ട് കായ്കൾ വരാൻ ഇനിയും സാധിക്കുമെന്നാണ് പക്ഷെ കൃഷി വിദഗ്ധരുടെ അഭിപ്രായം.ആ ഒരു ആശ്വാസത്തിലാണ് കാർഷിക കേരളത്തിലെ ജനത.

 *പലപ്പോഴും ‘ചക്കയ്ക്കുപ്പുണ്ടോ’ എന്നു ചോദിക്കുംപോലെ ഈണത്തിലുള്ളതാണ്‌ ഈ കിളികളുടെ പാട്ട്.അതുകൊണ്ടുതന്നെ ഇവയ്ക്ക്‌ ചക്കയ്ക്കുപ്പുണ്ടോ കുയിൽ(ചങ്ങാലി പക്ഷി) എന്നും പേരുണ്ട്‌. കുയിൽ ഇനത്തിലെ മറ്റ്‌ ദേശാടകരിൽനിന്ന് പെട്ടെന്ന്‌ തിരിച്ചറിയാൻ സഹായിക്കുന്നതും വേറിട്ട ഈ പാട്ടുതന്നെയാണ്‌.ഉയരംകൂടിയ മരങ്ങളുടെ ഇലക്കൂട്ടങ്ങൾക്കിടയിലിരുന്ന്‌ പാടുന്ന ഈ പക്ഷിയെ പലപ്പോഴും കാണാറില്ല‚ കേൾക്കാറേയുള്ളൂ.

Back to top button
error: