KeralaNEWS

സനുവിന്റെ കാര്‍ പൊളിച്ചുവിറ്റതായി സൂചന, കോയമ്പത്തൂരിലേക്കും അന്വേഷണം, പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു

കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ച ശ്രീഗോകുലം ഹാര്‍മണി ഫ്‌ലാറ്റില്‍ വൈഗ (13) യുടെ പിതാവ് സനു മോഹനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ സനു രക്ഷപെടാന്‍ ഉപയോഗിച്ച സ്വന്തം കാര്‍ പൊളിച്ചുവിറ്റതായി സൂചന. ചെന്നൈയിലേക്കു പോയ അന്വേഷണ സംഘത്തിനാണ് ഈ വിവരം ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ പഴയ കാര്‍ വര്‍ക്ഷോപ്പുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

നേരത്തെ സനു മറ്റൊരു കാര്‍ പൊളിച്ചു വിറ്റതായി പൊലീസിനു വിവരം ലഭിച്ചു. കോയമ്പത്തൂരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനിടെ സനുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കേരളത്തിലും മാധ്യമങ്ങള്‍ വഴിയും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആള്‍ത്തിരക്കുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും സനുവിന്റെ ഫോട്ടോയും പ്രാദേശികഭാഷയില്‍ വിശദാംശങ്ങളും പരസ്യപ്പെടുത്താനാണ് തീരുമാനം.

കാറിനെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്നും നോട്ടീസിലുണ്ട്. സനുവിനെ കണ്ടെത്താന്‍ ചെന്നൈക്കു പോയ പൊലീസ് സംഘം അവിടെ ക്യാംപ് ചെയ്യുകയാണ്. പുണെയിലും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. സനു മോഹന്റെ പേരില്‍ കേരളത്തിനു പുറത്ത് കേസുകളുള്ളതായാണ് സൂചന. സനു മോഹനുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ പുണെ പോലീസില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഡി.സി.പി.യുടെ മേല്‍നോട്ടത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അടങ്ങുന്ന സ്‌പെഷ്യല്‍ ടീമിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകള്‍, ഇതര സംസ്ഥാന ബന്ധം എന്നീ മൂന്ന് കാര്യങ്ങളാണ് പോലീസ് നിലവില്‍ അന്വേഷിക്കുന്നത്.

ഒരാള്‍ക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സനുവിന്റെ അക്കൗണ്ടുകളില്‍ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. സനുവിന്റെ കൈയില്‍ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതല്‍ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുന്‍പു സനു ഒരു ഫോണ്‍ കങ്ങരപ്പടിയില്‍ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോള്‍, എസ്എംഎസ് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില നമ്പറുകള്‍ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാര്‍ കാര്‍ഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫ്‌ലാറ്റില്‍ നിന്നു വൈഗയെ തോളില്‍ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്‌ലാറ്റില്‍ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘര്‍ഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങള്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തില്‍ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.

കഴിഞ്ഞ 21നാണ് 12 മണിയോടെയാണ് മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അപ്പോഴും പിതാവിനെ കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്.

മകളും ഒന്നിച്ച് പിതാവ് പുഴയില്‍ ചാടിയത് ആകാമെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് പുഴയിലും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.സനു മോഹനനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപടിയിലെ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനു മോഹന്‍ സകുടുംബം എത്തിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker