KeralaNEWS

യു ഡി എഫ് ഭയക്കുന്നത് ശക്തിദുർഗങ്ങളിലെ തിരിച്ചടി, ഒറ്റയക്കത്തിൽ ഒതുങ്ങുമോ കോൺഗ്രസ്‌?

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനം അടുത്തിരിക്കെ യു ഡി എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ദിനം അടുത്തിരിക്കെ യു ഡി എഫ് ക്യാമ്പുകളിൽ കടുത്ത ആശങ്ക.കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളെ കുറിച്ചാണ് ആശങ്ക ഏറെയും.

കേരള രാഷ്ട്രീയത്തിൽ അപൂർവമായാണ് ഒരു സർക്കാർ വികസന കാര്യങ്ങളിൽ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ആ വെല്ലുവിളി മുന്നോട്ട് വച്ചത്. എന്നാൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിലെ സംവാദത്തിന് മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്‌ തയ്യാറായില്ല എന്ന് മാത്രമല്ല, തെളിവുകൾ മുന്നോട്ട് വക്കാൻ ആകാത്ത അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ആണ് കോൺഗ്രസിന്റെ ശ്രദ്ധ. തങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ പോലും കോൺഗ്രസ്‌ തയ്യാറാകാതിരിക്കുന്നത് കനത്ത തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

പിണറായി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്റെ ജനസമ്മിതി സംബന്ധിച്ച സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ കോൺഗ്രസ്‌ തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം. രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങൾ ഏറെയൊന്നും ശരിവെക്കാൻ മെനക്കെടാത്ത ഉമ്മൻ ചാണ്ടിക്ക് രമേശ് ചെന്നിത്തലയേക്കാൾ നിരവധി ഇരട്ടിയാണ് പിന്തുണ. രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങൾ ആവർത്തിക്കുന്ന കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും ജനസമ്മിതിയിൽ സർവേകളിൽ പിന്നിലാണ്.

പോസിറ്റീവ് പ്രചാരണം ആണ് എൽ ഡി എഫ് നടത്തുന്നത്. സർക്കാരിന്റെ ക്ഷേമ -വികസന പ്രവർത്തനങ്ങളിൽ ഊന്നിയാണ് ഇത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ പ്രവർത്തനങ്ങളും പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളും താരതമ്യം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് പ്രതിപക്ഷമല്ല ഭരണപക്ഷമാണ് എന്നതാണ് കൗതുകകരം.

എന്നാൽ ഈ വെല്ലുവിളികളിൽ നിന്ന് ഒഴിഞ്ഞു മാറി നെഗറ്റീവ് ക്യാമ്പയിനിൽ ആണ് യു ഡി എഫിന്റെ,പ്രത്യേകിച്ച് കോൺഗ്രസിന്റെ ശ്രദ്ധ. അരിവിതരണം നിർത്തിവെക്കണം തുടങ്ങി ജനങ്ങളെ നേരിട്ട് പ്രതികൂലമായി ബാധിക്കുന്ന ക്യാമ്പയിനുകളിലും കോൺഗ്രസ്‌ നേതാക്കൾ പങ്കാളികൾ ആയി. ഫലമോ കോടതിയിൽ നിന്ന് തിരിച്ചടിയും.

ഇത് മാത്രമല്ല സർക്കാരിന്റെ കിറ്റ് അടക്കമുള്ള ക്ഷേമപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിൽ സർക്കാരിന് അനുകൂലമായി ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ നേതാവിന്റെ നടപടികൾ വഴിവെച്ചത്. ഓരോ എൽ ഡി എഫ് സ്ഥാനാർഥിയും സർക്കാരിന്റെ നേട്ടങ്ങളും തുടർഭരണത്തിൽ കൊണ്ടുവരാനുള്ള പദ്ധതികളും ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കുമ്പോൾ സ്വന്തം പ്രകടന പത്രിക പോലും ഓർമിപ്പിക്കാതെയുള്ള പ്രതിപക്ഷ പ്രചാരണം തിരിച്ചടി ആവാനെ സാധ്യത ഉളളൂ.

തങ്ങൾ പറയുന്നത് തങ്ങൾക്ക് തന്നെ പിന്നീട് തിരിച്ചടിയാകുന്ന ആരോപണങ്ങളാണ് രമേശ് ചെന്നിത്തല മുന്നോട്ട് വെക്കുന്നത്. സ്പ്രിംഗ്ലർ കരാറിൽ ഡാറ്റാ ചോർച്ച ആരോപിച്ച പ്രതിപക്ഷ നേതാവ് ഇരട്ട വോട്ട് സംബന്ധിച്ച ഡാറ്റ പുറത്ത് വിട്ടത് വിദേശ സെർവർ ഉപയോഗിച്ചാണ് എന്നത് വലിയ നാണക്കേടായി. ഇരട്ട വോട്ട് സ്വന്തം കുടുംബത്തിൽ ഉണ്ടായത് തിരിച്ചറിയാനും പ്രതിപക്ഷ നേതാവിന് ആയില്ല. ഇതോടെ ആരോപണം ബൂമറാങ് ആയി. മാത്രമല്ല രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങൾ ഈ വൈകിയ വേളയിലെങ്കിലും കാര്യമായി ശരിവെക്കാൻ മറ്റു യു ഡി എഫ് നേതാക്കൾ തയ്യാറാകുന്നതുമില്ല.

ബീഹാറിൽ മഹാസംഖ്യത്തിന്റെ പരാജയത്തിന് പ്രധാനകാരണം കോൺഗ്രസിന്റെ പ്രകടനമാണ്. സഖ്യകക്ഷിയായ ആർ ജെ ഡിയിൽ നിന്ന് സീറ്റുകൾ ഭീഷണിപ്പെടുത്തി വാങ്ങിയ കോൺഗ്രസിന്റെ സ്ട്രൈക് റേറ്റ് കുറഞ്ഞത് ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് ചെയ്തത്. തമിഴ്നാട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യ സഖ്യകക്ഷി ഡി എം കെ കോൺഗ്രസ്‌ ആവശ്യപ്പെട്ട കൂടുതൽ സീറ്റുകൾ നിഷേധിച്ചത്. ഈ ഭയം യു ഡി എഫിലെ മറ്റു സഖ്യകക്ഷികൾക്ക്, പ്രത്യേകിച്ച് മുസ്ലിം ലീഗിന് ഉണ്ട്‌.ഭരണ തുടർച്ച സംബന്ധിച്ച സർവേകളും യു ഡി എഫിനെ ഭയപ്പെടുത്തുന്നു.

യു ഡി എഫിൽ ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്ന കക്ഷിയാണ് കോൺഗ്രസ്‌. എന്നാൽ ഭരണ വിരുദ്ധ വികാരം ഇല്ലാത്തതിനാലും ജനപ്രീതിയിൽ മുഖ്യമന്ത്രിയും സർക്കാരും മുന്നിൽ ഉള്ളതിനാലും വ്യവസ്ഥാപിത കേഡർ വോട്ട് ബാങ്ക് ഇല്ലാത്ത കോൺഗ്രസ്‌,മത്സരിക്കുന്ന സീറ്റുകളിൽ ആടിയുലയുമെന്ന് സഖ്യകക്ഷികൾ ഭയക്കുന്നു. കോൺഗ്രസിന് കനത്ത തിരിച്ചടിയുണ്ടായാൽ മുന്നണിയാകെ തകരുമെന്ന് സഖ്യകക്ഷികൾക്ക് ആശങ്ക ഉണ്ട്‌.

രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധിയ്ക്കും പഴയ പോലെ ആളുകളെ ആകർഷിക്കാൻ കഴിയാതിരിക്കുന്നതും യു ഡി എഫിനെ അലട്ടുന്നുണ്ട്. മാത്രമല്ല രമേശ്‌ ചെന്നിത്തലയുടെ ആരോപണങ്ങൾ ആവർത്തിച്ചതോടെ ഇരുവരും കടുത്ത വിമർശനങ്ങൾക്കും പാത്രമായി. ഇത് ആദ്യമായി നെഹ്‌റു കുടുംബത്തിലെ അംഗങ്ങൾ കേരളത്തിൽ വലിയ തോതിൽ പൊളിറ്റിക്കൽ സ്‌ക്രൂട്ടിനിക്കും വിധേയരായി.

അതേസമയം തന്ത്രപരമായാണ് മുഖ്യമന്ത്രി നെഹ്‌റു കുടുംബത്തിലെ പിന്മുറക്കാരുടെ വിമർശനത്തെ നേരിട്ടത്. അവരെ വ്യക്തിപരമായി ആക്രമിക്കാതെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഊന്നാൻ ആണ് എൽ ഡി എഫ് ശ്രമിച്ചത്. ഇതോടെ വിമർശനങ്ങളിന്മേൽ കൂടുതൽ ചർച്ചയ്ക്കും സാധ്യത ഇല്ലാതായി.

നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് വിഷയങ്ങളിലെ ഫോക്കസ് ഇല്ലായ്മ ഫീൽഡിൽ യു ഡി എഫ് സ്ഥാനാർഥികളെ അലട്ടുന്നുണ്ട്. ഭരണാനുകൂല കാറ്റിൽ കോൺഗ്രസ്‌ ആടിയുലഞ്ഞാൽ പാർട്ടി ഒറ്റയക്കത്തിലേയ്ക്ക് വരെ വീണേക്കാം. ഇത് യു ഡി എഫിനുണ്ടാക്കുന്ന തിരിച്ചടി ചെറുതല്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker