
ത്രിപുരയില്‍ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തില്‍ ആവര്‍ത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ഗൗരവമുള്ളതാണ്.
കേരളത്തില്‍ ഒരു സീറ്റില്‍ പോലും വിജയ സാധ്യത ഉറപ്പിക്കാന്‍ പറ്റാത്ത പാര്‍ടിയാണ് ബിജെപി.
എന്നിട്ടു പോലും ബിജെപിയുടെ പ്രധാന നേതാക്കള്‍ കേരളത്തില്‍ തമ്പടിക്കുന്നതും ഭീഷണികള്‍ മുഴക്കുന്നതും എന്തുദ്ദേശ്യത്തിലാണ് എന്നത് കൗതുകകരമാണ്.
അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയിട്ടാണ് ഈ പുറപ്പാടെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പില്‍ കേരളം അവര്‍ക്ക് നല്‍കും.
ആര്‍എസ്എസിന്റെ വര്‍ഗീയ നീക്കങ്ങള്‍ക്ക് വളര്‍ന്നു പൊങ്ങാന്‍ പറ്റുന്ന ഇടമല്ല ഈ കേരളം. ഒരു വര്‍ഗീയതയെയും ജനങ്ങള്‍ പിന്തുണയ്ക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പില്‍ കേരളം പ്രഖ്യാപിക്കും.
ത്രിപുരയില്‍ കോണ്‍ഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീര്‍ത്തത്.
ഇവിടെ കോണ്‍ഗ്രസ്സും ലീഗുമായി ചേര്‍ന്ന് അത്തരം നീക്കങ്ങള്‍ നടത്തിയപ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം തൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തന്‍ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങള്‍ അറബിക്കടലിലേക്ക് വലിച്ചെറിയും.
വികസന കാര്യങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല.
വികസനവും ക്ഷേമവും ജനങളുടെ അവകാശമാണ് എന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്.
30,000 കോടിയോളം രൂപ ക്ഷേമ പെന്ഷന് ഇനത്തില്‍ ജനങ്ങള്‍ക്ക് നല്കി. 8830 കോടി രൂപ ലൈഫ് ഭവന പദ്ധതിക്ക് ചെലവഴിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.
മൂവായിരം കോടിയിലധികം രൂപ സ്കൂളുകള്‍ ഹൈടെക്കാകാന്‍ വിനിയോഗിച്ചതും ഇതേ നിലപാട് മൂലമാണ്.
ആശുപത്രികളുടെ വളര്‍ച്ച, കാര്‍ഷിക രംഗത്തെ ഉല്‍പ്പാദന വര്‍ധനവ്, വിശപ്പ് രഹിത കേരളത്തിനായുള്ള ചുവടുവെപ്പ് തുടങ്ങി സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്പര്‍ശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഭിമാനം.
കേരളം കേരളമായി തന്നെ നില്ക്കും. വികസനം ചര്‍ച്ച ചെയ്യാനില്ല; ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാം എന്നാണ് യുഡിഎഫിന്റെ വാദം.
വോട്ട് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. ഇരട്ടിപ്പുണ്ടെങ്കില്‍ ഒഴിവാക്കപ്പെടണം എന്ന നിലപാടാണ് എല്ലാവര്ക്കും ഉള്ളത്. അപാകതകള്‍ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങള്‍ പ്രാദേശിക തലത്തില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്.
മലയാളിയുടെ അന്തസ് ലോകത്തില്‍ ഉയര്‍ന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷം. അത് തല്ലിക്കെടുത്താനുള്ള വലതുപക്ഷ ശ്രമങ്ങളെ കേരളീയസമൂഹം തള്ളിക്കളയുന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലം.