കെ.എസ്. ശബരിനാഥന്റെ പ്രചാരണത്തിനിടെ അപകടം; കോണ്‍ഗ്രസ് പ്രവര്ത്തകന് മരിച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രദീപാണ് മരിച്ചത്. അരുവിക്കര യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരിനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അപകടം.
അരുവിക്കര മണ്ഡലത്തിലെ പാലയക്കോണത്താണ് ദാരുണ സംഭവം. പ്രദീപിന്റെ ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോറില്‍ തട്ടുകയും ബൈക്കില്‍ നിന്ന് പ്രദീപ് നിലത്ത് വീഴുകയായിരുന്നു. സമീപത്തു കൂടി വന്ന കെ.എസ്.ആര്.ടി.സി ബസ് പ്രദീപിനെ തട്ടിയതായും പറയുന്നുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേസമയം, പ്രദീപിന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് കെ.എസ് ശബരീനാഥ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വിശ്രമമില്ലാതെ ഇലക്ഷന് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ സജീവ പ്രവര്‍ത്തകനായിരുന്നു ചെറിയാര്യനാടുള്ള പ്രിയപ്പെട്ട പ്രദീപ്. ഇന്നലെ രാത്രി ജംഗ്ഷന് അലങ്കരിക്കാനും രാവിലെ 930 മുതല്‍ ആര്യനാട് പഞ്ചായത്തിലെ വാഹന പര്യടനത്തില്‍ എന്നോടൊപ്പം പ്രദീപ് ഉണ്ടായിരുന്നു. പ്രചരണവുമായി ഓപ്പണ്‍ ജീപ്പില്‍ ഞാന്‍ ചാമവിള നില്‍ക്കുമ്പോഴാണ് പര്യടനത്തിനിടയില്‍ ആര്യനാട്-കുറ്റിച്ചല്‍ റോഡില്‍ അദ്ദേഹത്തിന് അപകടമുണ്ടായത്. ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രദീപിന്റെ ജീവന് രക്ഷിക്കാനായില്ല.
പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍. ഇന്നത്തെ എല്ലാ പ്രചരണപരിപാടികളും ഒഴിവാക്കിയിരിക്കുന്നു. ശബരീനാഥ് കുറിച്ചു.