ബംഗാള്‍ തെരഞ്ഞെടുപ്പ്; പലയിടത്തും അക്രമം, തൃണമൂല്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു,ബിജെപി സ്ഥനാര്‍ത്ഥിയുടെ വാഹനവ്യൂഹത്തിന് കല്ലേറ്

ബംഗാളിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും അക്രമം. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരേ കല്ലേറുണ്ടായി. കല്ലേറില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിന് കേടുപാടുണ്ടായി. സുവേന്ദു അധികാരിയും മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്നാണ് വിവരം.
വ്യാഴാഴ്ച രാവിലെ വെസ്റ്റ് മിഡ്നാപുരിലെ കേശ്പുരില്‍ തൃണമൂല്‍ പ്രവര്‍ത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. ഉത്തം ഗോലുയ് എന്നായാളാണ് തൃണമൂല്‍ പാര്‍ട്ടി ഓഫീസിന് മുന്നില്‍വെച്ച് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് തൃണമൂല്‍ ആരോപിച്ചു.
അതേസമയം, നന്ദിഗ്രാമില്‍ വ്യാഴാഴ്ച രാവിലെ ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബെഖൂട്ടിയയില് താമസിക്കുന്ന ഉദയ് ദുബെ എന്ന ബിജെപി പ്രവര്‍ത്തകനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, മരണത്തിന് പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരുടെ ഭീഷണിയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ഉദയിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ തൃണമൂല്‍ നേതാക്കള്‍ ഇത് നിഷേധിച്ചു.
മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാം ഉള്‍പ്പെടെ 30 നിയമസഭാ മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. പലയിടത്തും അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര സേനയെ അടക്കം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.