KeralaNewsThen Special

കൽപ്പാത്തി ചതിക്കുമോ, മൂന്നാം സ്ഥാനപ്പേടിയിൽ ഷാഫി പറമ്പിൽ

എക്കാലവും ഒപ്പം നിന്ന കൽപ്പാത്തി ഇക്കുറി മെട്രോമാനെ തുണയ്ക്കുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടെ സിറ്റിംഗ് എംഎൽഎ ഷാഫി പറമ്പിൽ. നഗരത്തിലെ ഇരുപതോളം അഗ്രഹാരങ്ങളിലായി ആറായിരത്തോളം വോട്ടുണ്ട്. ഇതിൽ സിംഹഭാഗവും രണ്ടു തിരഞ്ഞെടുപ്പിലും ഷാഫിയെ പിന്തുണച്ചവരാണ്. ആ വോട്ടു ബാങ്ക് ഇ ശ്രീധരന് അനുകൂലമായി അപ്പാടെ മറിയുമെന്ന ഭീതിയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. അങ്ങനെ സംഭവിച്ചാൽ എൻ എൻ കൃഷ്ണദാസിന്റെ കാര്യത്തിലെന്നപോലെ മൂന്നാം സ്ഥാനത്തേയ്ക്കു പതിക്കാനുള്ള സാധ്യത യുഡിഎഫ് മുന്നിൽ കാണുന്നുണ്ട്.

ഇതിനു പുറമെയാണ് എ വി ഗോപിനാഥും കൂട്ടരും സൃഷ്ടിച്ച പ്രതിസന്ധി. പാലക്കാട് കോൺഗ്രസിലെ അതികായനായ ഗോപിനാഥ് കൂടുതുറന്നുവിട്ട കടുത്ത എതിർപ്പ് തിരഞ്ഞെടുപ്പിലെങ്ങനെ പ്രതിഫലിക്കും എന്ന പേടിയും യുഡിഎഫിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പിലും പ്രകടമായ ആത്മവിശ്വാസം ഇപ്പോൾ അവർക്കില്ല ഇല്ല എന്നാണ് യാഥാർത്ഥ്യം.

2016ലെ തിരിച്ചടി പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ മറികടന്ന ആത്മവിശ്വാസം മറുവശത്ത് എൽഡിഎഫിനുണ്ട്. പാർടിയിലെ അതികായനായ എൻ എൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേയ്ക്ക് മറിച്ചിട്ട മണ്ഡലമാണ് പാലക്കാട്. പതിനെണ്ണായിരത്തിലധികം വോട്ടുകൾക്കാണ് അന്ന് എൽഡിഎഫ് യുഡിഎഫിനു പിന്നിലായത്. കൃഷ്ണദാസിനെ മറികടന്ന് ബിജെപിയുടെ തീപ്പൊരിത്താരം ശോഭാ സുരേന്ദ്രൻ യുഡിഎഫിന് പിന്നിലെത്തി.

എന്നാൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സ്ഥിതി മാറി. പാലക്കാട് മണ്ഡലത്തിൽ എൻഡിഎയെ മറികടന്ന് എം ബി രാജേഷ് രണ്ടാംസ്ഥാനത്തെത്തി. യുഡിഎഫുമായുള്ള വോട്ടുവ്യത്യാസം നാലായിരത്തിലേയ്ക്ക് ചുരുങ്ങുകയും ചെയ്തു. ആകെ വോട്ട് നാൽപതിനായിരം തികയ്ക്കാതെ എൻഡിഎ മൂന്നാം സ്ഥാനത്തായി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി. യുഡിഎഫ് – എൽഡിഎഫ് വോട്ടുവ്യത്യാസം മൂവായിരത്തിലേയ്ക്കു ചുരുങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുർടച്ചയായി പഴങ്കഥയാക്കിയ ആത്മവിശ്വാസം എൽഡിഎഫിനുണ്ട്.

പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ വോട്ടുകൾ എൽഡിഎഫ് നിലനിർത്തിയാൽ, പാലക്കാട് മണ്ഡലം തീപാറുന്ന ത്രികോണ മത്സരത്തിന് വേദിയാകും. പാളയത്തിലെ പടയും സ്ഥിരം വോട്ടുബാങ്കിലെ ചോർച്ചയും യുഡിഎഫിന് തിരിച്ചടിച്ചാൽ എൻഡിഎയും എൽഡിഎഫും തമ്മിലുള്ള ഫോട്ടോഫിനിഷിലേയ്ക്കാണ് പാലക്കാട് നീങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker