IndiaNEWS

കർപാത്രി മഹാരാജിൽ നിന്നും അബ്ദുറഹ്മാൻ കല്ലായിലേക്കുള്ള ദൂരം

ർമ്മയുണ്ടോ കർപാത്രി മഹാരാജ് എന്ന തീവ്രഹിന്ദു സന്യാസിയെ? ഹിന്ദു കോഡ് ബില്ലെതിർത്ത് ദില്ലി രാംലീല മൈതാനത്ത് പ്രതിഷേധിച്ച ആൾക്കൂട്ടത്തോട് അയിത്തക്കാരൻ്റെ ബില്ലല്ലേ എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു കർപാത്രി. ഏഴ് പതിറ്റാണ്ടിനിപ്പുറം കർപാത്രി വീണ്ടും പുതിയ വേഷമിട്ടിറങ്ങി.കോഴിക്കോട് കടപ്പുറത്തെ വഖഫ് പ്രതിഷേധ റാലിയിൽ.അന്ന് അയിത്തജാതിക്കാരൻ്റെ ബില്ല്, ഇന്ന് ചെത്ത് തൊഴിലാളിയുടെ കേരളം.ദില്ലിയിലെ രാംലീല മൈതാനം പോലെ മതം കടന്ന ജാതി വെറി മറ നീക്കിയ കോഴിക്കോട്ടെ സായാഹ്നം.
 മുണ്ടയിൽ കോരൻ എന്ന ചെത്തുതൊഴിലാളി മരിച്ചിട്ട് വർഷങ്ങളായി.മകൻ മുഖ്യമന്ത്രിയായി. ചരിത്ര തുടർച്ചയോടെ രണ്ടാമതും മുഖ്യമന്ത്രിയായി.നേതാക്കളിൽ ഏറ്റവും വലിയ ജനപിന്തുണ നേടി. പാർട്ടിയിലെ ഉന്നത പദവിയിലെത്തി. അച്ഛൻ്റെ അധ്വാനത്തിലും വിയർപ്പിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞത് ഹർഷാരവത്തോടെ ഏറ്റെടുത്തു.  എന്നാലും പിണറായി ചെത്തുകാരൻ്റെ മകൻ എന്ന ജാതി ടാഗിലാണ് അവർ രാഷ്ട്രീയ മർമം കണ്ടെത്തുന്നത്. മരിച്ചാലും തീരില്ല,ജാതിബോധം എന്നവർ ആവർത്തിച്ചുറപ്പിക്കുയാണ്. ഹിന്ദുത്വ വാദികളുടെ മുദ്രാവാക്യം ഒരു ന്യൂനപക്ഷ ‘മത പാർട്ടി’ ഏറ്റെടുക്കുകയാണ്. മതേതര വിവാഹം വ്യഭിചാരമാണന്ന താലിബാനിസം അവർത്തിക്കുകയാണവർ.പാർട്ടി വിട്ടാൽ ദീനകന്നു എന്ന വർഗ്ഗീയ നിർവ്വചനം നൽകുകയാണവർ. ഇതിനപ്പുറം പറയാനൊന്നുമില്ലാതെ കടപ്പുറത്തലയുകയാണവർ. വർത്തമാനകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രതിരോധമാകേണ്ടവർ ഭൂരിപക്ഷ വർഗ്ഗീയതയുടെ ഒറ്റുകാരാകുന്ന കാഴ്ച!
ഇന്ന് മനുഷ്യാവകാശദിനമാണ്. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശങ്ങൾ അനുസരിച്ചു വിവാഹിതരായ പ്രായപൂർത്തി ആയ രണ്ടു  വ്യക്തികൾ ആണ് വീണയും റിയാസും. അത് വിവാഹമല്ല, വ്യഭിചാരമാണ് എന്ന് പരസ്യമായി, വൻ ജനാവലിയെ സാക്ഷി നിർത്തി, പൊതുവേദിയിൽ വിളിച്ചു പറഞ്ഞത് ഒരു രാഷ്ട്രീയപാർട്ടിയുടെ സംസ്ഥാനനേതാവാണ്.അബ്ദുറഹ്മാൻ കല്ലായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി.
സർക്കാർ  നയങ്ങളോടുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് രാഷ്ട്രീയമായിട്ടാണ്.വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്കു വിടുന്ന വിഷയത്തിൽ വീണയുടെയും റിയാസിന്റെയും വിവാഹത്തിന് എന്താണ് പ്രസക്തി?എന്തിനാണ് വീണ്ടും വീണ്ടും അവരുടെ സ്വകാര്യമായ തീരുമാനങ്ങളെ  പൊതുവേദിയിലേക്ക് വലിച്ചിഴക്കുന്നത്? ക്വിയർ സമൂഹം  മുസ്ലിം ലീഗിനോട് എന്ത് തെറ്റ് ചെയ്തു? അണികളുടെ ആവേശം കൂട്ടാൻ എന്ന പേരിൽ ഇക്കിളി പരാമർശങ്ങളും വംശീയ/ സ്ത്രീവിരുദ്ധ അധിക്ഷേപങ്ങളും, സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനകളും ഇതിനു മുൻപ് നടത്തിയിട്ടുള്ള  ‘എല്ലാ രാഷ്ട്രീയ/ സാമുദായിക നേതാക്കളോടും’  ഈ മനുഷ്യാവകാശദിനത്തിൽ ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ- വ്യക്തി എന്ന നിലയിൽ ഓരോ മനുഷ്യന്റെയും  അന്തസ്സിന് വില കല്പിക്കുമ്പോൾ മാത്രമാണ്, വിയോജിപ്പുകളോട് പോലും സഭ്യമായ ഭാഷയിൽ  സംവദിക്കുമ്പോൾ  മാത്രമാണ് നിങ്ങൾ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം പ്രസക്തം  ആകുന്നത്.
അതേസമയം വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തില്‍ സൂചിപ്പിക്കാന്‍ ഉദേശിച്ചതെന്നും ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ഉദ്യേശിച്ചിരുന്നില്ല എന്നും അബ്ദുറഹ്മാന്‍ കല്ലായി ഇന്നിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

Back to top button
error: