
നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ദപ്പെട്ട് സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ചാര്‍ജ് വഹിക്കുന്ന ജഡ്ജി സുരേഷ്കുമാറാണു ക്രൈബ്രാഞ്ചിനു ചോദ്യം ചെയ്യാനുള്ള അനുമതി നല്‍കിയത്.
നയതന്ത്രപാഴ്സല്‍ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാന് സമ്മര്‍ദം ചെലുത്തിയെന്ന കേസിലെ പരാതിക്കാരനാണ് സന്ദീപ് നായര്‍.
ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പൂജപ്പുര ജയിലിനുള്ളില്‍ സന്ദീപ്നായരെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യും. ജയില്‍ അധികാരികളുടെ സൗകര്യം കൂടി പരിഗണിച്ച് അടുത്ത 7 ദിവസങ്ങള്‍ക്കുള്ളില്‍ സന്ദീപ് നായരെ ചോദ്യം ചെയ്യണമെന്നാണു ക്രൈംബ്രാഞ്ചിന്റെ അപേക്ഷയില്‍ പറയുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസാണു മുഖ്യമന്ത്രിക്കെതിരെ കേന്ദ്രഏജന്‍സി ഗൂഢാലോചന നടത്തിയെന്ന കേസില്‍ സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അപേക്ഷ സമര്‍പ്പിച്ചത്.