
വാഗമൺ: അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 19 കാരൻ അറസ്റ്റിൽ. വാഗമണ്ണിലാണ് നാടിനെ നടുക്കുന്ന കൊലപാതകം നടന്നത്. കോട്ടമല മൂന്നാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന രാമറുടെ ഭാര്യ വിജയകുമാരി (43) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകൻ ശരത് കുമാറി (19) നെ വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ക്രൂരമായ കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് വിജയുകുമാരിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിജയകുമാരിയുടെ മരണത്തിൽ സംശയം തോന്നി വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് മകനാണ് കൊലയാളിയെന്ന് കണ്ടെത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കൊലപാതകം ആസൂത്രിതമായിരുന്നോയെന്ന് പരിശോധിക്കുകയാണെന്നും വാഗമൺ പൊലീസ് ഇൻസ്പെക്ടർ ആർ. ജയസനിൽ അറിയിച്ചു.