
കളമശ്ശേരി മുട്ടാര്‍ പുഴയില്‍ മരിച്ച ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ വൈഗ (13) യുടെ പിതാവ് സനു മോഹനായി തിരച്ചില്‍ ശ്കതമാക്കി പോലീസ്. സനുവിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പൂനെയില്‍ കേസുകളുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം ഗൗരവത്തോടെയാണ് നീങ്ങുന്നത്.
സനുവിന്റെ കാര്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നതായി പോലീസ് സ്ഥിരീകരിച്ചെങ്കിലും അത് സനു തന്നെയാണോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, കാര്‍ കോയമ്പത്തൂര്‍ സുഗുണപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍, തമിഴ്നാട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സനുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ ഓടിച്ചതാരാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമല്ലതാനും. പണം കിട്ടാനുള്ള ആരെങ്കിലും കാര്‍ തട്ടിയെടുത്തതാകാന് സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, ഒരാള്‍ക്കു 40 ലക്ഷം രൂപ കൊടുക്കാനുണ്ടെന്നും അതിനുള്ള തുക തന്റെ അക്കൗണ്ടിലുണ്ടെന്നും സനു അടുപ്പക്കാരോടു പറഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സനുവിന്റെ അക്കൗണ്ടുകളില്‍ സമീപകാലത്തു വലിയ ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. സനുവിന്റെ കൈയില്‍ 3 ഫോണാണുള്ളത്. 3 ഫോണുകളും 21 മുതല്‍ സ്വിച്ചോഫ് ആണ്. സനുവിന്റെ 2 ഫോണുകളും ഭാര്യയുടെ ഫോണുമാണിത്. കാണാതാകുന്നതിനു മുന്‍പു സനു ഒരു ഫോണ്‍ കങ്ങരപ്പടിയില്‍ വിറ്റതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇവയുടെയെല്ലാം കോള്‍, എസ്എംഎസ് വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ചില നമ്പറുകള്‍ നിരീക്ഷണത്തിലാണ്. സനുവിന്റെ ആധാര്‍ കാര്‍ഡ് വച്ച് പുതിയ സിം എടുത്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ഫ്ലാറ്റില്‍ നിന്നു വൈഗയെ തോളില്‍ കിടത്തി ബെഡ്ഷീറ്റു കൊണ്ടു പുതപ്പിച്ചാണ് സനു കൊണ്ടുപോയതെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, ഫ്ലാറ്റില്‍ കൂടുതലാരെങ്കിലും വന്നതിന്റെയോ സംഘര്‍ഷമുണ്ടായതിന്റെയോ തെളിവൊന്നുമില്ല. രക്തക്കറ പോലെ തോന്നുന്ന അടയാളങ്ങള്‍ മുറിയില്‍ കണ്ടെത്തിയിരുന്നു. വൈഗയുടെ ശരീരത്തില്‍ പരുക്കൊന്നുമില്ലായിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. മുങ്ങി മരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം.
കഴിഞ്ഞ 21നാണ് 12 മണിയോടെയാണ് മഞ്ഞുമ്മല്‍ ആറാട്ടുകടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന് തെക്കുവശത്തു നിന്നും വൈഗയുടെ മൃതദേഹം കണ്ടെത്തിയത്.പെണ്‍കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അപ്പോഴും പിതാവിനെ കുറിച്ച് വിവരങ്ങളൊന്നും കണ്ടെത്താനായിരുന്നില്ല. മഞ്ഞുമ്മല്‍ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്.
മകളും ഒന്നിച്ച് പിതാവ് പുഴയില്‍ ചാടിയത് ആകാമെന്നായിരുന്നു പോലീസിന്റെ സംശയം. തുടര്‍ന്ന് പുഴയിലും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്.സനു മോഹനനും ഭാര്യ രമ്യയും മകള്‍ വൈഗയും അഞ്ചു വര്‍ഷമായി കങ്ങരപടിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍ സനു മോഹന്‍ സകുടുംബം എത്തിയിരുന്നു. പിന്നീടാണ് ഇവരെ കാണാതായത്.