Big Breaking

രാജ്യത്തിന്റെ സമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് തുലയ്ക്കുകയാണ് കേന്ദ്ര – കേരള സര്‍ക്കാരുകൾ: പ്രിയങ്ക ഗാന്ധി

കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി പ്രിയങ്ക ഗാന്ധി.
കരുനാഗപ്പള്ളിയില്‍ യു.ഡി.എഫ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു.

മുഖ്യമന്ത്രിയുടെ ശ്രദ്ധ സ്വര്‍ണ്ണക്കടത്തിലും കള്ളക്കടത്തിലും ആയിരുന്നുവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. അതേസമയം കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണം എന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അഴിമതിയെ കുറിച്ച്‌ ചോദിക്കുമ്പോള്‍ ഒന്നും തനിക്ക് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തന്റെ മൂക്കിന് താഴെ നടക്കുന്ന കാര്യങ്ങളെ കുറിച്ച്‌ പോലും മുഖ്യമന്ത്രി അറിയുന്നില്ല. ലൈഫ് മിഷന്‍ കരാറിലും സ്വര്‍ണ്ണക്കടത്തിലും ഇ.എം.സി.സി കരാറിലും സ്പ്രിംഗ്‌ളര്‍ കരാറിലും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലെന്നും പ്രിയങ്ക പരിഹസിച്ചു.

കോര്‍പറേറ്റ് പ്രകടന പത്രികയാണ് എല്‍.ഡി.എഫിന്റേത്. ഇവിടുത്തെ സമ്പത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നു. കേരള സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാരുമായും ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായും പ്രിയങ്ക ഗാന്ധി താരതമ്യം ചെയ്തു. കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് വിറ്റ് തുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണ് കേരള സര്‍ക്കാരിനുമുളളത്.

വാളയാര്‍ കേസ് സര്‍ക്കാര്‍ കൈകാര്യം ചെയ്തത് ഹാത്രസ് കേസ് യുപി സര്‍ക്കാര്‍ കൈകാര്യം ചെയ്തത് പോലെ ആണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യോഗിയുടെ ഭാഷയില്‍ ആണ് സി.പി.എമ്മിന്റെ സഖ്യകക്ഷികള്‍ ലൗ ജിഹാദിനെ കുറിച്ച്‌ സംസാരിക്കുന്നത്. അക്രമത്തിന്റെയും അഴിമതിയുടേയും രാഷ്ട്രീയമാണ് സിപിഎമ്മിന്. ബിജെപിക്ക് വര്‍ഗീയ വിഭജന രാഷ്ട്രീയമാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെത് ഭാവിയെ കുറിച്ച്‌ കാഴ്ചപ്പാടുളള രാഷ്ട്രീയം ആണെന്നും പ്രിയങ്ക പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker