
കൊച്ചി: നിലവിലെ നിയമസഭയുടെ കാലാവധിയിൽ തന്നെ കേരളത്തിൽ രാജ്യസഭാ തിരഞ്ഞെടുപ്പും നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് മാറ്റിവച്ചു. ഇതിനെതിരെ സി.പി.എമ്മും നിയമസഭാ സെക്രട്ടറിയുമാണ് ഹർജികളുമായി കോടതിയെ സമീപിച്ചത്.
മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്ന 21ന് മുൻപ് തന്നെ അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു. തുടർന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂലമുള്ള വിശദീകരണം തേടി. പക്ഷേ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താനാവുമെന്ന് കൃത്യമായി പറയാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയത്. ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽത്തന്നെ തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം 19 ദിവസം ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനായി ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 21ന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വിജ്ഞാപനം പുറത്തിറങ്ങേണ്ടിയിരിക്കുന്നു. അതിന് ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് എപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ഉറപ്പ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനും സാധിക്കാത്തതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
ഹർജികൾ ഏപ്രിൽ ഏഴിന് വീണ്ടും പരിഗണിക്കും.