എം.ജി.എസ് നാരായണൻ പോസ്റ്റല്‍വോട്ട് ചെയ്തില്ല. ജീവിച്ചിരിപ്പില്ലെന്ന് ബി.എല്‍.ഒ.യുടെ റിപ്പോർട്ട്

കോഴിക്കോട്: ചരിത്രകാരൻ ഡോ. എം.ജി.എസ്. നാരായണന് പോസ്റ്റൽവോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ജീവിച്ചിരിപ്പില്ലെന്ന് ബി. എൽ.ഒ. റിപ്പോർട്ട് ചെയ്തതാണു കാരണം.
സാമൂഹികമാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് ബി.എൽ.ഒ അത്തരത്തിൽ റിപ്പോർട്ട് നൽകിയത്. കോൺഗ്രസ് പ്രവർത്തകർ പരാതി ഉന്നയിച്ചതോടെ അബദ്ധംപറ്റിയതാണെന്ന് ബി.എൽ.ഒ പറഞ്ഞു. അതിനാൽ മറ്റു നടപടികളിലേക്ക് നീങ്ങിയില്ല.
എൺപത് വയസ്സ് പിന്നിട്ടവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ, ക്വാറന്റീനിൽ കഴിയുന്നവർ എന്നിവർക്കാണ് വീട്ടിൽനിന്ന് തപാൽവോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കിയിരുന്നത്.
എം.ജി.എസിന് എൺപത് പിന്നിട്ടെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ജീവിച്ചിരിപ്പില്ലെന്ന റിപ്പോർട്ട് വന്നതിനാൽ തപാൽവോട്ടിനുള്ള ലിസ്റ്റിൽ അദ്ദേഹം ഉൾപ്പെടാതെപോയി. വോട്ടർപട്ടികയിൽ പേരുള്ളതിനാൽ ഏപ്രിൽ ആറിന് പോളിങ് ബൂത്തിൽ എം.ജി.എസിന് പ്രത്യേക സൗകര്യമൊരുക്കുമെന്ന് കളക്ടർ എസ്. സാംബശിവറാവു പറഞ്ഞു. അദ്ദേഹത്തിന് പോസ്റ്റൽബാലറ്റ് നൽകാൻ കഴിഞ്ഞില്ല. എം.ജി.എസുമായി നേരിട്ട് സംസാരിച്ചുവെന്നും കളക്ടർ പറഞ്ഞു.