NewsThen Special

പെരുമാറ്റച്ചട്ടം ലംഘിച്ചു; സുരേഷ് ഗോപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് രാജ്യസഭ എം.പിയും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ കമ്മീഷനില്‍ പരാതി. എല്‍.ഡി.എഫ് തൃശൂര്‍ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയും ഇലക്ഷന്‍ ഏജന്റുമായ അഡ്വ. കെ ബി സുമേഷാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ത്ഥിച്ച് എത്തിയ സമയത്ത് എം.പി.യായ അദ്ദേഹം സ്വന്തം കൈയില്‍നിന്നോ എം.പി ഫണ്ടില്‍നിന്നോ ഒരു കോടി രൂപ ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു.

സുരേഷ് ഗോപി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 68 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. കേവലം 40,000 രൂപ മാത്രമാണ് തന്റെ കൈവശമുള്ളതെന്നും ഭാര്യയുടെ കൈവശം 25,000 രൂപയും വിവിധ അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ടെന്നുമാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തന്റെ വീട്ടില്‍നിന്ന് പണം കൊണ്ടുവന്നായാലും ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ആളുകളെ കബളിപ്പിക്കലാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇങ്ങനെയൊരു വാഗ്ദാനം നല്‍കിയ സുരേഷ് ഗോപി സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞിരിക്കുന്നതായി സംശയിക്കണം. എം.പി എന്ന നിലയില്‍ സുരേഷ് ഗോപി പദവി ദുരുപയോഗിക്കുക കൂടി ചെയ്തിരിക്കുന്നു.

തൃശൂര്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ശക്തന്‍ നഗറിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ കോണി വെച്ചുകെട്ടി മാലയിട്ട സുരേഷ് ഗോപിയുടെ നടപടിയും ശ്രീ വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ ചിത്രം മുദ്രണം ചെയ്ത പോസ്റ്ററുകളാണ് സുരേഷ് ഗോപിയുടെ പ്രചരണാര്‍ത്ഥം നഗരത്തിലും ബി ജെ പി യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഉപയോഗിച്ചുവരുന്നത്. ഇതും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണ് പരാതിയിലെ പരാമര്‍ശം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker