ColumnTRENDING

ചാരത്തിൽ നിന്ന് ഉയിർ കൊണ്ട ഫിനിക്സ് പക്ഷികൾ

പംക്തി:
മിനി വിനീത്

പരമ്പരാഗത സൗന്ദര്യ മാപിനികൾ ‘ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ’ എന്ന പട്ടം ചാർത്തി നൽകിയ ലിസിയുടെയും ഒരുവൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന് പതിനാറാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മിയുടെ യും ജീവിതം ആരെയും ആവേശഭരിതരാക്കും.

സത്യമോ, നുണയോ എന്നറിയാത്ത ഒരു കഥയുണ്ട്. ഡെൻമാർക്കിലെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പണ്ട് ഒരു മാന്ത്രിക പുസ്തകം ഉണ്ടായിരുന്നത്രേ.
ഓരോ പേജും മറിക്കാൻ പ്രയാസമായതുകൊണ്ട് തുപ്പൽ തൊട്ടാണ് പേജുകൾ മറിച്ചിരുന്നത്. വായന അവസാന പേജിൽ എത്തുമ്പോഴേക്കും വായിക്കുന്ന ആൾ കുഴഞ്ഞ് വീണ് മരിച്ചിട്ടുണ്ടാകും. (താളുകളിലെ വിഷ സാന്നിദ്ധ്യം പിന്നീട് കണ്ടു പിടിക്കപ്പെട്ടു.) അതിശയയോക്തി എന്ന് തോന്നാം.
പക്ഷേ അത്തരമൊരു പുസ്തകമുണ്ട്. വായിച്ചു തീരുമ്പോഴേക്കും വായനക്കാരനെ കൊന്നുകളയുന്ന ഒരു പുസ്തകം.

നമ്മുടെ അഹന്തകളെയും സങ്കൽപ്പങ്ങളെയും സ്വാഭിമാനത്തെയും തരിപ്പണമാക്കിക്കളയുന്ന ഒരു കൃതി. അതിൻ്റെ പേരാണ്, ‘ലിസി ബ്യൂട്ടിബുൾ.’
പരമ്പരാഗത സൗന്ദര്യ മാപിനികൾ ‘ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ’ എന്ന പട്ടം ചാർത്തി നൽകിയ ലിസി വെലാസ്കസിൻ്റെ ആത്മകഥ…
ലോകം മുഴുവൻ തനിക്കു നേരെ മുഖം തിരിച്ചപ്പോൾ അവൾ ആ വെറുപ്പിനെ അലങ്കാരമായി സ്വീകരിച്ചു. അവിടെ ‘wound the place where light enters you’ എന്ന കവി വചനം അക്ഷരാർത്ഥത്തിൽ സത്യമായി. തന്റെ നിലപാടുകളിലൂടെ, പ്രവർത്തനങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ലിസി ഇന്ന് അറിയപ്പെടുന്ന ഒരു മോട്ടി വേഷണൽ സ്പീക്കർ കൂടിയാണ്.

ഇനി മറ്റൊരാളുടെ കഥ കേൾക്കാം.

 

ലക്ഷ്മി സാ —-
ഒരുവൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന് പതിനാറാം വയസിൽ ആസിഡ് ആക്രമണത്തിന് ഇരയായവൾ.
അതിസുന്ദരിയും നർത്തകിയുമായിരുന്ന ലക്ഷ്മിയുടെ ജീവിതം കീഴ്മേൽ മറിഞ്ഞു പോയി. മരണത്തിൻ്റെ പിടിയിൽ നിന്നും വഴുതി മാറി ജീവിതം ജീവിച്ചു കാട്ടി അവൾ. ആസിഡ് ആക്രമണത്തിനെതിരെ നിയമനിർമാണം നടത്താനുള്ള തീരുമാനത്തിലേക്ക് കേന്ദ സർക്കാരിനെ നയിച്ചത് ലക്ഷ്മിയുടെ നിയമ പോരാട്ടങ്ങളായിരുന്നു.

ആസിഡ് ആക്രമണത്തിന് ഇരയായ നിരാലംബരായ അനേകം യുവതികളെ പുനരധിവസിപ്പിക്കുന്ന സംഘടനയുടെ മേധാവിയാണ് ലക്ഷ്മി.
അന്താരാഷ്ട്ര തലത്തിൽ നിന്നു പോലും നിരവധി അവാർഡുകൾ ലക്ഷ്മിയെ തേടി എത്തി. പക്ഷേ ലക്ഷ്മിക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയത് താൻ ഒരമ്മയായി എന്നറിഞ്ഞപ്പോഴാണ്. കാലങ്ങളായി തുടരുന്ന .പെൺപോരാട്ടങ്ങളെ, നീതിക്കുവേണ്ടിയുള്ള കരച്ചിലുകളെ കണ്ടില്ലെന്നു നടിക്കുകയാണ് ലോകം. തൊഴിലിടങ്ങളിലും കുടുംബത്തിലും സമൂഹത്തിലും നിറത്തിന്റെയും കുലത്തിന്റെയും പേരിൽ അവഗണനകൾ സഹിക്കുന്ന സ്ത്രീകളുണ്ട്.

തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ട് വൈരൂപ്യപ്പെട്ട് നരകതുല്യമായ ജീവിതം നയിക്കുന്ന ഒരു പാട് സ്ത്രീകളുടേതു കൂടിയാണ് ഈ ലോകം.
മോട്ടിവേഷൻ എന്ന അതിവിശാലമായ വാക്കിനെ സൗന്ദര്യമെന്ന കേവല സങ്കല്പത്തിലേക്ക് തളച്ചിടുകയാണ് ഈ പുരോഗമന സമൂഹം. ഒരു പ്രിവിലേജിൻ്റെയും പിൻബലമില്ലാതെ വിജയിച്ചു വന്ന ലിസിയെയോ ലക്ഷ്മിയെയോ നിരീക്ഷിക്കുമ്പോൾ തോന്നാത്ത മോട്ടിവേഷൻ, എല്ലാ പ്രിവിലേജുകളുടെയും പിൻബലത്തോടെ കടന്നു വരുന്ന ഒരാളിൽ നിന്ന് അനുഭവിച്ചെങ്കിൽ അവിടെ പ്രയോഗിക്കണ്ട പദം മോട്ടിവേഷൻ എന്നല്ല മറിച്ച് ആരാധന എന്നാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker