മരുഭൂമിയെ ഹരിതാഭമാക്കാന്‍ 1000 കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കും: മുഹമ്മദ് ബിന്‍ സല്മാന്

സൗദി അറേബ്യയിയെ പ്രകൃതി സൗഹൃദവും കാര്‍ബണ്‍ മാലിന്യ മുക്തവുമാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്.
സൗദി ആന്റ് മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ്സ് എന്ന പേരിലാണ് പദ്ധതി പ്രഖ്യാപനം നടന്നിരിക്കുന്നത്. വരുന്ന പതിറ്റാണ്ടിനുള്ളില്‍ 1000 കോടി മരങ്ങള്‍ സൗദിയില്‍ നട്ടുവളര്‍ത്തുമെന്നാണ് പ്രഖ്യാപനം. ഇതിനു പുറമെ മറ്റു പശ്ചിമേഷ്യന്‍ ഭാഗങ്ങളിലായി 40 ബില്യണ്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ വനപുനരുദ്ധാരണ പദ്ധതിയാണ് ഇതെന്നാണ് മുഹമ്മദ് ബിന്‍ സല്മാന് അവകാശപ്പെടുന്നത്. എന്നാല്‍ എങ്ങനെ ഈ പദ്ധതി നടപ്പാക്കുമെന്ന് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. മരുഭൂമിയും കാലാവസ്ഥയും കുറഞ്ഞ ജലശ്രോതസ്സുകളുമുള്ള രാജ്യത്ത് 1000 മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന പദ്ധതി എത്രമാത്രം വിജയകരമാവുമെന്നതില്‍ വിദഗ്ധര്‍ സംശയിക്കുന്നു.
“ഒരു പ്രമുഖ ആഗോള എണ്ണ ഉല്പാദകര് എന്ന നിലയില്‍ കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ഞങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നന്നായി അറിയാം. എണ്ണ, വാതക കാലഘട്ടത്തില്‍ ഊര്‍ജ വിപണികളില്‍ പ്രധാന പങ്ക് ഞങ്ങള്‍ വഹിച്ചതു പോലെ വരുന്ന ഹരിത കാലഘട്ടത്തിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും…” മുഹമ്മദ് ബിന്‍ സല്മാന് പറയുന്നു.