Big Breaking

മണ്ഡലത്തില്‍ വലിയ വികസനം കൊണ്ടുവന്നു: റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഒന്നും കാണാനില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷ്

കാസര്‍കോട്: വികസന കാര്യങ്ങൾ ചർച്ച ചെയ്ത കാഞ്ഞങ്ങാട്ടെ ഇരുമുന്നണികളിലേയും സ്ഥാനാര്‍ത്ഥികള്‍ ഒടുവിൽ കൊമ്പുകോര്‍ത്തു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചസഭയിലാണ് കാഞ്ഞങ്ങാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ. ചന്ദ്രശേഖരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി സുരേഷും പൊരിഞ്ഞ വാക്പയറ്റിലെത്തിയത്. കാഞ്ഞങ്ങാട് മണ്ഡലത്തിലെ സര്‍വ്വമേഖലയിലും വികസനം കൊണ്ടുവന്നതായി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മന്ത്രി പദവി ഉപയോഗപ്പെടുത്തി 3530 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടത്തിയത്. ഒന്നും വെറുതെ പറയുന്നതല്ല. മലയോര ഹൈവേ ഉള്‍പ്പെടെ നാടിന്റെ സ്വപ്‌നങ്ങള്‍ പലതും പൂവണിയിച്ചു.

900 കോടി രൂപയുടെ റോഡ് വികസനമാണ് നടപ്പിലാക്കിയത്. റാണിപുരത്തിന്റെ മുഖംമാറ്റുന്നതിന് ഫണ്ട് അനുവദിച്ചു. കാഞ്ഞങ്ങാട് നഗരത്തില്‍ ബീച്ച് പാര്‍ക്ക് ഉള്‍പ്പെടെ പൈതൃക നഗരം ഒരുക്കുന്നതിന് 10 കോടി രൂപയുടെ പദ്ധതിയുണ്ട്. 54 വിദ്യാലയങ്ങളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഒരുക്കുന്നതുള്‍പ്പെടെ 106 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചു. മറ്റു മണ്ഡലങ്ങളില്‍ ഹൈടെക് ക്ലാസ് ഒരുക്കുന്നതിന് മുമ്പ് തന്നെ തന്റെ മണ്ഡലത്തില്‍ പ്രവൃത്തി ആരംഭിച്ചു. പനത്തടി പുതിയ താലൂക്ക് ആസ്പത്രിക്കായി നടപടി സ്വീകരിച്ചു. ജില്ലാ ആസ്പത്രിയില്‍ അടിയന്തിര ഹൃദ്രോഗ ചികിത്സ ആരംഭിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആസ്പത്രിക്കായി 12 കോടി രൂപ അനുവദിച്ചു. 12 കോടി രൂപ ചെലവില്‍ റവന്യൂ ടവര്‍ നിര്‍മ്മിച്ചു. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്ക് 20 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. ഇത്തവണ കൂടുതല്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

എന്നാല്‍ മന്ത്രിസഭയില്‍ രണ്ടാമനായിരുന്നിട്ടും, പലതും ചെയ്യാമായിരുന്നിട്ടും ചന്ദ്രശേഖന്‍ ഒന്നും ചെയ്തില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി സുരേഷ് ആരോപിച്ചു. പലതും ചെയ്‌തെന്നുപറയുന്നുണ്ടെങ്കിലും ഒന്നും കാണാനില്ല. തീരദേശ-മലയോര മേഖലയില്‍ കാര്യമായ പദ്ധതികളൊന്നുമില്ല. റീസര്‍വേ കൊണ്ടുവന്നെങ്കിലും ഇതിന്റെ ദുരിതം ജനങ്ങള്‍ ഏറെ അനുഭവിച്ചു. ഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ക്കായി ജനങ്ങള്‍ വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. കടല്‍ ക്ഷോഭം രൂക്ഷമായ തീരദേശ മേഖലകളിലും വലിയ ദുരിതമാണ്. കടല്‍ ഭിത്തി നിര്‍മ്മിക്കുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. അജാനൂര്‍ മിനിഹാര്‍ബര്‍ നിര്‍മ്മാണവും തുടങ്ങിയിട്ടില്ല. മലയോര ഹൈവേക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ്. ജില്ലാ ആസ്പത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി ഉയര്‍ത്താന്‍ സൗകര്യമുണ്ടായിട്ടും അതിനായി ശബ്ദിച്ചില്ല. അമ്മയും കുഞ്ഞും ആസ്പത്രി ആരംഭിച്ചെങ്കിലും അവിടെ വെള്ളവും വെളിച്ചവുമില്ല. വലിയ കെട്ടിടങ്ങള്‍ അനുവദിച്ചതല്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല.

പൂടംകല്ല്-പാണത്തൂര്‍ റോഡ് നിര്‍മ്മാണം പാതിവഴിയിലാണ്. കാട്ടാനകളുടെ ശല്യം തടയുന്നതിന് ആനമതില്‍ നിര്‍മിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. കാര്‍ഷിക മേഖലയെ പാടെ അവഗണിച്ചു. ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമിയുള്ള മണ്ഡലമായിരുന്നിട്ടു കൂടി വലിയ സംരംഭങ്ങളൊന്നും കൊണ്ടുവന്നില്ല. വെള്ളരിക്കുണ്ട് താലൂക്കിന് ഇന്നും ആസ്ഥാന മന്ദിരമില്ല. ജനങ്ങളുടെ പ്രതീക്ഷ യു.ഡി.എഫിലാണ്. വലിയ ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്ന് പി.വി സുരേഷും അവകാശപ്പെട്ടു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker