
ആഗോള പ്രശസ്തി നേടിയ തൃശൂർ പൂരവും പൂര പ്രദർശനവും ആചാര പെരുമയോടെ സുഗമമായി നടത്തണം എന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡൻ്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പത്മജ വേണുഗോപാലിന്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം. പൂരവും പുര പ്രദർശനവും പരമ്പരാഗതമായ രീതിയിൽ നടത്തുന്നതിനുതടസം സൃഷ്ടിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് തൃശൂരിലെ പൂര പ്രേമികളുടെ പിന്തുണയോടെ സത്യാഗ്രഹ സമരം നടത്തുന്നത്.
നേരത്തെ പൂരവും പൂര പ്രദർശനവും ഒരു തടസ്സവും കൂടാതെ നടക്കും എന്നു ഉറപ്പു നൽകിയ ജില്ലാ കളക്ടർ എക്സിബിഷന്റെ പണികൾ 90 ശതമാനവും പൂർത്തിയായ സമയത്ത്, 200 പേരെ മാത്രമെ ഒരു ദിവസം ഓൺലൈനായി പ്രവേശിപ്പിക്കുകയുള്ളു എന്ന് ദേവസ്വം പ്രതിനിധികളെ അറിയിച്ചു. അതിനു പിന്നാലെയാണ് പൂരം സുഗമമായി നടത്തുവാൻ സർക്കാർ സമ്മതം നൽകണം എന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹ സമരം സംഘടിപ്പിച്ചത്.
അതേ സമയം തൃശൂർ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അസന്നിഗ്ദ്ധമായി അറിയിച്ചു. സർക്കാർ തീരുമാനം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരം എക്സിബിഷൻ നിയന്ത്രങ്ങളോടെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഘാടകർ നൽകിയ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി അംഗീകരിച്ചിട്ടുണ്ട്. എക്സിബിഷന് 200 പേർക്കെ അനുമതി നൽകൂവെന്ന തീരുമാനം അനുവദിക്കില്ലെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.