NewsThen Special

വോട്ടര്‍ പട്ടികയില്‍ മാത്രമല്ല പോസ്റ്റല്‍ വോട്ടിലും ക്രമക്കേടെന്ന് ചെന്നിത്തല

വോട്ടര്‍പട്ടിക ക്രമക്കേടിന് പിന്നാലെ പോസ്റ്റല്‍ വോട്ടിലും ക്രമക്കേടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എണ്‍പതു വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെ വന്‍തോതില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. ഇടട്ടവോട്ട് മരവിപ്പിക്കണമെന്ന ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരിച്ചു പോയവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ പോലും പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം സെന്‍ട്രലില്‍ പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചുപോയ 10 പേരുടെ പേര് കടന്നു കൂടിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വി.എസ്. ശിവകുമാറിന്റെ ചീഫ് ഇലക്ഷന്‍ ഏജന്റ് തിര. കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

വോട്ടര്‍ പട്ടികയില്‍ മാത്രമല്ല ക്രമക്കേട്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റല്‍ വോട്ടുകള്‍ സീല്‍ഡ് ബാലറ്റ് ബോക്സില്‍ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവെക്കുന്നത് സ്ട്രോങ് റൂമിലല്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സി.സി.ടി.വി. ഇല്ലെന്നും ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കൃത്രിമം കാണിക്കുന്നു എന്ന പരാതി എം.എല്‍.എമാര്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

അതേസമയം, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നും വ്യാപകമായ കള്ളവോട്ട് കേരളത്തില്‍ നടത്താന്‍ സി.പി.എം. ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker