
കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി.
ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. ഇക്കാര്യത്തിൽ കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തിൽ സി.പി.എമ്മും മറ്റു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദിൽ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽനിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്ത അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
ലൗ ജിഹാദ് വിഷയം പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൽ.ഡി.എഫിന്റെ പ്രധാന ഘടകകക്ഷികളിലൊരാളായ കേരള കോൺഗ്രസിൽനിന്ന് ഇത്തരമൊരു പ്രതികരണം വന്നത് സി.പി.എമ്മിനെയും മുന്നണിയെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി.യും രംഗത്തെത്തിയിരിക്കുന്നത്.