
ആര്യയെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ സാര്‍പട്ടാ പരമ്പരൈയുടെ ടീസര്‍ പുറത്തിറങ്ങി. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തി ഒരുങ്ങുന്ന ചിത്രത്തില്‍ കബിലന് എന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്. ആര്യ സിനിമയിലെ കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്തുന്നത് വിഡിയോയില്‍ കാണാം. ആര്യ ഉള്‍പ്പടെയുള്ള കഥാപാത്രങ്ങള്‍ വമ്പന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുക.
വെമ്പുലി എന്ന കഥാപാത്രമായി ജോണ്‍ കൊക്കന്, വെട്രിസെല്‍വനായി കലൈയരസനും, രംഗന് വാത്തിയാരായി പശുപതിയും ചിത്രത്തിലുണ്ട്. ജി.മുരളി തന്നെയാണ് ഇത്തവണയും പാ രഞ്ജിത്തിന്റെ ഛായാഗ്രാഹകന്‍. സന്തോഷ് നാരായണന് സംഗീത സംവിധാനം. വടചെന്നൈ ജനതയെക്കുറിച്ച് ‘പേട്ടൈ’ എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.
അതേസമയം, തമിഴ് സിനിമയില്‍ തന്റെ ചിത്രങ്ങളിലൂടെ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാണ് പാ.രഞ്ജിത്ത്. തന്റെ രണ്ടാമത്തെ ചിത്രമായ മദ്രാസിലൂടെ സംവിധായകന് നേടിയ വിജയം തമിഴ് സിനിമാ ലോകത്ത് അദ്ദേഹത്തിന് വ്യക്തമായ സ്ഥാനം നേടിക്കൊടുത്തിരുന്നു. മദ്രാസിന് ശേഷം സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത കബാലി, കാല എന്നീ രണ്ട് ചിത്രങ്ങളും വാണിജ്യപരമായും കലാപരമായും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
തന്റെ ചിത്രങ്ങളിലൂടെ താഴേക്കിടയിലുള്ള ജനങ്ങളുടെ വേദനകളും ജീവിതാവസ്ഥകളും തുറന്ന് കാട്ടാനാണ് പാ.രഞ്ജിത്ത് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. കാലായ്ക്ക് ശേഷം സിനിമാസംവിധാനത്തില്‍ നിന്നും നീണ്ട ഇടവേളയെടുത്ത് മാറി നിന്നെങ്കിലും ഇതിനിടയില്‍ അദ്ദേഹം മൂന്നോളം ചിത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പാരഞ്ജിത്തിന്റെ ഈ തിരിച്ചുവരവ് ഏറെ പ്രതീക്ഷ നല്കുന്നു.