KeralaNEWS

“ജൈവകൃഷിയുടെ പ്രചാരകനായ ശ്രീനിവാസന്‍ മലിനീകരണ കമ്പനി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നത് അത്ഭുതം.” പി.ടി തോമസ്

"വലിയ തോതില്‍ മലിനീകരണം നടത്തുന്ന കമ്പനിയുടെ സ്ഥാനാര്‍ത്ഥികളെയാണ് ശ്രീനിവാസന്‍ പിന്തുണയ്ക്കുന്നത്"

തെറ്റിദ്ധാരണ കൊണ്ടാണ് നടന്‍ ശ്രീനിവാസനും വി ഗാര്‍ഡ് ഉടമയും വ്യവസായിയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ട്വന്റിയെ ട്വന്റിയെ പിന്തുണയ്ക്കുന്നതെന്ന് പി ടി തോമസ്. എം.എല്‍.എ.

വലിയ തോതില്‍ മലിനീകരണം നടത്തുന്ന കമ്പനിയുടെ സ്ഥാനാര്‍ത്ഥികളെയാണ് ശ്രീനിവാസന്‍ പിന്തുണയ്ക്കുന്നത്. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷിക്കുമൊക്കെ വേണ്ടി അദ്ദേഹം നല്‍കുന്ന സംഭാവനകള്‍ വളരെ മികച്ചതാണ്. ജൈവ കൃഷിയ്‌ക്കൊക്കെ വേണ്ടി നില്‍ക്കുന്ന ശ്രീനിവാസന്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതില്‍ അത്ഭുതം തോന്നുന്നു. സി.പി.എമ്മിനെതിരെ പോരാടിയ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും പിണറായി വെച്ച എലിക്കെണിയില്‍ വീണെന്ന് പി.ടി തോമസ് പറഞ്ഞു.

ഒരു വാർത്താ ചാനലുമായി സംസാരിക്കുകയായിരുന്നു പി ടി തോമസ് എം.എൽ.എ. “സുപ്രീം കോടതി അടച്ചുപൂട്ടിയ യൂണിറ്റാണ് കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്നത്. മലിനീകരണത്തിനെതിരെ നിയമപോരാട്ടം നടത്തുക തന്നെ ചെയ്യും…”പി ടി തോമസ് തുടർന്നു പറഞ്ഞു.

” കഴിഞ്ഞ കുറേ നാളുകളായി പിണറായി വിജയന്റെ ആളുകളായി മാറി അവര്‍. പിണറായി വിജയന്‍ തിരുമ്മാനും ആയുര്‍വേദ ചികിത്സയ്ക്കും വരുന്നത് അവിടെയാണെന്നാണ് എൻ്റെ അറിവ്. അപ്പോള്‍ സ്വാഭാവികമായും നല്ല അടുപ്പമുണ്ടാകും. മാത്രമല്ല, 2019ലെ പ്രളയകാലത്ത് ഈ കിഴക്കമ്പലം കമ്പനിയുടെ എം.ഡി അമേരിക്കയില്‍ പോയി പിണറായി വിജയനുവേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന ഒരു മീറ്റിങ്ങ് നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. പിണറായി വിജയനുമായി അത്രമാത്രം അടുപ്പമുണ്ട് അവർക്ക്.

യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. ഒന്നാമത്തെയാള്‍ പാര്‍ട്ടി കാന്‍ഡിഡേറ്റ് ജെ ജേക്കബും രണ്ടാമത്തെയാള്‍ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയായ ഡോ. ടെറി തോമസും. അത് പിണറായിയുടെ അജണ്ടയാണ്.നിഷ്‌കളങ്കരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ അതില്‍ അകപ്പെട്ടുപോയതാണ്.

ശ്രീനിവാസന്‍ കേരളത്തില്‍ എത്രയോ മതിപ്പുള്ള ആളാണ്. എനിക്ക് വലിയ ആരാധനയുണ്ട് ശ്രീനിവാസനോട്. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷിയ്‌ക്കു മൊക്കെ വേണ്ടി നില്‍ക്കുന്ന ശ്രീനിവാസന്‍ ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നുള്ളതില്‍ അത്ഭുതം തോന്നുന്നു.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരുപാട് നന്മകള്‍ ചെയ്യുന്ന ആളാണ്. ചോദിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ വീഗാലാന്‍ഡ് ഇരിക്കുന്നത് ഇവരുടെ ഏരിയയില്‍ ആയതുകൊണ്ട് അദ്ദേഹത്തിന് ചില ബന്ധങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്, അതുകൊണ്ട് മാറി നില്‍ക്കാന്‍ പറ്റില്ല എന്നാണ്. ഞാന്‍ അദ്ദേഹവുമായി അതിനേപ്പറ്റി സംസാരിച്ചിട്ടില്ല. ചിറ്റിലപ്പള്ളിയേക്കുറിച്ച് ഒരഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹം സി. പി.എമ്മിനോട് പോരാടി. അദ്ദേഹത്തിന്റെ കമ്പനി വളര്‍ന്നുവരുന്ന സമയത്ത് സി.പി.എം വ്യക്തിപരമായി ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട്. സ്വന്തമായി അയാള്‍ ലോഡ് ഇറക്കി. അയാളും അയാളുടെ ഭാര്യയും വളരെ അര്‍പ്പണ മനോഭാവത്തോടെ പണിയെടുക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. പക്ഷെ, അങ്ങനെയുള്ള ഒരാള്‍ പിണറായി വെച്ച എലിക്കെണിയില്‍ പോയി വീണു. പിണറായിയും സിപിഐഎമ്മുമാണ് ഇയാളെ (സാബു എം ജേക്കബ്) നിയന്ത്രിക്കുന്നതെന്ന് ആ പാവം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം.”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker