KeralaNEWS

“കള്ളവോട്ടിന്റെ വ്യാപനത്തിലൂടെ അപകടത്തിലാവുന്നത് നമ്മുടെ ജനാധിപത്യമാണ്.”: ശശി തരൂർ എം.പി

എന്റെ അറിവില്‍ ഒരേ പേര്, ഒരേ അഡ്രസ്, ഒരേ ഫോട്ടോ എന്നിവ വെച്ച് നാലഞ്ച് സ്ഥലത്ത് ഒരേ വ്യക്തിയെ ചേര്‍ത്തിരിക്കുന്നു. പക്ഷേ ഈ പ്രതിസന്ധികളൊക്കെ മറികടന്നും യുഡിഎഫ് ഭൂരിപക്ഷം നേടും...'

‘കള്ളവോട്ടിന്റെ വ്യാപനത്തിലൂടെ അപകടത്തിലാവുന്നത് നമ്മുടെ ജനാധിപത്യമാണ്.
എന്റെ അറിവില്‍ ഒരേ പേര്, ഒരേ അഡ്രസ്, ഒരേ ഫോട്ടോ എന്നിവ വെച്ച് നാലഞ്ച് സ്ഥലത്ത് ഒരേ വ്യക്തിയെ ചേര്‍ത്തിരിക്കുന്നു. പക്ഷേ ഈ പ്രതിസന്ധികളൊക്കെ മറികടന്നും യുഡിഎഫ് ഭൂരിപക്ഷം നേടും…’ശശി തരൂര്‍ എം.പി

കോണ്‍ഗ്രസ് – ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കായി മലപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ തരൂര്‍ ഒരു പ്രമുഖ ഡിജിറ്റല്‍ മാധ്യമവുമായി സംസാരിക്കുന്നു. ‘ഇതൊരു വലിയ പ്രതിസന്ധിയാണ്.ഇത്രയും വ്യാപകമായി ഇരട്ട വോട്ടുകള്‍ ഉണ്ടാവണമെങ്കില്‍ അതില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ പങ്കാളിത്തമുണ്ടാവും എന്നുറപ്പാണ്. ഏപ്രില്‍ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ എത്രയും പെട്ടെന്ന് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം. ഇല്ലെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് തകരുക. എന്തായാലും ഞങ്ങളുടെ ഏജന്റുമാര്‍ ഇക്കുറി ബൂത്തുകളില്‍ കടുത്ത ജാഗ്രതയിലായിരിക്കും. ജനാധിപത്യം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല.’

ലതിക സുഭാഷ് മുന്നോട്ടു വെയ്ക്കുന്ന ചോദ്യങ്ങളോട് ശശി തരൂര്‍ ഇങ്ങനെ പ്രതികരിച്ചു.’ലതികയ്ക്ക് അങ്ങിനെ ചെയ്യേണ്ടി വന്നതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. സീറ്റ് നിര്‍ണ്ണയ പ്രക്രിയയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. ലതികയെപ്പോലുള്ളവര്‍ക്ക് അവസരം കൊടുക്കണമായിരുന്നു.കോണ്‍ഗ്രസ് നിലവില്‍ 12 മഹിളകളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇതു കുറവാണെന്നും അങ്ങിനെയല്ല ഇത്രയെങ്കിലും കൊടുക്കാനായില്ലേ എന്നും നിരീക്ഷണമുണ്ട്. 140 സീറ്റുള്ളതില്‍ 30 മഹിളകളെങ്കിലും വരുന്നില്ലെങ്കില്‍ അതിനെ പ്രോഗ്രസ് എന്നു പറയാനാവില്ല. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയത് കോണ്‍ഗ്രസാണെന്നത് മറക്കരുത്. പക്ഷേ, ഇപ്പോള്‍ ഭരണത്തിലുള്ള ബിജെപി അത് ലോക്‌സഭയിലേക്ക് കൊണ്ടുവന്നില്ല. വനിത സംവരണ ബില്‍ എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന നിലപാടാണ് എനിക്കുള്ളത്. എന്നാല്‍ മാത്രമേ വനിതകളോട് നീതി പുലര്‍ത്താനാവൂ.’

സിപിഎം കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളിലൊന്ന് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ടതാണ്. മുസ്ലിം ലീഗാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ബിജെപിയുമായി കോണ്‍ഗ്രസിന് അന്തര്‍ധാരയുണ്ടെന്നും ആരോപണവുമുണ്ട്?

‘ആര്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരിക്കലും ബന്ധമുണ്ടാക്കാനാവില്ല. വര്‍ഗ്ഗീയതയുമായി ഒരു തരത്തിലുള്ള അനുരഞ്ജനവും കോണ്‍ഗ്രസിന് കഴിയില്ല. ഒരിടത്തും ഇക്കുറി ഞങ്ങള്‍ ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഈ തലത്തില്‍ സി.പി.എം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അവരുടെ തന്നെ വീഴ്ചകള്‍ പ്രതിരോധിക്കുന്നതിനാണ്. വര്‍ഗ്ഗീയത ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സി.പി.എമ്മും ബി.ജെ.പിയുമാണ്. ബി.ജെ.പിയുടെ അടിസ്ഥാനം തന്നെ വര്‍ഗ്ഗീയതയാണ്. സി.പി.എമ്മും ഇപ്പോള്‍ വര്‍ഗ്ഗീയതയുടെ വഴിക്കാണ് സഞ്ചാരം… പിന്നെ ലീഗിന്റെ കാര്യം. ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല. ലീഗിനെ വര്‍ഗ്ഗീയ കക്ഷിയെന്നു വിളിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് മാത്രമേ കഴിയുകയുള്ളു. എനിക്കൊരിക്കലും ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയത കാണാനായിട്ടില്ല. എല്ലാ മതവിശ്വാസികളുമായും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന പാര്‍ട്ടിയാണത്. ജിന്നയ്‌ക്കൊപ്പം പാക്കിസ്താനിലേക്കില്ലെന്ന നിലപാടെടുത്തവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. അമിത്ഷായും മറ്റും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ വെറുതെ കേട്ടു നില്‍ക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

ആര്‍എസ്എസ്സ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്…?
‘അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്‍.എസ്.എസ്സിന്റെയും എസ്.എന്‍.ഡി.പിയുടെയും പിന്തുണയുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന് ബി.ജെ.പി സീറ്റ് നല്‍കിയില്ല. അപ്പോള്‍ പിന്നെ അതിന് പിന്നില്‍ ഒരു ഡീലുണ്ടെന്നു പറഞ്ഞാല്‍ അത് തള്ളിക്കളയാനാവില്ല. ബിജെപിയും സിപിഎമ്മുമാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിരോധത്തിലായത്.’
പരിചയ സമ്പന്നരായ നേതാക്കളെ സി.പി.എം മാറ്റിനിര്‍ത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശശി തരൂര്‍ ഇങ്ങനെ മറുപടി നല്‍കി:

‘അതവരുടെ ഉള്‍പാര്‍ട്ടി വിഷയമാണ്. പരിചയ സമ്പന്നരായ നേതാക്കളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യം കാണാതിരിക്കേണ്ട കാര്യമില്ല. സീതാറാം യെച്ചൂരിയെപ്പോലൊരു നേതാവിനെ രാജ്യസഭയില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ഈ ചോദ്യമുണ്ടായി. അതെന്തായാലും അവരുടെ ഇഷ്ടമാണ്. അതില്‍ ഞാനൊന്നും പറയുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇത്തവണ 55 ശതമാനം പുതുമുഖങ്ങള്‍ക്കാണ് അവസരം കൊടുത്തിരിക്കുന്നത്. അതൊരു വലിയ മാറ്റമാണ്. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാറ്റമാണിത്. ഈ മാറ്റത്തിന് അതിന്റേതായ ഫലമുണ്ടാവുമെന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്…’

ജീവിതത്തില്‍ ഒരുപാട് വിജയങ്ങളുണ്ടായിട്ടുണ്ട്. ഒരു പാട് പരീക്ഷണങ്ങളുമുണ്ടായിട്ടുണ്ട്. പരീക്ഷണ ഘട്ടങ്ങളില്‍ ഒരാശ്രയം തേടി താങ്കള്‍ എങ്ങോട്ടാണ് തിരിയാറുള്ളത്?’ആത്യന്തികമായി അവനവന്റെ ഉള്ളിലേക്ക് തന്നെ തിരിയേണ്ടി വരും. എനിക്കെന്റെ കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും ബോദ്ധ്യമുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ ആരെയും പേടിക്കേണ്ട കാര്യമില്ല. ആളുകള്‍ക്ക് എന്തു വേണമെങ്കിലും പറയാം. രാഷ്ട്രീയത്തില്‍ വന്ന ശേഷം പല അഗ്‌നി പരീക്ഷകളുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ മന്ത്രി സ്ഥാനത്തു നിന്നും രാജി വെയ്‌ക്കേണ്ടി വന്നു.’

ഭാര്യയുടെ മരണശേഷം നിരവധി കുറ്റാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു…?’എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞു നടന്നത്. ഇപ്പോഴും കേസുണ്ട്. പക്ഷേ, നമ്മുടെ മനഃസാക്ഷി ക്ലിയറാണെങ്കില്‍ നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല.’

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker