തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡി ഇ. ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം, ഊതിവീര്‍പ്പിച്ചുണ്ടാക്കിയ ദുരന്തമാണ് ശ്രീധരൻ:രഞ്ജി പണിക്കര്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയാണ് ഇ. ശ്രീധരന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വമെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ആളുകളെ ആവശ്യത്തിലധികം ഊതി വീര്പ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇ ശ്രീധരന്റെ കാര്യത്തില്‍ സംഭവിച്ചത്. ലോകാത്ഭുതങ്ങളൊന്നും ഉണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല ശ്രീധരനെന്നും രഞ്ജി പണിക്കര്‍ പരിഹസിച്ചു.
“ഇ ശ്രീധരന് വലിയ വലിപ്പമുണ്ടെന്ന് മുന്‍ കാലങ്ങളിലും തെറ്റിദ്ധരിച്ചിട്ടുള്ള ആളല്ല ഞാന്‍. അതുകൊണ്ട് എനിക്കിതിലൊന്നും അത്ഭുതമൊന്നുമില്ല. ആളുകളെ ആവശ്യത്തിലധികം ഊതി വീര്പ്പിക്കുമ്പോഴുള്ള ദുരന്തമാണ് ഇ. ശ്രീധരന്റെ കാര്യത്തില്‍ സംഭവിച്ചത്. ശ്രീധരന് ചുറ്റുമുണ്ടാക്കിയ പരിവേഷം യാഥാര്‍ത്ഥ്യമാണെന്ന് വിശ്വസിക്കാത്ത ആളാണ് ഞാന്‍. സ്വയം മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ ഇ ശ്രീധരനെ എങ്ങനെയാണ് കാണേണ്ടതെന്ന സാമാന്യബുദ്ധി നമുക്കുണ്ടാവില്ലേ…”രഞ്ജി പണിക്കര്‍ ചോദിച്ചു.
ഒരു വാർത്താ ചാനലിൻ്റെ ഇലക്ഷൻ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാലക്കാട് ശ്രീധരന്റെ അത്ഭുതപ്രവൃത്തികളൊന്നും സംഭവിച്ചിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മെട്രോ പോലും ഒരു അത്ഭുതമായി ഞാന്‍ കാണുന്നില്ല. ഇനി അദ്ദേഹം ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഈ മതിപ്പില്‍ മാറ്റമുണ്ടാവുകയുമില്ല. ബാലിശമായ പ്രസ്ഥാവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ഇ ശ്രീധരന്റെ പ്രായമുള്ള ഒരാള്‍ എങ്ങനെയാണ് ഇത്ര ബാലിശമായി സംസാരിക്കുക? ഒരു ടെക്നോക്രാറ്റ് ആണെന്ന് പറയുന്നത് പൊതുജീവിതത്തില്‍ ബാധിക്കുന്ന കാര്യമല്ല.
ഒരു സാമൂഹ്യ ജീവികൂടിയാകുമ്പോളാണ് സമൂഹം ചില കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസിലാക്കാന്‍ കഴിയുക. മാംസാഹാരികളോട് പരസ്യമായി വിരോധം പ്രഖ്യാപിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് കേരളത്തിന്റെ സമൂഹമനസില്‍ ഇടംനേടാനാവുക. ജല്പനമെന്ന് പിണറായി വിജയന് അതിനെ വിശേഷിപ്പിച്ചിരുന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു.”രഞ്ജി പണിക്കര്‍ അഭിപ്രായപ്പെട്ടു..
”ചില ആളുകളെ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യത്തില്‍ക്കവിഞ്ഞ് ഏറ്റെടുക്കുകയും ആനുപാതികമല്ലാതെ ഊതിവീര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ഇ ശ്രീധരനെ കൊണ്ടുവരണം എന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയതില്‍ കമ്മ്യൂണിസ്റ്റ്പാര്ട്ടിക്കാരുമുണ്ടായിരുന്നു. അന്ന് താന്‍ കമ്മ്യൂണിസ്റ്റ് നേതാക്കളോട് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഒരു വ്യക്തി വന്ന് ചില വ്യവസ്ഥകള്‍ മുന്നോട്ടുവെക്കുന്നത് ജനാധിപത്യപരമായി ശരിയാണോ എന്ന് ചോദിച്ചിരുന്നു.
മെട്രോ വാര്‍ത്തയുടെ എഡിറ്ററായിരുന്ന സമയത്ത് ശ്രീധരനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രൊജക്ടുകളെക്കുറിച്ചും എതിര്‍ത്തും വിമര്‍ശിച്ചും എഴുതിയിട്ടുള്ള ആളാണ് താന്‍. ആ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇന്നും…”രഞ്ജി പണിക്കര്‍ വ്യക്തമാക്കി.