
പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ് നന്ദനം. പൃഥ്വിരാജും നവ്യ നായരും തകർത്തഭിനയിച്ച ഈ സിനിമയിൽ കൃഷ്ണന്റെ വേഷത്തിലെത്തിയത് അരവിന്ദാണ്. അടുത്തിടെ അരവിന്ദ് വീണ്ടും ഗുരുവായൂരിലെത്തി. 2002ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ അവസാന ഭാഗത്ത് ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ഗാനരംഗവും ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. നന്ദനം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് നടനെ മലയാള സിനിമയിൽ അധികം കാണാൻ കഴിഞ്ഞില്ല. ഇപ്പോഴിത അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം:
“ഇരുപത്തിരണ്ട് വർഷമായി സിനിമയിൽ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിർമാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമല്ല. ഒരു ചിത്രം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കിൽ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോൾ സൂപ്പർതാര ചിത്രങ്ങൾ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തിൽ വലിയ ബന്ധങ്ങളൊന്നും തന്നെയില്ല. നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്.
അമ്മയിൽ അംഗത്വമുണ്ട് എനിക്ക്. പക്ഷേ ഞാൻ ആരോടും അങ്ങോട്ട് പോയി ചാൻസ് ചോദിക്കാറില്ല. അതിനുള്ള എക്സ്പീരിയൻസ് എനിക്കില്ല. ഇപ്പോൾ ഉള്ളവരെല്ലാം പുതിയ ആൾക്കാരാണ്. അവരുടെ അടുത്ത ചാൻസിനായി ചെല്ലുമ്പോൾ ഞാൻ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ. അതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ എന്തൊക്കെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തിൽ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്…”