BooksTRENDING

കേരളം നേരിടുന്ന ലഹരിമരുന്ന് ഭീഷണി– ഒരു രോഗനിർണയം: ടി പി ശ്രീനിവാസൻ

ഋഷിരാജ് സിങ് ഐപിഎസ് കാഴ്ചയിൽ ഓരോ ഇഞ്ചിലും ലക്ഷണമൊത്ത പൊലീസുകാരനാണ്– ഒത്ത ഉയരം, കരുത്താർത്ത ശരീരം, വലിയ മീശ, കാർക്കശ്യം സ്ഫുരിക്കുന്ന മുഖഭാവം, നിശ്ചയദാർഢ്യമുള്ള സ്വഭാവം. പക്ഷേ, അദ്ദേഹം ആദരിക്കപ്പെടുന്നത് വ്യക്തിത്വത്തിലെ മറ്റു ചില സവിശേഷതകളുടെ പേരിലാണ്. സംസ്കാര സമ്പന്നനും കുലീനനുമായ അദ്ദേഹം ആർദ്രചിത്തനും കല–സംഗീത ആസ്വാദകനുമാണ്. 

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ കേരളത്തിൽ ദീർഘകാലം അർപ്പണബോധത്തോടെ പ്രവർത്തിക്കുകയും ഉന്നതപദവികൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അവരാരും കേരളത്തെ ഇത്രയേറെ ഉൾക്കൊണ്ടതായോ ജനപ്രീതി നേടിയതായോ തോന്നിയിട്ടില്ല. കേരളീയ സംസ്കാരത്തിൽ ആമഗ്നനായ അദ്ദേഹം മലയാള ഭാഷയിലും സാഹിത്യത്തിലും ഇവിടത്തെ ജനകീയ സംഗീതത്തിലും നൈപുണ്യം നേടി. അദ്ദേഹം രചിച്ച ‘ഏറെ വൈകും മുൻപ്’ (Before it is too Late) എന്ന ഗ്രന്ഥം ലഹരിമരുന്നിനെതിരായ പോരാട്ടത്തിന് ഉപയോഗിക്കാവുന്ന ആധികാരിക ശാസ്ത്രീയ പഠനമാണ്. കേരളത്തിലെ യുവതയുടെ ഭാവിക്കു ഭീഷണിയായ ലഹരിമരുന്നെന്ന മഹാവിപത്തിനെതിരെ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന വഴികാട്ടിയാണ് ഈ കൃതി.

ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുകയും അതു ലംഘിക്കുന്നവരെ നിയമത്തിനു മുന്നിലെത്തിച്ച് ശിക്ഷ നേടിക്കൊടുക്കുകയും സർക്കാരിന് വരുമാനമുണ്ടാക്കുകയുമാണ് എക്സൈസ് വകുപ്പിന്റെ സാമ്പ്രദായിക ജോലി. എന്നാൽ, ലഹരിയെന്ന മഹാവിപത്ത് നമ്മുടെ യുവതലമുറയെ എത്രമാത്രം കീഴടക്കിയിരിക്കുന്നു എന്നു കണ്ടെത്താനാണ് എക്സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുമ്പോൾ ഋഷിരാജ് ശ്രമിച്ചത്. അത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെയും തൊഴിൽക്ഷമതയെയും എല്ലാത്തരം മൂല്യങ്ങളെയും തകർക്കുന്ന മഹാവ്യാധിയായി മാറിയതായി 984 സ്കൂളുകളിലും കോളജുകളിലും കഴിഞ്ഞ 5 വർഷം നടത്തിയ പഠനത്തിലൂടെ അദ്ദേഹം സമർഥിക്കുന്നു.

അധികാരത്തിന്റെ പ്രതീകമായ രാജ് എന്നതിൽ നിന്നു മാറി സംയമനത്തിന്റെയും ക്രാന്തദർശിത്വത്തിന്റെയും പ്രതിരൂപമായ ഋഷി എന്ന നിലയിലാണ് അദ്ദേഹം വിഷയത്തെ സമീപിച്ചിട്ടുള്ളത്. ആയിരക്കണക്കിനു വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമായി നേരിട്ടു സംവദിച്ചതിന്റെ അടിസ്ഥാനത്തിൽ ലഹരിമരുന്നു വിപത്തിനെ പ്രതിരോധിക്കാനും അതിൽ അകപ്പെട്ട തരുണരെ കരകയറ്റാനും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒരു കൈപ്പുസ്തകം തയാറാക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെയും കുടുംബ സംവിധാനത്തിലെയും ദോഷവശങ്ങൾ മുതൽ സാങ്കേതിക വിദ്യയുടെ ദുഃസ്വാധീനം വരെയുള്ള പ്രശ്നങ്ങളിൽ അദ്ദേഹം പരിഹാരം നിർദേശിക്കുന്നുണ്ട്, ലഹരിക്കുറ്റങ്ങളുടെ സ്വഭാവവും ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്.

നമ്മുടെ വിദ്യാലയങ്ങളിൽ ലഹരിമരുന്നുകളുടെ ഉപയോഗം സർവസാധാരണമായിരിക്കുന്നു എന്നതാണ് ഈ പഠനത്തിലെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ലഹരിക്ക് അടിമകളായി മാറുന്ന കുട്ടികളുടെ മാതാപിതാക്കളിൽ ഭൂരിപക്ഷവും അതു മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. മക്കൾ വളരുമ്പോൾ ഈ വിപത്തിൽ നിന്നു സ്വയം കരകയറുമെന്ന പ്രതീക്ഷയിലാണ് അവർ അങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ സ്വഭാവദൂഷ്യത്തിനു പരിഹാരം തേടി ഋഷിയെ സമീച്ചവരെല്ലാം അമ്മമാരായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു നിരീക്ഷണം. കുടുംബനാഥന്മാരായ പിതാക്കന്മാർ ഈ വിഷയം അവഗണിക്കുകയോ വേണ്ടത്ര ഗൗരവം കൽപിക്കാതിരിക്കുകയോ ചെയ്യുന്നു.

രാജസ്ഥാനിലെ തന്റെ സ്കൂൾ ദിനങ്ങൾ ഗ്രന്ഥകാരൻ ഇവിടെ ഓർമിക്കുന്നുണ്ട്. ക്ലാസിൽ അധ്യാപകൻ പഠിപ്പിക്കുന്നത് ആവർത്തിച്ചു പഠിക്കുകയെന്നതായിരുന്നു വീട്ടിൽ കുട്ടികളുടെ ജോലി. നീണ്ട അവധിദിനങ്ങളിലേ ഹോം വർക്ക് നൽകിയിരുന്നുള്ളൂ. ബാക്കി സമയം മുഴുവൻ കുട്ടികൾ കൂട്ടുചേർന്ന് കളിച്ചുനടക്കുമായിരുന്നു. അധ്യാപകരുടെയോ മാതാപിതാക്കളുടെയോ കാര്യമായ സമ്മർദമോ പ്രേരണയോ ഇല്ലാതെ കുട്ടികളുടെ ജീവിതം ഉല്ലാസപ്രദമായിരുന്നു. ഇന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനും 100 % വിജയം കരസ്ഥമാക്കാനുമുള്ള വ്യഗ്രതയിൽ കുട്ടികളിൽ അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്. ഈ ലക്ഷ്യം നേടാനുള്ള നെട്ടോട്ടം ഏവരെയും സമ്മർദത്തിലാക്കുകയും ജീവിതം ദുരിതപൂർണമാക്കുകയും ചെയ്യുന്നു. ഇതോടെ പ്രതിസന്ധിയിൽ നിന്നു കരകയറാനുള്ള മാർഗമായി അവരിൽ ചിലർ ലഹരിയിലേക്കു തിരിയുന്നു. പട്ടാളത്തിൽ ചേരാൻ താൽപര്യമില്ലാത്ത കുട്ടികളെ മാതാപിതാക്കളുടെ അന്തസ്സ് കാക്കാൻ വേണ്ടി സൈനിക സ്കൂളുകളിൽ ചേർക്കുന്നതിനെ ഇത്തരം തെറ്റായ ആസൂത്രണത്തിനു മാതൃകയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്

ആകാംക്ഷയും മറ്റുള്ളവരെപ്പോലെ ചെയ്യാനുള്ള വ്യഗ്രതയും മാനസിക പിരിമുറുക്കവും വിഷാദവുമാണ് വിദ്യാർഥികളെ വിവിധതരം ലഹരികളിലേക്ക് ആകർഷിക്കുന്നതെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിഗമനം. ഈ അവസരം ലഹരിവ്യാപാര രംഗത്തുള്ള സാമൂഹിക വിരുദ്ധർ മുതലെടുക്കുന്നു. വിദ്യാർഥി– അധ്യാപക– രക്ഷാകർതൃ ബന്ധം പരസ്പര വിശ്വാസം നഷ്ടപ്പെട്ട് ശിഥിലമായതാണ് ഈ ദുരവസ്ഥയ്ക്കുള്ള മറ്റൊരു കാരണം. അധ്യാപകനെ ക്രൂരനും നികൃഷ്ടനുമായി വിശേഷിപ്പിച്ച് കത്തെഴുതിവച്ച ശേഷം ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഏറിവരുകയാണ്. ഇത് എല്ലായ്പ്പോഴും സുരക്ഷിത അകലത്തിൽ നിൽക്കാൻ അധ്യാപകനെ നിർബന്ധിതനാക്കുന്നു. ആശയവിനിമയമാണ് സമൂഹത്തിന്റെ അതിജീവനത്തിന്റെയും വളർച്ചയുടെയും ചാലകശക്തിയെന്ന പ്രശസ്ത ചിന്തകൻ യുവൽ ഹരാരിയുടെ വാക്കുകൾ ഗ്രന്ഥകാരൻ ഇവിടെ ഉദ്ധരിക്കുന്നുണ്ട്. 

കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുവരികയാണ്. കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കാതെ അവർ ഓരോരുത്തരും തിരക്കിട്ട് വിദൂരങ്ങളിലെവിടെയോ കഴിയുന്നവരുമായി ആശയവിനിമയം നടത്തുന്നു.

ലഹരിക്കുള്ള മറുമരുന്ന് സ്പോർട്സ് ആണെന്ന് ഋഷിരാജ് സിങ് പറയുന്നു. എന്നാൽ നമ്മുടെ വിദ്യാലയങ്ങളിൽ സ്പോർട്സിനുള്ള പ്രാധാന്യം കുറഞ്ഞുവരികയാണ്.

രക്ഷിതാക്കൾ പലതരക്കാരുണ്ട്. കുട്ടികളുടെ എല്ലാ ഇഷ്ടത്തിനും വഴങ്ങുന്നവരും അവരോടു തീരെ ഇടപഴകാത്തവരും ആജ്ഞാസ്വരത്തിൽ മാത്രം ഇടപെടുന്നവരും തികഞ്ഞ കാർക്കശ്യക്കാരും അവരുടെ ഭാവിക്കു ഗുണം ചെയ്യില്ല. 10–15 വയസ്സുകാരായ കുട്ടികൾക്ക് രക്ഷിതാക്കളെക്കാൾ ആവശ്യം നല്ല കൂട്ടുകാരാണ്. മൊബൈൽ ഫോൺ പോലുള്ള ആധുനിക  ഉപകരണങ്ങൾ അമിതമായി നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറെ ദോഷകരമാണ്. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അതൊക്കെ ഉപയോഗിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. 

പെൺകുട്ടികളും തുല്യനിലയിൽ ലഹരിമരുന്നു ഭീഷണി നേരിടുന്നതായി ഗ്രന്ഥത്തിൽ പറയുന്നു. സമൂഹത്തിലെ എല്ലാ ദോഷങ്ങൾക്കും കൂടുതൽ ഇരയാകുന്നതു പെൺകുട്ടികളാണെന്നും അമ്മമാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഋഷിരാജ് നിർദേശിക്കുന്നു. 

ലഹരിമരുന്നു വിപത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചു ചിന്തിക്കാനുള്ള അവസരമായും ഗ്രന്ഥകാരൻ ഉപയോഗിക്കുന്നുണ്ട്. എൻജിനീയറിങ്ങിനും മെഡിക്കലിനും പുറമേയുള്ള മികച്ച അവസരങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ഭൂരിപക്ഷത്തിനും അറിവില്ലെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ പ്രവർത്തനങ്ങളിൽ എനിക്കുള്ള പരിചയം അറിയാവുന്ന അദ്ദേഹം അത്തരം ചില മേഖലകൾ നി‍ർദേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. (എന്റെ അനുഭവം ‘എജ്യൂക്കേഷൻ ഓഫ് ആൻ അംബാസഡർ’ എന്ന പേരിൽ കൊണാർക് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.) ഡോക്ടർമാർ, എൻജിനീയർമാർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരെക്കാൾ പ്രതിഫലം ലഭിക്കുന്ന മാന്യമായ തൊഴിൽ മേഖലകളുടെ നീണ്ട പട്ടിക ഞാൻ നൽകി. രക്ഷിതാക്കൾക്കുള്ള മാർഗനിർദേശങ്ങളുടെ അവസാന അധ്യായത്തിൽ അദ്ദേഹം അവ ഉൾപ്പെടുത്തിയിട്ടുണ്ട്. 

മാന്യമായ ജോലികളുടെ പട്ടികയിൽ വരുന്ന പലതിനെക്കാൾ കൂടുതൽ പ്രതിഫലം ഉന്നത ശ്രേണിയിൽ എന്നു കണക്കാക്കാത്ത പണികളിൽ നിന്നു നമ്മുടെ ചെറുപ്പക്കാർ സമ്പാദിക്കുന്നുണ്ട്. ഒരു ദിവസത്തെ മുൻകൂർ നോട്ടിസ് പോലുമില്ലാതെ ആർക്കും എന്നെ വന്നു കാണാം. പക്ഷേ, എന്റെ പ്ലമറെയോ ഇലക്ട്രീഷ്യനെയോ കിട്ടണമെങ്കിൽ ഒരാഴ്ചയെങ്കിലും കാത്തിരിക്കണമെന്നു ഞാൻ പ്രസംഗങ്ങളിൽ പറയാറുണ്ട്.

അമേരിക്കയിലെ ഒരു ഉന്നതോദ്യോഗസ്ഥനുമായുള്ള സംഭാഷണത്തെക്കുറിച്ച് ഋഷിരാജ് ഇടയ്ക്കു സൂചിപ്പിക്കുന്നുണ്ട്. ലഹരിവിപത്തിനെ നേരിടുന്നതിൽ അമേരിക്ക ദയനീയമായി പരാജയപ്പെട്ടതായി അദ്ദേഹം സമ്മതിച്ചുവത്രേ. ലോകത്ത് ആകെ ഉപയോഗിക്കുന്ന ലഹരിവസ്തുക്കളിൽ നേർപകുതി അമേരിക്കയിൽ മാത്രമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 

സമൂഹത്തിൽ അവബോധം സൃഷ്ടിച്ചും അടിമകളാകുന്നവരെ തുടക്കത്തിൽ കണ്ടെത്തി മാതാപിതാക്കളുടെ സഹകരണത്തോടെ വിദഗ്ധ ചികിത്സ നൽകിയും കുറ്റവാളികളെ കർശനമായി കൈകാര്യം ചെയ്തും കേരളത്തിലെ എക്സൈസ് വകുപ്പ് വളരെ മികച്ച നിലയിൽ പ്രവർത്തനം കാഴ്ചവയ്ക്കുന്നതായി ഋഷിരാജ് പറയുന്നു. അപ്പോഴും നമ്മുടെ പ്രവർത്തനം അടിത്തട്ടു കാണാത്തതാണെന്ന വസ്തുത അവശേഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലേറെ മോശമാണെന്ന തിരിച്ചറിവ് അതിലേറെ ഞെട്ടിക്കുന്നു.

അമിതഭാരം അടിച്ചേൽപ്പിക്കാതെ, കുട്ടികളുടെ ഇഷ്ടാനുസരണം വിഷയങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായവും തൊലിലധിഷ്ഠിത കോഴ്സുകളിലേക്കു മാറാനുള്ള അവസരവും പഠനത്തിൽ രക്ഷിതാക്കൾക്കും പങ്കാളിയാകാനുള്ള പദ്ധതിയുമെല്ലാം സമൂഹത്തെ ലഹരിവിപത്തിൽ നിന്നു കരകയറ്റാനുള്ള മാർഗമായി ഋഷിരാജ് നിർദേശിക്കുന്നു. കുടുംബങ്ങളിൽ കൂടുതൽ ആശയവിനിമയവും ഇടപഴകലും വേണം

മലയാള ഭാഷയിൽ രചിച്ച ‘വൈകും മുൻപ്’ ഗ്രന്ഥകാരന്റെ ഭാഷാമികവിനു ദൃഷ്ടാന്തമായി. കേരളത്തിലെ 3 പതിറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ ഋഷിരാജ് സിങ് സമൂഹത്തിനു നൽകിയ സംഭാവനകളെക്കാൾ മഹത്തരമാണിതെന്ന് ഞാൻ കരുതുന്നു. ഈ കൃതി എല്ലാ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും കൈകളിലെത്തിക്കാൻ കഴിഞ്ഞാൽ ലഹരിവിപത്തിനെതിരായ വിപ്ലവത്തിനു തുടക്കമായേക്കും. നമ്മുടെ ഹൈസ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വിദ്യാർഥികൾക്കും ഇതു സൗജന്യമായി നൽകിയാൽ നമ്മുടെ ഭാവി തലമുറയ്ക്കുള്ള നിക്ഷേപമായി മാറുമെന്നതിൽ തർക്കമില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker