IndiaNEWS

സൂയസ് കനാല്‍; നാലിന പദ്ധതിയുമായി ഇന്ത്യ

സൂയസ് കനാലില്‍ ചരക്കുകപ്പല്‍ ഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തില്‍ നാലിന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. കപ്പലുകള്‍ വഴിതിരിച്ചുവിടുക, ചരക്കുകളുടെ മുന്‍ഗണന നിശ്ചയിക്കുക, നിലവിലെ ചരക്കുനീക്ക നിരക്ക് പാലിക്കുക, തുറമുഖങ്ങളില്‍ സൗകര്യം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

അതേസമയം, പെട്ടെന്ന് കേട് വരാന്‍ സാധ്യതയുളള ചരക്കുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ എത്തിക്കാനുളള നടപടികള്‍ സ്വീകരിക്കാനും ധാരണയായി. നിലവിലുള്ള കരാര്‍ പ്രകാരമുള്ള നിരക്കുതന്നെ ഈടാക്കുന്ന കാര്യം കണ്ടെയ്നര്‍ ഷിപ്പിങ് ലൈന്‍സ് അസോസിയേഷന്‍ സമ്മതിച്ചു. ഇപ്പോഴത്തെ അവസ്ഥ താല്‍ക്കാലികമാണെന്നും നിരക്കിന്റെ കാര്യം അനുകൂലമായി പരിഗണിക്കണമെന്ന് ഷിപ്പിങ് ലൈനുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 23 മുതല്‍ സൂയസ് കനാല്‍ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ രാജ്യാന്തര വാണിജ്യ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഉത്തര, ദക്ഷിണ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നും തിരിച്ചുമുള്ള 200 ബില്യന്‍ യുഎസ് ഡോളറിന്റെ ഇറക്കുമതി/കയറ്റുമതി ഇടപാടുകള്‍ക്ക് ഇന്ത്യ ഈ റൂട്ടാണ് ഉപയോഗിക്കുന്നത്. പെട്രോളിയം, ഓര്‍ഗാനിക് കെമിക്കല്‍സ്, ഉരുക്ക്, സ്റ്റീല്‍, ഓട്ടമൊബീല്‍, മെഷിനറി, ടെക്സ്റ്റൈല്‍സ്, കാര്‍പ്പറ്റ്, ഹാന്‍ഡിക്രാഫ്റ്റ്, ഫര്‍ണിച്ചര്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് പ്രധാനമായും കയറ്റുമതി/ഇറക്കുമതി ചെയ്യുന്നത്.

അതേസമയം, ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker