
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്. കൊറോണ വൈറസ് അല്ലെങ്കില്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ വര്‍ഷങ്ങളോളം ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാല്‍ നാം അവയോടൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.രണ്ടാംദിവസവും 1500 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
‘ഇവിടെ ഇനിയൊരു ലോക്ഡൗണിന് യാതൊരു സാധ്യതയുമില്ല. നേരത്തേ അതിനുപിന്നില്‍ ഒരു ലോജിക് ഉണ്ടായിരുന്നു. ആര്‍ക്കും വൈറസ് വ്യാപനം എങ്ങനെയാണെന്ന് അറിയില്ലായിരുന്നു. നിങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളും 21 ദിവസത്തേക്ക് നിര്‍ത്തിവെച്ചാല്‍ ഞങ്ങള്‍ വൈറസിനെ തോല്‍പ്പിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ലോക്ഡൗണ്‍ വീണ്ടും തുടര്‍ന്നു. പക്ഷേ ഈ വൈറസ് ഇപ്പോഴും എവിടെയും പോയിട്ടില്ല. ഞാന്‍ കരുതുന്നു ലോക്ഡൗണ്‍ ഒരു പരിഹാരമല്ല’ -സത്യേന്ദര്‍ ജെയിന് പറഞ്ഞു.
അര്‍ഹരായ എല്ലാവരും എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വൈറസ് നിയന്ത്രണ വിധേയമാകുന്നതുവരെ എല്ലാവരോടും മാസ്ക് ധരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
മൂന്നാംഘട്ട വാക്സിന് വിതരണം രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായത്. ഏപ്രില്‍ ഒന്നുമുതല്‍ 45 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കും.