ColumnTRENDING

സിൽക്ക് സ്മിത

അതൊരു ഉത്സവ റീലീസായിരുന്നു. മലയാളി യൗവന മനസിൽ കുളിരു ചൊരിഞ്ഞ സിൽക്ക് സ്മിത എന്ന മാദകത്തിടംബിന്റെ ഒരു മസാല ചിത്രം…ഉത്സവം തുടങ്ങുമ്പോഴാണ് വീട്ടിൽ നിന്നും എന്തെങ്കിലും കാരണമുണ്ടാക്കി പുറത്തിറങ്ങാനും അർമാദിക്കാനും അവസരമുണ്ടാകുന്നത് . ചുരുക്കം കിട്ടുന്ന ഈ അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങൾ സ്ഥലത്തെ നാലു പ്രധാന പയ്യൻസ് ചേർന്ന് തീരുമാനമെടുത്തു. നാട്ടിലെ മാന്യരും സൽസ്വഭാവികളുമായ ഞങ്ങളുടെയുള്ളിലും കൗമാരത്തിന്റെ ഇക്കിളികൂട്ടുന്ന തരളിത മോഹങ്ങൾ നാമ്പിടുന്നുണ്ടായിരുന്നു.

സിൽക്ക് സ്മിതയുടെ ‘ലയനം’ കണ്ട കൂട്ടുകാരൻ ക്‌ളാസ്സിൽ വന്നു പറഞ്ഞ കഥ കേട്ടപ്പോഴേ ഇനിയെങ്കിലും ഒരു സിൽക്ക് പടം കാണാതിരിക്കുന്നതു ഞങ്ങൾ ഞങ്ങളുടെ പ്രായത്തോടു ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കുമെന്ന് കൂട്ടത്തിലെ ഭക്തനും സെമിനാരിയിൽ പോകാൻ കാത്തിരിക്കുന്നവനുമായ എൽദോസ് പറഞ്ഞപ്പോൾ ഞങ്ങൾ നാലുപേർ ചേർന്നൊരു ഉറച്ച തീരുമാനമെടുത്തു. പത്താം ഉത്സവത്തിന് സിനിമാ പിന്നണി ഗായകൻ ഉണ്ണി മേനോന്റെ ഗാനമേളയുണ്ട്. അതു കേൾക്കാനെന്ന വ്യാജേന വീട്ടിൽ നിന്നും മുങ്ങുക. ആലപ്പുഴ രാധയിൽ ( ഇന്നിപ്പോൾ ആ സ്ഥലത്തു ബിസ്മി സൂപ്പർമാർക്കറ്റാണ് ) അന്നു സെക്കൻഡ് ഷോയ്ക്കു ശേഷം ഒരു സ്പെഷ്യൽ ഷോയുണ്ട്. ഇങ്ങനെ ഒളിച്ചും പാത്തും വരുന്ന മാന്യന്മാർക്കു വേണ്ടി മാത്രം നടത്തുന്ന പ്രത്യേക ഷോ.

ഞങ്ങളുടെ കന്നി മസാല പടം എന്ന സ്വപ്നങ്ങളിലേയ്ക്ക് ആ പേരു തെളിഞ്ഞു വന്നു: “പ്ലേ ഗേൾസ് ” ഒരാൾ കയറി ടിക്കെറ്റ് എടുത്ത ശേഷം ഷോ തുടങ്ങുന്നതിനു തൊട്ടു മുമ്പോ തുടങ്ങിയ ശേഷമോ അകത്തേയ്ക്കു കയറുക. അതാണ് ഞങ്ങളുടെ മോഡസ് ഒപ്പറാണ്ടി. ആരു ടിക്കെറ്റടുക്കും…? അതേക്കുറിച്ചായി തർക്കം…? അവസാനം സെമിനാരിക്കാരൻ എൽദോസ് ഒരു ഉപായം കണ്ടെത്തി. ക്രിക്കറ്റ് കളിയിൽ ആദ്യം ബാറ്റിങ്ങിനു ആരിറങ്ങണം എന്നറിയാൻ ബാറ്റു കൊണ്ടു മറച്ചു പിടിച്ചു നാലു നമ്പറുകൾ എഴുതും. ഒന്നിൽ തൊടുന്നവൻ ആദ്യം…

 

അതുപോലെ എൽദോസ് കൈ കൊണ്ട് മറച്ചു പിടിച്ചു നിലത്തു നാലു നമ്പറുകൾ എഴുതി. ഞങ്ങൾ മൂന്നു പേരും ഓരോ നമ്പറിൽ തൊട്ടു എൽദോസിന്റെ മുഖം കടന്നലു കുത്തിയ പോലെ വീർത്തു വന്നു. ഒന്നാം നമ്പർ അവനാണ് കിട്ടിയത്. അവൻ തന്നെ അകത്തു കയറി ടിക്കെറ്റടുക്കേണ്ടി വരും. തന്നെ ഒഴിവാക്കി തരാൻ അവൻ കെഞ്ചി അപേക്ഷിച്ചിട്ടും ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറായില്ല. ഒടുവിൽ വിധിയെ പഴിച്ചു കൊണ്ടു ഇരുട്ടു കട്ട പിടിച്ച വഴികളിലൂടെ അവൻ രാധാ കൊട്ടകയുടെ ടിക്കറ്റ് കൗണ്ടറിലേയ്ക്കു നടന്നു.

 

നാനായുടെ സെൻട്രൽ പേജിൽ കണ്ട സിൽക്ക് സ്മിതയെ വലിയ സ്‌ക്രീനിൽ ആദ്യമായി കാണാൻ പോകുകയാണ്. ശരീരമാസകലമുള്ള രോമകൂപങ്ങൾ എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ടു സമയം ഇമ്മിണി ആയിരിക്കുന്നു. ടിക്കറ്റെടുക്കാൻ പോയ എൽദോസ് ചൂളം വിളിക്കുന്നതും കാത്ത് ഞങ്ങൾ അക്ഷമരായി നിന്നു.

ഇല്ല… എൽദോസിന്റെ ചൂളം വിളി പോയിട്ടൊരു ശീൽക്കാരം പോലും കേൾക്കാനില്ല. ഒന്നു പോയി നോക്കിയാലോ…? ഞങ്ങൾ മൂന്നു പേരും ഇരുട്ടു കീറി നീലവെളിച്ചമുള്ള തിയേറ്ററിന്റെ അകത്തേയ്ക്കു കയറി. തീയേറ്ററിനുള്ളിലെ സൈക്കിൾ പാർക്കിങ്ങിനു മുന്നിൽ നിന്നും എൽദോസ് വലിയ വായിൽ കരയുന്നു. അവന്റെ വെളുത്തു തുടുത്ത കവിളുകളിൽ പപ്പട വലിപ്പത്തിൽ ഒരു കൈപ്പാട്. അവന്റെ ഏങ്ങലടികൾ ഞങ്ങളുടെ രക്തം തിളപ്പിച്ചു. “എന്തു പറ്റിയെടാ…! ആരാ നിന്നെ തല്ലിയത്… !”

പണ്ടേ ലേശം മൊണ്ണയായ ഇവനെ ടിക്കറ്റെടുക്കാൻ പറഞ്ഞു വിട്ടപ്പോഴേ വിചാരിച്ചിരുന്നതാ ഇതു പോലെ എന്തെങ്കിലും അബദ്ധം സംഭവിക്കുമെന്ന്… “ദേ… ഈ കൊച്ചനെ തല്ലിയ ആളാ ദോണ്ടേ അവിടെ സിഗരറ്റും വലിച്ചു നിൽക്കുന്നേ…!” ആജാനബാഹുവായൊരു മനുഷ്യൻ യാതൊരു കൂസലുമില്ലാതെ നിന്നു സിഗരറ്റു വലിക്കുന്നു. തിയേറ്ററിന്റെ സെക്കൂരിറ്റി കിളവൻ അയാളെ നോക്കി വിരൽ ചൂണ്ടി .

“ആഹാ… അത്രയ്ക്കായോ ഞങ്ങളിൽ ഒന്നിനെ തല്ലിയിട്ടു ചുമ്മാ അങ്ങു പോയാലോ…” കൂട്ടത്തിൽ കരാട്ടെയും കുങ്ങ്ഫുവും അറിയാവുന്ന, ജിമ്മിൽ പോകുന്ന ജഗൻ അയാളുടെ അടുത്തേയ്ക്കു പാഞ്ഞു. സംഗതി പന്തിയല്ലെന്നു കണ്ട് അയാൾ ജീവനും കൊണ്ടു ഓടാൻ തുടങ്ങി. പേടിച്ചോടുന്ന ഒരാളുടെ പിന്നാലെ ഓടാൻ നല്ല രസാണ്. പിന്നാലെ ജഗനൊപ്പം ഞങ്ങളും ഓടി. ഒരു വളവു തിരിയുന്നിടത്തു വെച്ചു ജഗൻ അയാളെ വട്ടം പിടിച്ചു.
ഇടി…! പൊരിഞ്ഞ ഇടി… !!

ഞങ്ങളുടെ കന്നി തെരുവു തല്ലാണ്. ഒന്ന് പ്രതികരിക്കുക പോലും ചെയ്യാതെ അയാൾ അടിയെല്ലാം ഏറ്റു വാങ്ങുന്നത് കണ്ടപ്പോൾ ഞങ്ങളുടെ ആവേശം ഇരട്ടിച്ചു. ഞങ്ങൾ മൂന്നു പേരും കൂടി വളഞ്ഞിട്ടയാളെ പൊതിരെ തല്ലി. അയാളുടെ വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റുന്നു. ജഗൻ കരാട്ടെയും കുങ്ഫുവും ജിമ്മും ഒക്കെ അയാളുടെ നെഞ്ചിൽ തുടരെ തുടരെ പരീക്ഷിക്കുന്നു. ഇടി സഹിക്കവയ്യാതെ അയാളെഴുന്നേറ്റ് ഇരുളിലേയ്ക്ക് ഓടി. അയാളെ പഞ്ഞിക്കിട്ട സന്തോഷത്തിൽ ഞങ്ങൾ എൽദോസിന്റെ അടുത്തേയ്ക്കു ചെന്നു.

“എൽദോസേ നീ പേടിക്കേണ്ടടാ… ഞങ്ങളായാളെ ശരിക്കും പഞ്ഞിക്കിട്ടു…!” ആപത്തിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതൻ..! എല്ലാം കേട്ടു കഴിഞ്ഞതും എൽദോസിന്റെ കരച്ചിൽ ഉച്ചത്തിലായി. കരണം പുകഞ്ഞ അടി കിട്ടിയതിന്റെ വേദനയിലല്ല അവനിപ്പോൾ കരയുന്നതെന്നു ഞങ്ങൾക്കു തോന്നി. വിമ്മിക്കരഞ്ഞുകൊണ്ടവൻ ഞങ്ങളോടാ സത്യം പറഞ്ഞു:
“എടാ എന്നെ തല്ലിയത് കൈതവനേലുള്ള എന്റെ അമ്മാവനാരുന്നെടാ…”

ജഗൻ ഇടി വെട്ടേറ്റവനെപ്പോലെ താഴേയ്ക്കിരുന്നു. ഒരു ലിറ്റർ രക്തത്തിൽ കുളിച്ചു മുൻപേ ഓടിപ്പോയത് എൽദോസിന്റെ ഒറ്റമൂടു അമ്മാവനായിരുന്നു. അനന്തിരവനെ അസമയത്തു അശ്‌ളീല ചിത്രം കാണുന്ന തീയേറ്ററിൽ കണ്ട അമ്മാവന്റെ പ്രചണ്ഡ പ്രതികരണമായിരുന്നു എൽദോസിനു കിട്ടിയ അടി. പിന്നെ ഞങ്ങൾ ആ സിനിമ കാണാൻ നിന്നില്ല. എൽദോസിന്റെ അമ്മാവൻ തലേന്നു നടന്നതൊന്നും ആരോടും പറഞ്ഞതുമില്ല. എൽദോസ് സെമിനാരിയിൽ ചേർന്നില്ല.

ജീവിതം ഞങ്ങളെ നാലുപാടേയ്ക്കും ചിതറിത്തെറിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിൽ എനിക്കു ജഗന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ വന്നു: “അളിയാ എന്റെ കല്യാണമാ.. നീ വരണം. പെണ്ണ് നിയറിയും. നമ്മുടെ എൽദോസിൻ്റെ കസിനാ…!””ഏതു കസിൻ…?” “അവന്റെ ഒറ്റമൂട് അമ്മാവന്റെ മകൾ. അന്നു നമ്മൾ രാധ തിയേറ്ററിനു മുന്നിലിട്ടു തല്ലിയില്ലേ ഒരു പുള്ളിയേ… അങ്ങേരുടെ മകൾ സ്മിത…!”

കല്യാണത്തിനു വരാമെന്നുറപ്പു കൊടുത്തു ഫോൺ വെയ്ക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു. ചില പകകൾ ഇങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും അതു വീടപ്പെടും. എങ്കിലും എന്റെ അമ്മാവാ ഇങ്ങനെയൊരു പക പോക്കൽ… ജഗൻ പി. ചാക്കോ എന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തേ നിന്നെ ദൈവം രക്ഷിക്കട്ടെടാ …

പംക്തി
അജീഷ് മാത്യു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker