
ചെറുതോണി: കാമുകിയെ പാറക്കെട്ടില്‍ നിന്ന് തളളിയിട്ട് യുവാവ് തൂങ്ങിമരിച്ചു. കോട്ടയം മേലുകാവ് ഇല്ലിക്കല്‍(മുരിക്കന്തോടത്തില്) റോയിയുടെ മകന് അലക്സ് (23) ആണ് മരിച്ചത്. കാമുകിയായ പെണ്‍കുട്ടിയെ പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രണയത്തിലായിരുന്ന അലക്സും പെണ്‍കുട്ടിയും നാടുകാണിയില്‍ പവിലിയനുസമീപം പാറക്കെട്ടില്‍ ഇരുന്ന് സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടാവുകയും അലക്സ് പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിടുകയുമായിരുരന്നു. തുടര്‍ന്ന് പരിഭ്രാന്തനായ യുവാവ് പാറക്കെട്ടിലൂടെ ഇറങ്ങി ചെന്നപ്പോള്‍ പെണ്‍കുട്ടി ബോധരഹിതയായി കിടക്കുന്നത് കണ്ട് മരിച്ചെന്ന് കരുതി സമീപത്തെ മരത്തില്‍ സ്വന്തം പാന്റ്സില്‍ തൂങ്ങി മരിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴിയെടുത്തതായും ആരുടെയും വീട്ടുകാരില്‍നിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും തൊടുപുഴ ഡിവൈ.എസ്.പി പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാഞ്ഞാര്‍ പൊലീസിലും യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസിലും വ്യാഴാഴ്ച പരാതി ലഭിച്ചിരുന്നു. ഇതിനിടെ, നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ട വിവരം പവിലിയന് സമീപത്തെ റിസോര്ട്ടുകാര് പോലീസിന് വിവരം നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പവിലിയന് സമീപത്ത് നിന്ന് പരിക്കുകളോടെ പെണ്‍കുട്ടിയേയും തൂങ്ങിമരിച്ച നിലയില്‍ യുവാവിനേയും കണ്ടെത്തിയത്. അലക്സിന്റെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.